logo
add image
ഇന്ത്യ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു

ഇന്ത്യ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു

ഭുവനേശ്വർ • നാലാം ക്വാർട്ടറിലെ നാലു ഗോളുകളിൽ കാനഡയുടെ കഥ കഴിച്ച ഇന്ത്യ ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ കടന്നു. കലിംഗ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നിൽ 5-1നാണ് ഇന്ത്യയുടെ ജയം.

ജയത്തോടെ ഗോൾ ശരാശരിയിൽ ബൽജിയത്തിനു മുന്നിലെത്തിയ ഇന്ത്യ പുൾ സിയിൽ ഒന്നാമതായാണു മുന്നേറിയത്. 13നാണ് ഇന്ത്യയുടെ ക്വാർട്ടർ മൽസരം. ബൽജിയവും കാനഡയും ക്വാർട്ടർ ഫൈനൽ ബെർത്തിനായി കാസ് ഓവറിൽ ഏറ്റുമുട്ടും. ബൽജിയം നേരത്തെ ദക്ഷിണാഫ്രിക്കയെ 5-1നു തോൽപിച്ചിരുന്നു. ഹർമൻപ്രീത് സിങ്(12'), ചിംഗൈൻസെന സിങ്(46), ലളിത് ഉപാധ്യായ് (47',57'), അമിത് രോഹിദാസ്(51') എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ഫ്ലോറിസ് വാൻ സൺ (39') കാനഡയുടെ ആശ്വാസഗോൾ നേടി.

ആക്രമണവും പ്രതിരോധവും തമ്മിലുള്ളതാകുമെന്നു വിലയിരുത്തപ്പെട്ട ഇന്ത്യ-കാനഡ മൽസരം അക്ഷരാർഥത്തിൽ അങ്ങനെയുള്ളതായി.

തുടക്കത്തിൽ രണ്ടു മൂന്ന് അവസരങ്ങൾ തുലച്ച ശേഷമാണ് ഇന്ത്യ പെനൽറ്റി കോർണറിലുടെ ആദ്യഗോൾ നേടിയത്. പിന്നീടുള്ള രണ്ടു ക്വാർട്ടറുകളിൽ ഇന്ത്യയെ ചെറുത്തു നിന്ന കാനഡ സമനില ഗോളും നേടിയതോടെ നേരിട്ടുള്ള ക്വാർട്ടർ ഫൈനൽ മോഹം ഇന്ത്യയിൽ നിന്നകന്നു തുടങ്ങി. എന്നാൽ അവസാന ക്വാർട്ടറിൽ ഇരച്ചു കയറിയ ഇന്ത്യ കളിയും ബെർത്തും കൈപ്പിടിയിലാക്കി.

RELATED STORIES

Top