logo
add image
വരൂ, നമുക്ക് ആലയങ്ങള്‍ തുറക്കാം

വരൂ, നമുക്ക് ആലയങ്ങള്‍ തുറക്കാം

ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് വലിയൊരു ആശയക്കുഴപ്പം തന്നെയാണ് നിലനിന്നിരുന്നത്. അതിനിടയില്‍ ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കാം എന്ന നിര്‍ദ്ദേശം വന്നത്. കുറച്ചുനാള്‍ മുമ്പ് ആരാധനാലയങ്ങള്‍ തുറക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. മറ്റു സഭകളിലൊക്കെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആരാധനകള്‍ നടത്താന്‍ ഒരുപക്ഷേ കഴിഞ്ഞേക്കാം. എന്നാല്‍ പെന്തക്കോസ്ത് സഭകളെ സംബന്ധിച്ചിടത്തോളം ഉപാധികളില്‍ പലതും പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്നതല്ല. 
  നമ്മുടെ സഭായോഗങ്ങളില്‍ ഒഴിച്ചു കൂടാനാവാത്തതാണ് പാട്ടുകള്‍. എല്ലാ ആഴ്ചകളിലും ഒരേ രീതിയില്‍ അല്ലാത്തതിനാലും ഒരുമിച്ചു പാടുന്നത് സഭായോഗത്തിന്റെ പ്രധാനപ്പെട്ട ഒരു ഘടകമായതിനാലും റെക്കോര്‍ഡ് ചെയ്തു വെച്ച് കേള്‍പ്പിക്കുന്നത് പ്രായോഗികമല്ല. മാത്രമല്ല, മാസ്‌ക് വെച്ച് ദൈവദാസന്മാര്‍ക്ക് പ്രസംഗിക്കുന്നതിനും മറ്റും ബുദ്ധിമുട്ടുകള്‍ ഉണ്ട്. വിശുദ്ധഗ്രന്ഥം തൊടാന്‍ പാടില്ലായെന്ന നിര്‍ദ്ദേശം നമുക്ക് പ്രശ്‌നമല്ലെന്നു വയ്ക്കാം. കാരണം നമുക്ക് സ്വന്തമായി വിശുദ്ധഗ്രന്ഥം ഉണ്ടല്ലോ. എന്നാല്‍ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന സഭകളില്‍ സാമൂഹിക അകലം പാലിക്കുക പ്രായോഗികമല്ല. 
  നമ്മുടെ സഭായോഗങ്ങളുടെ പ്രധാന ഉദ്ദേശം തന്നെ കൂട്ടായ്മയും മറ്റു വിശ്വാസികളെ കാണുന്നതും അവരുമായി സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടുന്നതും അപ്പം നുറുക്കുന്നതുമൊക്കെയാണ്. അതൊന്നുമില്ലാതെ കൂടിവന്നിട്ടു വലിയ കാര്യമൊന്നുമില്ല. ഇനിയിപ്പോള്‍ നിയമങ്ങളെല്ലാം പാലിച്ച്  സഭായോഗം നടത്താമെന്നു വെച്ചാല്‍ അബദ്ധത്തിലെങ്ങാനും നമ്മുടെ കൂട്ടത്തിലൊരാള്‍ക്ക് രോഗം വന്നാല്‍ അത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുമെന്ന് ഉറപ്പാണ്. നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഒരു വിവാഹം നടത്തിയിട്ടും നിയമം ലംഘിച്ചതിന് പാസ്റ്റര്‍ അറസ്റ്റിലായെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങളൊക്കെ പിന്നെ അടങ്ങിയിരിക്കുമോ? ഇത്തരം സാഹചര്യങ്ങളൊക്കെത്തന്നെ പരിഗണിച്ച് പെന്തെക്കോസ്ത് സഭകള്‍ തുറക്കേണ്ട എന്ന് നേതൃത്വമെടുത്ത തീരുമാനം ഉചിതമായതും ശ്ലാഘനീയവുമാണെന്നതില്‍ തര്‍ക്കമില്ല.  
   ഈ സമയത്താണ് നാം ചിന്തിച്ചുണരേണ്ടത്. സഭായോഗങ്ങള്‍ അലക്ഷ്യമായി വിചാരിക്കുകയും മക്കളെ ഞായറാഴ്ചയും കോച്ചിംഗിനും മറ്റുമായി പറഞ്ഞുവിടുകയും ചെയ്തവരുമൊക്കെ ഇപ്പോള്‍ ഒരുപക്ഷേ ഒരു കൂട്ടായ്മയ്ക്ക് ആഗ്രഹിക്കുന്നുണ്ടാകും. ഇന്നും വിശ്വാസികളില്‍ പലരും ധരിച്ചു വെച്ചിരിക്കുന്നത് ആരാധനയെന്നാല്‍ ഞായറാഴ്ച ഉള്ളതു മാത്രമാണെന്നാണ്. എന്നാല്‍ കര്‍ത്താവു നമ്മളെ പഠിപ്പിച്ചത് നമ്മുടെ ജീവിതമാണ് ആരാധന എന്നതാണ്. 
   1 കൊരിന്ത്യര്‍ 6ാം അധ്യായത്തില്‍ നാം കാണുന്നത് ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ. ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ എന്നാണ്. അതെ, നമ്മളോരോരുത്തരും ദൈവത്തിന്റെ കൈപ്പണിയായതിനാല്‍ ദൈവത്തിന്റെ ആലയമാണ്. കൈപ്പണിയായ കെട്ടിടങ്ങളില്‍ ദൈവം വസിക്കുന്നില്ലെന്നും നമ്മുടെ ഹൃദയങ്ങളാണ് ദൈവത്തിന്റെ വാസസ്ഥലമെന്നും നാം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. 
   നമ്മുടെ സഭാഹോളുകള്‍ അടഞ്ഞുകിടക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ ആലയമായ നമ്മുടെ ഹൃദയം തുറന്നു തന്നെ കിടക്കണം. അവിടെ കര്‍ത്താവ് വാതില്‍ക്കല്‍ നിന്നു മുട്ടുവാന്‍ ഇടയാക്കാതെ അവന് എപ്പോഴും വസിക്കുവാനുള്ള ഇടമാക്കി നമ്മുടെ ഹൃദയങ്ങള്‍ രൂപാന്തരപ്പെടണം. ദൈവവചനം വായിക്കുവാനും ദൈവശബ്ദം കേള്‍ക്കുവാനും നമ്മുടെ വീട്ടില്‍ ഇപ്പോള്‍ നമുക്ക് സാധ്യമാണ്. കര്‍ത്താവിന്റെ വരവ് വാതില്‍ക്കലായി എന്നത് അനിഷേധ്യമായ സത്യമാണ്. സഭായോഗങ്ങളും കൂട്ടായ്മകളും ഇല്ലാ എന്നത് ദൈവത്തില്‍ നിന്ന് അകന്നു പോകുന്നതിനുള്ള അവസരമായി കാണാതെ ദൈവത്തോട് അടുക്കുവാനും ജീവിതം ദൈവകരങ്ങളില്‍ യാഗമായി സമര്‍പ്പിക്കാനും ഉള്ള സമയമായി നമുക്ക് ഉപയോഗിക്കാം.  


 

RELATED STORIES

Top