logo
add image
സൈബര്‍ ശുശ്രൂഷകരുടെ ശ്രദ്ധയ്ക്ക്

സൈബര്‍ ശുശ്രൂഷകരുടെ ശ്രദ്ധയ്ക്ക്

കൊറോണ വൈറസ് ആളൊരു ഭീമാകരന്‍ അല്ലെങ്കിലും ഒരു ഭീകരന്‍ തന്നെയാണ്. മുഴു ലോകത്തെയും വീട്ടിലിരുത്തുവാന്‍ ഈ ഇത്തിരിക്കുഞ്ഞനു സാധിച്ചു. ബിസിനസ്, രാഷ്ട്രീയം, സിനിമ, വിദ്യാഭ്യാസം, മതം തുടങ്ങി എല്ലാ മേഖലയും സ്തംഭിച്ച വേറൊരു സന്ദര്‍ഭവും ലോകചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ലോകം ലോക്ഡൗണിലായിട്ടും ലോകത്തെ മുഴുവനും ഏകോപിപ്പിച്ചു ദ്രുതഗതിയില്‍ സജ്ജീകരിക്കാന്‍ സഹായകമായത് ഇന്റര്‍നെറ്റാണ്. ബിസിനസും വിദ്യാഭ്യാസവുമെന്നതുപോലെ ക്രൈസ്തവ ശുശ്രൂഷകളും ഇപ്പോള്‍ ഓണ്‍ലൈനിലായിരിക്കുകയാണ്. 
    പാരമ്പര്യങ്ങളും പരിചയങ്ങളും മാറിത്തുടങ്ങി. ക്രൈസ്തവ ശുശ്രൂഷകള്‍ പുതിയ അന്തരീക്ഷത്തിലേക്ക് മാറുമ്പോള്‍ ശുശ്രൂഷകര്‍ നേരിടുന്ന വെല്ലുവിളികളും ഏറെയാണ്. ഇന്ന് ഏതൊരു വ്യക്തിയെയും എന്ന പോലെ ദൈവമക്കളും സ്വന്തകുടുംബത്തില്‍ ചെലവഴിക്കുന്നതിനേക്കാള്‍ സൈബര്‍ ലോകത്തിലാണ് ചെലവഴിക്കുന്നത്. ലോക്ക് ഡൗണ്‍ കൂടിയായപ്പോള്‍ പാട്ടും പ്രാര്‍ത്ഥനയും ക്ലാസും പ്രസംഗവും എല്ലാം ഓണ്‍ലൈനിലായി. മൊബൈലും ഡാറ്റയും നമ്മുടേതായതുകൊണ്ട് എന്തും ചെയ്‌തേക്കാം എന്ന് കരുതരുത്. നമ്മെ നേരിട്ട് ആരും കാണുന്നില്ലെങ്കില്‍ പോലും നമ്മുടെ വ്യക്തിത്വം വളരെ വ്യക്തമായി പ്രകടമാകുന്ന ഒരിടമാണ് ഇന്റര്‍നെറ്റ്. 
   ശാസ്ത്രത്തിന്റെ പുരോഗമനം ലോകത്തെ തന്നെ ഒരു ചെറിയ ഗ്രാമമാക്കി കഴിഞ്ഞുവെന്നു മാത്രമല്ല, ചന്ദ്രനെ വരെ താഴെയിറക്കി (ചന്ദ്രനെ കീഴടക്കിയെന്നര്‍ത്ഥം). ഒരു സ്മാര്‍ട്ട്‌ഫോണും ഡാറ്റ ഓഫറും ഉണ്ടെങ്കില്‍ ലോകത്തില്‍ ആരോടും ഏതുസമയത്തും മുഖാമുഖം കണ്ട് സംസാരിക്കുവാനും ലോക സംഭവങ്ങള്‍ അറിയുവാനും വിലയിരുത്തുവാനും പ്രതികരിക്കുവാനും കഴിയും. സാങ്കേതിക സംവിധാനങ്ങള്‍ ഇന്ന് നമുക്ക് ഒരുക്കി തരുന്ന ഈ സൗകര്യങ്ങളുടെ ഗുണദോഷങ്ങള്‍ മനസ്സിലാക്കി വേണം നാം സൈബര്‍ ലോകത്തിലേക്ക് നാം പ്രവേശിക്കാന്‍. നല്ലതു ചെയ്താലും വിമര്‍ശിക്കപ്പെടുന്ന കാലമാണിത്. അപ്പോള്‍ പിന്നെ തെറ്റുവല്ലതും വന്നു പോയാലോ? ആ തെറ്റ് ഒരു ദൈവപൈതലിനാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വിമര്‍ശന ശരങ്ങള്‍ പറിച്ചു മാറ്റാനേ നേരം കാണുകയുള്ളു. 
   എല്ലാവര്‍ക്കും ഒരു അടിസ്ഥാന സാങ്കേതിക ജ്ഞാനം ഉണ്ട് എന്നത് സത്യമാണ്. എന്നാല്‍ എല്ലാവര്‍ക്കും സാങ്കേതിക ധര്‍മ്മബോധം (സൈബര്‍ എത്തിക്‌സ്) ഇല്ല. അതുകൊണ്ട് ദൈവമക്കള്‍ എന്ന നിലയില്‍ വളരെ പ്രാര്‍ത്ഥിച്ചും സൂക്ഷിച്ചു മാത്രമേ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു. എന്നാല്‍  മിക്കപ്പോഴും ദൈവമക്കളും ഇതുപോലെ സൈബര്‍ മാനേഴ്‌സ് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. കിട്ടുന്ന പോസ്റ്റുകളെല്ലാം അതിന്റെ നിജസ്ഥിതി മനസ്സിലാക്കാതെ ഷെയര്‍ ചെയ്യുക, അനാവശ്യമായി അഭിപ്രായം രേഖപ്പെടുത്തുക ഇവയൊന്നും ദൈവമക്കള്‍ക്ക് ചേര്‍ന്നതല്ല. ഏതെങ്കിലും ഒരു പോസ്റ്റ് ലഭിച്ചാല്‍ അത് വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണോ എന്നന്വേഷിക്കാനുള്ള ക്ഷമ പോലും പലരും കാണിക്കാറില്ല. 
    പ്രസംഗകര്‍, സഭാ ശുശ്രൂഷകര്‍ എന്നിവര്‍ അവരുടെ ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ഏറ്റവും ശ്രദ്ധ ചെലുത്തേണ്ടതാണ്. അതിര്‍ത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ ശ്രദ്ധയോടും കൂര്‍മ്മതയോടും കൂടെ വേണം സൈബര്‍ ലോകത്തില്‍ ശുശ്രൂഷ ചെയ്യുവാന്‍. വിമര്‍ശകര്‍ക്ക് വടി കൊടുക്കാതിരിക്കുകയാണ്  വേണ്ടത്. സൈബര്‍ യുഗം വരുന്നതിനു മുമ്പ് പ്രത്യേകം ക്രമീകരിച്ച വേദിയിലും ക്ഷണിക്കപ്പെട്ട ശ്രോതാക്കളും മാത്രമേ ഉണ്ടാകുമായിരുന്നുള്ളു. എന്നാല്‍ അടുക്കള പോലും അരങ്ങാകുന്ന ഈ സൈബര്‍ യുഗത്തില്‍ ക്ഷണിക്കപ്പെടാത്ത ശ്രോതാക്കളും ഉണ്ടെന്ന് നാം തിരിച്ചറിയണം. പ്രസംഗത്തിലെ ഉള്ളടക്കത്തിന്റെ ആധികാരികത, ഭാഷാ ശൈലി, അംഗവിക്ഷേപങ്ങള്‍ ഇവയൊക്കെ വിമര്‍ശന വിധേയമാകാറുണ്ട്. ചരിത്രപരമായും ശാസ്ത്രീയമായും വിലയിരുത്തേണ്ട വിഷയങ്ങള്‍ ആധികാരികമായി പഠിക്കാതെ പ്രസംഗിക്കുന്നത് നമ്മുടെ ശ്രോതാക്കളെ തെറ്റിധരിപ്പിക്കാനിടയാകും. മാത്രമല്ല, നമ്മെ തന്നെ വഞ്ചിക്കുകയാണ് ഇതുകൊണ്ട് ചെയ്യുന്നത്. വിവാദ പ്രസ്താവനകള്‍, വ്യക്തിഹത്യ, മതനിന്ദ തുടങ്ങിയവയൊന്നും നമ്മുടെ ശുശ്രൂഷകളില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. സ്വര്‍ഗ്ഗീയ ആധിപത്യത്തിന് കീഴടങ്ങിയിരിക്കുന്നതു പോലെ തന്നെ ദേശീയ ആധിപത്യത്തിനു കീഴടങ്ങിയിരിക്കുന്നത് ഒരു നല്ല ശുശ്രൂഷകന്റെ സ്വഭാവമാണ്. 
    രോഗശാന്തി ശുശ്രൂഷയും പ്രവാചകന്മാരുമാണ് വിമര്‍ശകരുടെ പ്രധാന ഇരകള്‍. രോഗസൗഖ്യവും പ്രവചനവും ദൈവത്തില്‍ നിന്ന് വരുന്നതാണ്. ദൈവം നല്‍കാതെ രോഗസൗഖ്യം പ്രഖ്യാപിക്കുന്നതു കൊണ്ടാണ് അവിടെ യഥാര്‍ത്ഥത്തില്‍ സൗഖ്യം നടക്കാത്തത്. രോഗശാന്തി വരം ഇല്ലെങ്കിലും സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തന്നിലുള്ള രോഗശാന്തി ശുശ്രൂഷ പ്രസിദ്ധപ്പെടുത്താനായി മീറ്റിംഗുകള്‍ സംഘടിപ്പിക്കുന്നതിലാണ് പാളിച്ചകള്‍ സംഭവിക്കുന്നത്. എവിടെ ആത്മാര്‍ത്ഥതയും സത്യസന്ധതയും കുറയുന്നുവോ അവിടെ ദൈവം പ്രവര്ത്തിക്കുകയില്ല. മറിച്ച് ദൈവം പ്രവര്‍ത്തിച്ചു എന്നു വിശ്വസിപ്പിക്കുവാനേ കഴിയുകയുള്ളു. 
     നമ്മുടെ ശുശ്രൂഷകള്‍ നിസ്വാര്‍ത്ഥമായിത്തീരട്ടെ. ഒരു കാര്യം ഓര്‍ക്കുക, കാണുന്ന കണ്ണും കേള്‍ക്കുന്ന കാതുമുള്ള അനേകര്‍ നമുക്കു ചുറ്റും വേറെയുമുണ്ട്. യേശു ആളുകളെ കൂട്ടിവരുത്തി രോഗസൗഖ്യം നല്‍കുകയല്ല ചെയ്തത് മറിച്ച് യേശു രോഗസൗഖ്യം നല്‍കുന്നിടത്ത് ആളുകള്‍ കൂടുകയാണ് ഉണ്ടായത്. നമ്മുടെ സമൂഹത്തിലും വിവിധ തരത്തിലുള്ള രോഗങ്ങളുള്ളവരുണ്ട്. രോഗശാന്തി ശുശ്രൂഷ അവര്‍ക്ക് ആവശ്യമാണ്. ശുശ്രൂഷകള്‍ നടക്കട്ടെ, രോഗികള്‍ സൗഖ്യമാകട്ടെ. പക്ഷേ ഇത് മാര്‍ക്കറ്റ് ചെയ്യാനായി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് നാം അപഹാസ്യരാകുന്നത്. 
     കോവിഡ് പശ്ചാത്തലത്തില്‍ സൈബര്‍ ലോകത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ ശ്രദ്ധേയമാണ്. എന്തുകൊണ്ട് രോഗശാന്തിക്കാര്‍ കോവിഡിനെ സൗഖ്യമാക്കുന്നില്ല? മറ്റു പല രോഗങ്ങളും ചികില്‍സിച്ച് ഭേദമാക്കുന്ന പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കണ്ടിട്ടുള്ള അവരുടെ ചോദ്യം ന്യായമാണ്. കാരണം ദൈവത്തെ അറിയാത്ത അവരില്‍ നിന്നും ഇങ്ങനെയുള്ള ചോദ്യങ്ങളേ പ്രതീക്ഷിക്കാനാവൂ. എന്നാല്‍ അവരുടെ ചോദ്യത്തിന് മറുപടി പറയേണ്ട കടമയും ഈ ശുശ്രൂഷകര്‍ക്കുണ്ട്. ഇക്കൂട്ടര്‍ ചെയ്യുന്ന തെറ്റെന്താണെന്നു ചോദിച്ചാല്‍ തങ്ങള്‍ രോഗങ്ങള്‍ സൗഖ്യമാക്കാന്‍ വരം ലഭിച്ചതാണെന്ന് എല്ലാ സാധ്യതകളും ഉപയോഗിച്ച്  പരസ്യപ്പെടുത്തുന്നു എന്നതാണ്. ശുശ്രൂഷകരല്ല, ദൈവമാണ് സൗഖ്യമാക്കുന്നത് എന്ന സത്യത്തിലേക്ക് കേള്‍വിക്കാരനെ നയിക്കുക. അതാണ് ഒരു ശുശ്രൂഷകന്റെ ദൗത്യം
     പ്രവാചകന്മാരുടെ കാര്യവും വിഭിന്നമല്ല. വ്യക്തികളോടുള്ള ദൈവത്തിന്റെ ആലോചന, രാജ്യത്തോടുള്ള ആലോചന, പ്രകൃതിദുരന്തങ്ങള്‍ ഇവയൊക്കെയും വിളിച്ചു പറയുന്ന പ്രിയരേ, നിങ്ങളോട് ദൈവം വ്യക്തമായി സംസാരിച്ചെങ്കില്‍ മാത്രം വിളിച്ചു പറയുക. അല്ലെങ്കില്‍ നിങ്ങളും അപഹാസ്യരാകും. 2020 പിറവിയില്‍ ഈ വര്‍ഷത്തില്‍ ദൈവം ഓരോരുത്തരുടെയും ജീവിതത്തില്‍ ചെയ്യാനിരിക്കുന്ന നന്മകള്‍ എന്നു ടിവി പ്രോഗ്രാമുകളിലും മറ്റും വിളിച്ചുപറഞ്ഞ ശുശ്രൂഷകരെ സൈബര്‍ലോകം വിമര്‍ശിച്ച വിധം എങ്ങനെയാണ് നമ്മള്‍ എല്ലാവരും കണ്ടതാണ്. ശുശ്രൂഷകര്‍ പറയുന്ന വാക്കുകള്‍ രാഷ്ട്രീയക്കാരുടെ പ്രകടന പത്രിക പോലെയാകരുത്. ദൈവം അരുളിച്ചെയ്യുന്ന വചനങ്ങള്‍ തന്നെയായിരിക്കണം. എങ്കിലേ ആ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയുള്ളു. 
     ക്രൈസ്തവ ശുശ്രൂഷകള്‍ സമൂഹമാധ്യമങ്ങളിലേക്കു മാറുന്നത് നല്ലതുതന്നെ. സാങ്കേതികതയുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി സുവിശേഷം ലോകമെങ്ങും പരക്കട്ടെ. നാം നമുക്കു വേണ്ടി ശുശ്രൂഷ ചെയ്യാതെ ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുക. അതിനു വേണ്ടിയാണ് നമുക്ക് കൃപാവരങ്ങള്‍ തന്നിരിക്കുന്നത്. ക്രിസ്തുവിന്റെ ഭാവം കൈവിടാതെ യഥാര്‍ത്ഥമായിത്തന്നെ ക്രിസ്തുവിനെ വരച്ചു കാണിക്കുവാന്‍ ദൈവം നമുക്കോരോരുത്തര്‍ക്കും കൃപ നല്‍കട്ടെ. 
                                         
 

RELATED STORIES

Top