logo
add image
നിരാശയോ പ്രത്യാശയോ

നിരാശയോ പ്രത്യാശയോ

വിവിധ സാഹചര്യങ്ങള്‍ നിമിത്തം ജീവിത സംഘര്‍ഷങ്ങളില്‍ ആയി പോകുന്ന ഭൂരിഭാഗമാളുകളില്‍ ഒരു പ്രതിനിധിയായി മാറുകയാണ് നമ്മില്‍ പലരും. സ്വയം പരിഹരിക്കുവാന്‍ ശ്രമിച്ചോ മാനുഷീക സഹായം തേടിയോ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ നിരാശരാകുന്ന ആളുകള്‍ ഇന്ന് ആത്മീയരുടെ ഇടയിലും കൂടി വരികയാണ്. ഇങ്ങനെയുള്ള  സാഹചര്യങ്ങളില്‍ വാക്കു കൊണ്ടും പ്രവര്‍ത്തി കൊണ്ടും ആശ്വാസമാകേണ്ടവര്‍ മാറിനില്‍ക്കുമ്പോള്‍ ഇങ്ങനെയുണ്ടാകുന്ന നിരാശകള്‍ക്ക് വേദന വര്‍ദ്ധിക്കുന്നതായി ഒരു പക്ഷേ തോന്നാം. സ്വസ്‌നേഹം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഒരു അന്ത്യകാല സമൂഹം നമുക്കു ചുറ്റും രൂപപ്പെട്ടു വരുമ്പോള്‍ അതിന്റെ മധ്യത്തില്‍ സ്വയം ഭാരങ്ങള്‍ ചുമക്കുന്ന വ്യക്തിത്വങ്ങള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയേണ്ടതായി വന്നേക്കാം. ആത്മജീവന്‍ പ്രാപിച്ച ദൈവപൈതലിനെ ഈ സാഹചര്യങ്ങളില്‍ വ്യത്യസ്തനാക്കുന്നത് അവനു ദൈവവുമായുള്ള ബന്ധവും ദൈവവചനത്തില്‍ നിന്നും ദൈവം അവന് നല്‍കുന്ന ആശ്വാസവുമൊക്കെയാണ്. സൃഷ്ടിയില്‍ വൈകാരികമായും ബുദ്ധിപരമായും കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിയ്ക്കുവാനും കഴിവുള്ള ഏക സൃഷ്ടി മനുഷ്യനാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ മനുഷ്യന്റെ സവിശേഷമായ ഈ കഴിവ് തന്നെ അവന് തിരിച്ചടിയാകുന്ന സാഹചര്യങ്ങള്‍ക്കാണ് ഇത്തരം ചിന്താഭാരങ്ങളും  നിരാശകളും വഴിവെയ്ക്കുന്നത് എന്ന് സുവിശേഷങ്ങളില്‍ യേശുകര്‍ത്താവ് നമ്മോടു പറയുന്നുണ്ട്. ആകാശത്തിലെ പറവകള്‍ക്ക് വിതയില്ല, കൊയ്ത്തില്ല, അവര്‍ ഒന്നും തന്നെ കൂട്ടിവയ്ക്കുന്നുമില്ല എന്നിട്ടും അതിനെ സ്വര്‍ഗ്ഗീയ പിതാവ് പുലര്‍ത്തുന്നു എന്നതിന്റെ തെളിവായി അവ രാവിലെ സംഗീതത്തോടെ ഉണരുകയും പകല്‍ പറന്നു പോയി അഹോവൃത്തി കഴിക്കുകയും സന്ധ്യയിങ്കല്‍ പാട്ടോടെ പോയി വിശ്രമിക്കുകയും ചെയ്യുന്നു. മനുഷ്യന്‍ ഇവിടെ അവന്റെ ജീവിത്തില്‍ ദൈവം നല്‍കുന്ന സമാധാനവും സന്തോഷവും ഒക്കെ നഷ്ടമാക്കി സമയങ്ങള്‍ പാഴാക്കുകയാണ്. ധാരാളം വസ്ത്രങ്ങള്‍ നമ്മുടെ ശേഖരത്തില്‍ ഉള്ളപ്പോള്‍ പോലും ഇനിയും മറ്റുള്ളവരുടെ മുമ്പില്‍ തങ്ങളെ എങ്ങനെ പ്രകടമാക്കും എന്ന് ഭാരപ്പെടുന്നിടത്ത്, ക്ഷണമാത്രം ആയുസ്സുള്ള താമര അധ്വാനിക്കാതെ നൂല്‍ക്കാതെ ദൈവം കൊടുക്കുന്ന സൗന്ദര്യം പ്രകടമാക്കുന്നത് കര്‍ത്താവ് നമുക്ക് കാണിച്ചു തരികയാണ്. ഇവിടെ കര്‍ത്താവു കാണിച്ചു തരുന്ന സൃഷ്ടികളില്‍ നിന്നും വളരെ മുകളില്‍ സ്ഥാനം കല്‍പ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യനോട് കര്‍ത്താവ് ചോദിക്കുന്ന ചോദ്യം എല്ലാ കാലങ്ങളിലുമെന്ന പോലെ  ഇവിടെയും പ്രസക്തമാണ്. മത്തായി 6:27 വിചാരപ്പെടുന്നതിനാല്‍ തന്റെ നീളത്തോട് ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്ക് കഴിയും?  ഇവിടെ പറഞ്ഞിരിക്കുന്ന നീളം ആയുസ്സിന്റെ ദൈര്‍ഘ്യത്തെയാണ് പരാമര്‍ശിക്കുന്നത് എന്ന് ശരിയായ ഭാഷാന്തരത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. വളരെ പ്രസക്തമായ ഈ ചോദ്യത്തിന് നിഷേധാത്മക ഉത്തരം മാത്രമേ നമുക്ക് നല്‍കുവാന്‍ സാധിക്കുകയുള്ളു. ഇതിനു വളരെ വിശദീകരണം ആവശ്യമില്ല. എന്തെന്നാല്‍ ഇന്ന് ഭൂരിഭാഗം ജീവിതശൈലീരോഗങ്ങള്‍ക്കും നേരിട്ടോ അല്ലാതെയോ ഉള്ള മാനസീകസംഘര്‍ഷങ്ങള്‍ വഴിവെയ്ക്കാറുണ്ട്. നമ്മെ കരുതുവാനും പുലര്‍ത്തുവാനുമുള്ള ദൈവത്തിന്റെ കഴിവിനെ നിഷേധിക്കാതെ കര്‍ത്താവുമായി നല്ല ബന്ധം കാക്കുവാന്‍  ശ്രമിക്കുമ്പോള്‍ ആയുസ്സിന്റെ ദൈര്‍ഘ്യത്തെ നമുക്ക് കൂട്ടുവാന്‍ കഴിയുകയില്ല എന്ന തിരിച്ചറിവു മാത്രമല്ല, നമുക്കു ലഭിച്ച ആയുസ്സിന്റെ എല്ലാ നിമിഷങ്ങളും വളരെ ക്രിയാത്മകമായി ദൈവനാമമഹത്വത്തിനായി ഉപയോഗിക്കുവാന്‍ കഴിയുമെന്നതിന് മറ്റൊരു പക്ഷമുണ്ടാവില്ല. ഈ ലോക ജീവിതത്തില്‍ വരുവാന്‍ സാധ്യതയുള്ള പ്രതികൂലങ്ങളും പ്രതിസന്ധികളും എതിര്‍പ്പുകളുമൊക്കെ നേരിടുവാന്‍ ദൈവാശ്രയത്തില്‍ നിന്നും ലഭിച്ച ധൈര്യവും ബലവും ശക്തിയും മതിയായതായിരുന്നു എന്ന് ഭക്തന്മാരുടെ ചരിത്രത്തില്‍ കൂടി ദൈവവചനം നമ്മോടു പറയുന്നുണ്ട്. അതിലൊക്കെ ഉപരിയായി നമ്മുടെ രക്ഷാകരനായ കര്‍ത്താവിനെ നാം നോക്കിയാല്‍ ഒട്ടനവധി വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടായപ്പോഴും, ഒടുവില്‍ തന്റെ ദൗത്യം ക്രൂശിലെ മരണത്തില്‍ കൂടി പൂര്‍ത്തീകരിക്കുമ്പോഴും അവസാനശത്രുവായ മരണത്തെ ജയിക്കുവാന്‍ പിതാവിന്റെ ഹിതം നിത്യതയുടെ വെളിച്ചത്തില്‍ നിറവേറ്റുക തന്നെ ചെയ്തു. ഇന്നു നാം നേരിടുന്ന ഏതു കഠിന സാഹചര്യമായാലും നിത്യതയുടെ വെളിച്ചത്തില്‍  ദൈവത്തിന് മഹത്വം വരുമാറ് അതിനെ കാണുവാന്‍ കഴിഞ്ഞാല്‍ ജീവിതം ധന്യമായിത്തീരും. ഭാരങ്ങളും നിരാശകളുമൊക്കെ വിട്ട് പ്രത്യാശയോടെ നാം ഒരുങ്ങുകയും ചിലരെ കഴിയുമെങ്കില്‍ ഒരുക്കുകയും ചെയ്യാം. 

RELATED STORIES

Top