logo
add image
രക്തസമ്മര്‍ദ്ദത്തെ അറിയാം

രക്തസമ്മര്‍ദ്ദത്തെ അറിയാം

നമ്മുടെ സംസ്ഥാനത്തെ ഓരോ വീട്ടിലും ഒരാളെങ്കിലും രക്തസമ്മര്‍ദ്ദത്തിന് അടിമയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. 75 ദശലക്ഷം മലയാളികളാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍ അനുഭവിക്കുന്നത്. ഉപ്പിന്റെ അമിതമായ ഉപയോഗം, കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍, മദ്യപാനം, ജീവിതത്തിലെ പിരിമുറുക്കങ്ങള്‍ തുടങ്ങിയവയാണ് രക്തസമ്മര്‍ദ്ദം വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു മൂലം ഹൃദയസ്തംഭനം, മസ്തിഷ്‌കാഘാതം, വൃക്ക തകരാറുകള്‍, അന്ധത  തുടങ്ങിയ രോഗങ്ങളുണ്ടായേക്കാം. 2025 ആകുമ്പോഴേക്കും രക്തസമ്മര്‍ദ്ദം 156 കോടിയോളം ആള്‍ക്കാരില്‍ പിടി മുറുക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. തങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടെന്നത് പലരും അവഗണിക്കുന്നതാണ് പ്രധാന പ്രശ്‌നമെന്നും ആരോഗ്യവിദഗ്ദര്‍ വ്യക്തമാക്കുന്നു. 
    രക്തസമ്മര്‍ദ്ദം അളക്കുന്നതിന്റെയും തിട്ടപ്പെടുത്തുന്നതിന്റെയും കാര്യത്തില്‍ അപാകതകളുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ക്ലിനിക്കിലോ മറ്റോ രേഖപ്പെടുത്തുന്ന അളവില്‍ പലപ്പോഴും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം. മാത്രമല്ല, രാത്രിയിലെയും പകലിലേയും പ്രഷര്‍ അളവുകളും വ്യത്യസ്തമാണ്. അതിനാല്‍ ദിവസത്തിന്റെ പലസമയങ്ങളില്‍ അളന്ന് രോഗം നിര്‍ണ്ണയിക്കേണ്ടത് അനിവാര്യമാണ്. രാത്രിയില്‍ പ്രഷര്‍ കുറയാത്ത വ്യക്തികള്‍ക്കും പകലിലേതിനേക്കാള്‍ കൂടുതല്‍ രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തുന്നവര്‍ക്കും രാവിലെ പ്രഷര്‍ ഉയരുന്നവര്‍ക്കും സ്‌ട്രോക്ക്, ഹൃദയാഘാതം, തുടങ്ങിയ പ്രത്യാഘാതങ്ങളുണ്ടാകാനുള്ള സാധ്യത വളരെയാണ്. പ്രഷറിന്റെ അളവ് കൃത്യമായി അളക്കുന്നതിന് സഹായകമായ ആംബുലേറ്ററി ബ്ലഡ് പ്രഷര്‍ മോണിറ്ററിംഗ് എന്ന ഉപകരണം നിലവിലുണ്ട്. 
    പ്രഷറിന്റെ പ്രത്യക്ഷ ലക്ഷണങ്ങളൊന്നും കണ്ടില്ലെങ്കിലും സാവധാനം രോഗിയില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന രോഗമാണിത്. നിസ്സാരമായ പരിശോധനയിലൂടെ പ്രഷര്‍ നിര്‍ണ്ണയിച്ച് രോഗം ഇല്ല എന്ന ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. 140/90 നു മുകളിലാണ് പ്രഷര്‍ എങ്കില്‍ മരുന്നു കഴിക്കാന്‍ മടിക്കരുത്. കൂടാതെ ഭക്ഷണക്രമീകരണത്തിലൂടെ നിയന്ത്രണവിധേയമാക്കണം. കൃത്യമായ കാലയളവില്‍ രക്തസമ്മര്‍ദ്ദം അളക്കുകയും ചെയ്യണം.

RELATED STORIES

Top