logo
add image
നമുക്ക് സഹകരിക്കാം

നമുക്ക് സഹകരിക്കാം

   ആമ ഓട്ടക്കാരനായ മുയലിനെ തോല്‍പ്പിച്ച കഥ നാം നിരന്തരം കുട്ടികളോടു പറഞ്ഞു രസിച്ചതാണ്. അത് ഇപ്പോഴും പറയുന്നു. പക്ഷേ മുയല്‍ ആമയെ പരാജയപ്പെടുത്തിയ കാര്യം പലരും അറിഞ്ഞുകാണില്ല, അറിയണം. ആമയ്ക്കും മുയലിനും സ്വന്തം കഴിവുകളും കഴിവുകേടുകളും അറിയാമെങ്കിലും അവര്‍ വിട്ടുകൊടുക്കാന്‍ തയാറായില്ല. അവര്‍ അന്യോന്യം വെല്ലു വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ അവര്‍ വീണ്ടും ഒരു മത്സരം സംഘടിപ്പിച്ചു. ഇത്തവണ പത്തു കിലോമീറ്ററായിരുന്നു ഓടേണ്ടിയിരുന്നത്. ഇത്തവണ മുയല്‍ വളരെ കരുതലോടെ മത്സരിച്ചു. വെറും പത്തു മിനിട്ടു കൊണ്ട് പത്തു കിലോമീറ്റര്‍ ഓടിയെത്തി. ആമ ആ ദൂരം താണ്ടാന്‍ ഇരുപതു മണിക്കൂറെടുത്തു. അങ്ങനെ ആദ്യ പരാജയത്തിന് മുയല്‍ പകരംവീട്ടി. 
   പക്ഷേ ആമ വിട്ടുകൊടുക്കാന്‍ തയാറായില്ല. മുയലും. ഒരു മത്സരം കൂടി അവര്‍ സംഘടിപ്പിച്ചു.പക്ഷേ ഇത്തവണ അത് വെള്ളത്തിലായിരുന്നു. മുയല്‍ വെല്ലുവിളി ഏറ്റെടുത്തു. ഇത്തവണയും ദൂരം  പത്തുകിലോമീറ്ററായിരുന്നു. പക്ഷേ ഇത്തവണ ആമ പത്തുകിലോമീറ്റര്‍ വെറും ഇരുപതു മിനിറ്റുകൊണ്ട് നീന്തിയെത്തി. പക്ഷേ മുയല്‍ ഇരുപത് മണിക്കൂര്‍ കൊണ്ടാണ് നീന്തിയെത്തിയത്. അങ്ങനെ ആമ പകരം വീട്ടി.
   ഇങ്ങനെയുള്ള പകരം വീട്ടലുകള്‍ കൊണ്ടും വെല്ലുവിളികള്‍ കൊണ്ടും ചെളി വാരിയെറിയല്‍ കൊണ്ടും ഒന്നും നേടാനില്ലെന്ന സത്യത്തിലേക്ക് അവര്‍ സാവധാനം എത്തിച്ചേര്‍ന്നു. അവര്‍ക്കു കിട്ടിയ ആഴമേറിയ കാഴ്ചകള്‍ സാധ്യതയുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ അവരെ കൊണ്ടെത്തിച്ചു. 
   ഒരു ദിവസം ആമ പറഞ്ഞു. നമ്മള്‍ ഇങ്ങനെ മത്സരിച്ചാല്‍ അത് ഒരിടത്തും അവസാനിക്കില്ല. എനിക്ക്  കരയില്‍ ഓടാന്‍ ഒട്ടും പറ്റില്ല. പിന്നെ ഓടാന്‍ ശ്രമിച്ചിട്ടെന്തു കാര്യം? അപ്പോള്‍ മുയല്‍ പറഞ്ഞു. അതു ശരിയാണ് എനിക്ക് വെള്ളത്തില്‍ നീന്താനും വിഷമമാണ്. അവരുടെ ഈ പുതിയ അവബോധം പരസ്പരം സഹകരിച്ചാല്‍ പുതിയ നേട്ടങ്ങള്‍ അവര്‍ക്കുണ്ടാകും എന്ന ചിന്തയിലാണ് അവരെ എത്തിച്ചത്. വെള്ളത്തില്‍ കൂടി പോകുമ്പോള്‍ ആമ മുയലിനെ പുറത്തു കയറ്റിയിരുത്തും. മുയല്‍ മൂളിപ്പാട്ടും പാടി കാറ്റും കൊണ്ട് ആമയുടെ പുറത്തിരിക്കും. കരയില്‍ കൂടി പോകുമ്പോള്‍ ആമ മുയലിന്റെ പുറത്ത് പിടിച്ചിരിക്കും. അങ്ങനെ ഇരുപതു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ അവര്‍ക്ക് ഇരുപതു മിനിറ്റേ വേണ്ടിവന്നുള്ളു. 
   വ്യത്യസ്ത കഴിവുകളുള്ളവര്‍ പരസ്പരം മത്സരിച്ചിട്ടെന്തു കാര്യം? അവര്‍ ഒരിടത്തും എത്തിച്ചേരില്ല. അതേസമയം അവര്‍ അന്യോന്യം സഹകരിക്കുമ്പോള്‍ തുറക്കപ്പെടുന്നത് പരശ്ശതം വാതിലുകളാണ്. അതിലൂടെ അനവധി അവസരങ്ങള്‍ നമ്മെ തേടി വരും.
   ഓരോ വ്യക്തിയും അതുല്യരാണ്. ഇതാണ് ദൈവസൃഷ്ടിയുടെ അപാരത. ഓരോരുത്തരുടെയും അതുല്യതകള്‍ ഒത്തു ചേരുമ്പോഴുണ്ടാകുന്ന സാദ്ധ്യതയാണ് ശക്തിയാണ് സഹകരണത്തിന്റെ മനശാസ്ത്രം. ദൈവം മനുഷ്യനെ കുടുംബത്തില്‍ സൃഷ്ടിക്കാന്‍ കാരണമിതാണ്. അച്ഛനും അമ്മയും മക്കളും ചേരുന്ന കുടുംബം ഒരു ടീമാണ്. കുടുംബത്തില്‍ സഹകരണത്തിനു മാത്രമേ പ്രസക്തിയുള്ളു. നല്ല ടീമായി പ്രവര്‍ത്തിക്കുന്ന കുടുംബങ്ങള്‍ക്കേ ആരോഗ്യപരമായ നിലനില്‍പ്പ് സാധ്യമാകു. 
   സഹകരണത്തിന്റെ ആത്മാവാണ് താഴ്മ. ഭര്‍ത്താവിനും ഭാര്യയ്ക്കും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ ത്യജിച്ച് കുടുംബത്തിന്റെ പൊതുവായ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ താഴ്മ വേണം. കഴിവുകള്‍ അന്യോന്യം അംഗീകരിക്കണമെങ്കില്‍ താഴ്മ വേണം. അത് ക്രിയാത്മകതയിലേക്ക് നയിക്കും. സാദ്ധ്യതകള്‍ മുന്നില്‍കണ്ട് സഹകരിക്കാന്‍ തയാറാകുന്നവരുണ്ട്. അവിടെയും ത്യാഗവും താഴ്മയും ആവശ്യമുണ്ട്. അവിടെ പലരുടെയും കഴിവുകള്‍ ഒന്നു ചേരുന്നു. കുടുതല്‍ ശക്തിയിലേക്ക് അതു നയിക്കും. ചികില്‍സയുമായി സഹകരിക്കുന്ന രോഗികള്‍ പെട്ടെന്ന് സുഖമാക്കപ്പെടും. 
  മനുഷ്യരുടെ സഹകരണം ദൈവത്തിനും ആവശ്യമാണ്. കര്‍ത്താവ് ഒറ്റയ്ക്കല്ല പ്രവര്‍ത്തിച്ചത്. വ്യത്യസ്ത സ്വഭാവങ്ങളുള്ള  പന്ത്രണ്ടു ശിഷ്യന്മാരെ യോജിപ്പിച്ചാണ് കര്‍ത്താവ് തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചത്. കര്‍ത്താവിന്റെ സഹകരിക്കാനുള്ള മനോഭാവം ഒരു നേതാവിനു വേണ്ട ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണ്. സഹകരണമനോഭാവമില്ലാത്ത ഒരു നേതാവിന് നിലനില്‍ക്കാന്‍ കഴിയില്ല. 
   സഹകരണത്തിന്റെ തലങ്ങള്‍ വളരെ വിസ്തൃതമാണ്. ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നത് സഹകരണത്തിന്റെ മറ്റൊരു വശമാണ്. സഹകരണത്തിന്റെ നാനാമുഖങ്ങള്‍ കണ്ട വ്യക്തിയാണ് അബ്രഹാം ലിങ്കന്‍. പ്രസിഡന്റ് പദത്തിനു വേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ലിങ്കന്റെ ഏറ്റവും വലിയ ശത്രു എഡ്വിന്‍ സ്റ്റാന്റണായിരുന്നു. അയാള്‍ എല്ലാത്തരതത്തിലും ലിങ്കനെ കഠിനമായി വിമര്‍ശിച്ചു. പക്ഷേ പതിനാറാമത്തെ പ്രസിഡന്റായി ലിങ്കന്‍ തിരഞ്ഞെടുത്തത് സ്റ്റാന്റനെയായിരുന്നു. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി എതിരാളിയുമായി പോലും സഹകരിക്കാന്‍ ലിങ്കണിലെ നേതൃത്വത്തിനു കഴിഞ്ഞു. 
    നന്മ ചെയ്യുന്നവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതും സഹകരണത്തിന്റെ വശങ്ങളാണ്. നമ്മുടെ നല്ല വാക്കുകള്‍ ശാരീരികമായ സഹായത്തേക്കാള്‍ പലപ്പോഴും ശക്തമാണ്. നമ്മുടെ നിരവധി പ്രശ്‌നങ്ങളില്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിച്ച് സഹകരിക്കുന്നവരില്ലേ? ജീവിത വിജയത്തിന്റെ ആത്മാവാണ് സഹകരണം. നമുക്കും സഹകരിക്കാം.

RELATED STORIES

Top