logo
add image
വിശ്വാസമാണ് പ്രാര്‍ത്ഥനയുടെ ഊര്‍ജ്ജം 

വിശ്വാസമാണ് പ്രാര്‍ത്ഥനയുടെ ഊര്‍ജ്ജം 

   പ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മിലുള്ള സംഭാഷണമാണ്. പ്രാര്‍ത്ഥനയിലൂടെയാണ് മനുഷ്യന്‍ ദൈവീക സംസര്‍ഗ്ഗം നടത്തുന്നത്. അദൃശ്യനായ ദൈവത്തോട് മനുഷ്യന് ബന്ധം പുലര്‍ത്താന്‍ പ്രാര്‍ത്ഥനയിലൂടെ മാത്രമേ കഴിയൂ. ദൈവം ഉണ്ടെന്നുള്ള അറിവിനേക്കാളുപരി ദൈവത്തില്‍ ആശ്രയിക്കുവാനുള്ള മനോഭാവമാണ് ഒരുവനെ പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് വിശ്വാസമാണ് പ്രാര്‍ത്ഥനയുടെ മുന്നോടി. ദൈവവിശ്വാസമില്ലാത്തവര്‍ക്ക് പ്രാര്‍ത്ഥനയില്‍ ജാഗരിക്കുവാന്‍ കഴികയില്ല. ആ നിലയില്‍ വിശ്വാസത്തിന്റെ ഒരു പ്രവര്‍ത്തിയാണ് പ്രാര്‍ത്ഥന. 
 സംശയിക്കുന്നവര്‍ ഒന്നും തന്നെ പ്രാപിക്കുന്നില്ല
     നിങ്ങളില്‍ ഒരുത്തന് ജ്ഞാനം കുറവാണെങ്കില്‍ ഭത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ. അപ്പോള്‍ അവനു ലഭിക്കും. എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം. സംശയിക്കുന്നവന്‍ കാറ്റടിച്ച് അലയുന്ന കടല്‍ത്തിരയ്ക്ക് സമന്‍. ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവില്‍ നിന്ന് എന്തെങ്കിലും ലഭിക്കും എന്ന് നിരൂപിക്കരുത്.യാക്കോബ് 1:5-7) വിശ്വാസമില്ലാത്ത പ്രാര്‍ത്ഥന കൊണ്ട് മനുഷ്യന്‍ യാതൊന്നും ദൈവത്തില്‍ നിന്ന് പ്രാപിക്കുന്നില്ല. ഇക്കാലത്ത് പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം വളരെയാണ്. എന്നാല്‍ പ്രാര്‍ത്ഥിച്ച് ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നവരുടെ സംഖ്യ താരതമ്യേന തുറവാണ്. അതിനുള്ള കാരണം വിശ്വാസമില്ലായ്മയത്രേ. ദൈവപ്രവൃത്തി പ്രതീക്ഷിക്കുന്നില്ലെങ്കില്‍ ആ പ്രാര്‍ത്ഥന വിശ്വാസരഹിതമാണ്. 
പ്രതീക്ഷയോടെയുള്ള പ്രാര്‍ത്ഥന

പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഒരു പ്രതീക്ഷയുണ്ട്. അതുകൊണ്ടാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. എന്നാല്‍ തികഞ്ഞ പ്രതീക്ഷയാണ് ദൈവത്തെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നത് എന്ന സത്യം വിസ്മരിച്ചുകൂടാ. ഒരിക്കല്‍ രണ്ടു കുരുടന്മാര്‍ യേശുവിനോടു നിലവിളിച്ചു. ദാവീദ് പുത്രാ ഞങ്ങളോട് കരുണ തോന്നണമേ. അവര്‍ നിലവിളിച്ചുകൊണ്ട് യേശുവിനെ പിന്തുടര്‍ന്നു. തന്നെ പിന്തുടര്‍ന്ന ഈ കുരുടന്മാരോട് യേശു ചോദിച്ചു. ഇതു ചെയ്യുവാന്‍ എനിക്കു കഴിയും എന്ന് വിശ്വസിക്കുന്നുവോ? അതിന് അവന്‍ മറുപടി പറഞ്ഞത് ഉവ്വ് കര്‍ത്താവേ എന്നായിരുന്നു. അപ്പോള്‍ അവന്‍ അവരുടെ കണ്ണ് തൊട്ടു. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു. ഉടനെ അവരുടെ കണ്ണ് തുറന്നു. ഈ സംഭവം സ്ഥിരീകരിക്കുന്ന ഒരു സത്യമുണ്ട്. വിശ്വാസത്തിന്റെ പ്രവര്‍ത്തിയാണ് ഉറച്ച നിലവിളി. അവരുടെ തികഞ്ഞ വിശ്വാസത്തിന്റെ മുമ്പില്‍ യേശു പ്രവര്‍ത്തനനിരതനായി. അവ്യക്തമായ ഉറപ്പില്ലാത്ത പ്രതീക്ഷയല്ല, തികച്ചും നിശ്ചയദാര്‍ഡ്യമുള്ള പ്രതീക്ഷയാണ് ദൈവം പ്രാര്‍ത്ഥിക്കുന്നവരില്‍ നിന്ന് ആഗ്രഹിക്കുന്നത്. 
ദൈവത്തിന്റെ പ്രവൃത്തിയെ നിയന്ത്രിക്കുന്നത് വിശ്വാസമാണ്. 
   ദൈവത്തിന്റെ സര്‍വാധിപത്യവും അധികാരവും ദൈവത്തിന് എന്തും പ്രവര്‍ത്തിക്കാനുള്ള കഴിവിനെ വെളിപ്പെടുത്തുന്നുവെങ്കിലും കൃപായുഗത്തില്‍ ദൈവപ്രവൃത്തി വെളിവാകുന്നത് മനുഷ്യരുടെ വിശ്വാസത്തിനനുപാതമായിട്ടാണ്. നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്ന് യേശു പറഞ്ഞത് അതുകൊണ്ടാണ്. പലരോടും യേശു പറഞ്ഞു. 
  നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. ലൂക്കോ 17:19 (കുഷ്ടരോഗിയോട്)
  നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോക. ലൂക്കോ 7:50 (പാപിനിയായ സ്ത്രീയോട്)
 വിശ്വാസത്തിന് ബദലായിട്ടൊന്നുമില്ല. ദീര്‍ഘനാള്‍ കഴിക്കുന്ന പ്രാര്‍ത്ഥന, കരച്ചില്‍ എന്നിവകള്‍ വിശ്വാസത്തിന് ബദലാകണമെന്നില്ല. എന്നാല്‍ വിശ്വാസത്തോട് ഇവ ഒത്തു ചേര്‍ന്നാല്‍ ദൈവഹൃദയത്തെ  കീഴടക്കുവാന്‍ പ്രാപ്തമാണ്. വിശ്വാസം എന്നത് ദൈവത്തെ അംഗീകരിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നതാണ്. അതു മുഖാന്തിരം ദൈവം നമുക്ക് അനുകൂലമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നു. 
നിസ്സഹായതയില്‍ നിന്നുള്ള പ്രാര്‍ത്ഥന ദൈവം കേള്‍ക്കണമെന്നില്ല. 

മനുഷ്യന്റെ നിസ്സഹായത നിമിത്തം അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ നിര്‍ബന്ധിതനാകാറുണ്ട്. അങ്ങനെയുള്ള പ്രാര്‍ത്ഥനയ്ക്ക് നിശ്ചയമായും മറുപടി ലഭിക്കണമെന്നില്ല. നേരേ മറിച്ച് ദൈവത്തില്‍ വിശ്വാസമുള്ളവരായി പ്രാര്‍ത്ഥനയേക്കുറിച്ച് ദൈവം എന്തു പഠിപ്പിക്കുന്നു എന്നു മനസ്സിലാക്കി അതിന്‍ പ്രകാരം പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥന ദൈവത്തിന് പ്രസാദകരമായി തീരുന്നു. 

പ്രാര്‍ത്ഥിക്കണം എന്നത് ദൈവകല്‍പ്പനയാണ്. 

ഇവ്വണ്ണം പ്രാര്‍ത്ഥിപ്പിന്‍ (മത്താ 6:9) എന്ന് യേശു അരുളിച്ചെയ്തു. 
മടുത്തു പോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്നതിന് ദൃഷ്ടാന്തമായി യേശു ഉപമയിലൂടെ പഠിപ്പിച്ചു. 
  യാചിപ്പിന്‍, എന്നാല്‍ നിങ്ങള്‍ക്കു കിട്ടും. അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും. എന്ന് ഉറപ്പായി യേശു പഠിപ്പിച്ചു. (മത്തായി 7:7)

പ്രാര്‍ത്ഥിക്കുന്നവരുടെ യോഗ്യതകള്‍ 

പ്രാര്‍ത്ഥിക്കുന്നവരെക്കുറിച്ച് ദൈവവചനം പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കാം. 
  അതുകൊണ്ട് സഹോദരന്മാര, യേശു തന്റെ ദേഹം എന്ന തിരശ്ശീലയില്‍ കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി, തന്റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനവും ധൈര്യവും ദൈവാലത്തിന്മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളതു കൊണ്ട് നാം ദുര്‍മനസാക്ഷി നീങ്ങുമാറ് ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണ്ണ നിശ്ചയം പൂണ്ട് പരമാര്‍ത്ഥ ഹൃദയത്തോടെ അടുത്തു ചെല്ലണം. ദൈവസന്നിധിയിലേക്കുള്ള പ്രവേശനം യേശുക്രിസ്തുവിന്റെ നാമത്തിലാണ് നമുക്കു ലഭിക്കുന്നത്. മനുഷ്യരുടെ പാപപരിഹാരാര്‍ത്ഥം യേശു യാഗമായി തീര്‍ന്നതുകൊണ്ട് യേശുവിങ്കലെ വിശ്വാസത്താല്‍ പാപക്ഷമയും തന്റെ രക്തത്താലുള്ള കഴുകലും പ്രാപിച്ചവര്‍ക്ക് ദൈവസന്നിധിയില്‍ ധൈര്യത്തോടെ നില്‍ക്കാന്‍ കഴിയും. അവരുടെ പ്രാര്‍ത്ഥന വിശ്വാസത്തോടുകൂടിയതും നിശ്ചയദാര്‍ഡ്യമുള്ളതും ആയിരിക്കും.
 

RELATED STORIES

Top