logo
add image
അവഗണിക്കരുത് ശരീരത്തിലെ സോഡിയത്തെ

അവഗണിക്കരുത് ശരീരത്തിലെ സോഡിയത്തെ

ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താന്‍ സോഡിയം വഹിക്കുന്ന പങ്ക് നിസാരമല്ല. ശരീരത്തിലുള്ള ഇലക്‌ട്രോലൈറ്റുകളില്‍ പ്രധാനമാണ് സോഡിയം. മനുഷ്യശരീരത്തിലെ വൃക്കകളിലും അഡ്രീനല്‍ ഗ്രന്ഥി., ഹൈപ്പോതലാമസ് എന്നീ ശരീരഭാഗങ്ങള്‍ സോഡിയം സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുന്നതിന് നിര്‍ണായക പങ്കു വഹിക്കുന്നു. സോഡിയത്തിന്റെ കൂടുതല്‍ ഭാഗവും രക്തത്തിലും കോശങ്ങളുടെ ചുറ്റുമുള്ള പ്ലാസ്മ ദ്രവത്തിലുമാണ് കാണപ്പെടുന്നത്. 
     നമ്മുടെ ശരീരത്തിലേക്ക് നാം സ്വീകരിക്കുന്ന ഭക്ഷണം വഴിയാണ് സോഡിയം ലഭിക്കുന്നത്. എന്നാല്‍ വിയര്‍പ്പ്, മൂത്രം എന്നിവ വഴി ഇവ നഷ്ടപ്പെടുന്നു. വൃക്കകള്‍ ആവശ്യമായ സോഡിയത്തിന്റെ നില നിയന്ത്രിച്ച് ക്രമീകൃതമാക്കുന്നു. എന്നാല്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നവരുടെ വൃക്കയുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു വരുന്നതോടെ സോഡിയം ക്രമീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. ശരീരത്തിന് കൃത്യമായ അളവില്‍ വെള്ളം വേണമെന്ന ആവശ്യം തിരിച്ചറിയാനാകാതെ വരുന്നതും പ്രായമായവരില്‍ നിന്ന് സോഡിയം വേഗത്തില്‍ നഷ്ടപ്പെടാന്‍ കാരണമാകുന്നു. ഈ അവസ്ഥയ്ക്ക് ഹൈപ്പോനാട്രീമിയ എന്നാണ് പറയുന്നത്. ഇതു പെട്ടെന്നുണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. നാഡികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ കഴിവുള്ള അവസ്ഥയാണ് സോഡിയം കുറയുന്നതിലൂടെ ഉണ്ടാകുന്നത്. 
   ഹൈപ്പോനാട്രീമിയയുടെ തുടക്കത്തില്‍ ക്ഷീണവും തലവേദനയും അനുഭവപ്പെടാം. എന്നാല്‍ ഇതു പിന്നീട് സ്വഭാവത്തെ തന്നെ മാറ്റുകയും മറവിയിലേക്കു നയിക്കുകയും അപസ്മാരം ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യാം. പെട്ടെന്ന് സോഡിയം കുറയുന്നത് മസ്തിഷ്‌കത്തിന്റെ കോശങ്ങളെ ബാധിക്കാനിടയുണ്ട്. പ്രായമായവരിലോ കുഞ്ഞുങ്ങളിലോ ഇത്തരം ലക്ഷണം കാണുന്നെങ്കില്‍ കൃത്യമായി ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഭക്ഷണം ക്രമീകരിക്കുക, മരുന്നുകള്‍ മാറ്റി നല്‍കുക, ക്ലോറൈഡ് ലായനി ഡ്രിപ്പിലൂടെ നല്‍കുക തുടങ്ങിയവയാണ് ഇതിനുള്ള പ്രതിവിധി. 

സോഡിയം ശരീരത്തില്‍ അധികമാകുന്നതിനെ ഹൈപ്പര്‍നാട്രീമിയ എന്നാണ് വിളിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ ക്ഷീണം, അമിതമായ ദാഹം, ശരീരത്തിലെ ജലാംശം നഷ്ടപ്പെടല്‍, മയക്കം എന്നിങ്ങനെയാണ്. കൂടാതെ ശരീരത്തില്‍ അകാരണമായി നീരു കാണുന്നെങ്കില്‍ വൈദ്യസഹായം ഉറപ്പാക്കുക.  
   നമ്മുടെ പ്രിയപ്പെട്ടവരാരെങ്കിലും ഇത്തരത്തില്‍ ഓര്‍മ്മക്കുറവോ സ്വബോധം നഷ്ടപ്പെട്ട അവസ്ഥയോ അനുഭവിക്കുന്നെങ്കില്‍ പെട്ടെന്നു തന്നെ വൈദ്യസഹായം ഉറപ്പുവരുത്തുക .
 

RELATED STORIES

Top