logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
ദാമ്പത്യം; അതിശ്രേഷ്ഠ ബന്ധം

ദാമ്പത്യം; അതിശ്രേഷ്ഠ ബന്ധം

ഏറ്റവും ആഴമേറിയതും അനുഗ്രഹീതവുമായ ബന്ധമാണ് ദാമ്പത്യം. വളരെ പരിപാവനമായി കാത്തു സൂക്ഷിക്കേണ്ടതുമാണ്. പ്രതീക്ഷകളോടെ ആരംഭിക്കുന്ന പലരുടെയും ദാമ്പത്യം തകരുന്നത് ഈ ബന്ധത്തിന്റെ മഹത്വം അറിയാത്തതുകൊണ്ടാണ്. മാതാപിതാക്കളും മക്കളും തമ്മിലും സഹോദരങ്ങള്‍ തമ്മിലുമുള്ള ബന്ധത്തേക്കാള്‍ ശ്രേഷ്ഠവും ഉത്തമവുമാണ് ദാമ്പത്യം. മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അമ്മയ്ക്കും മകന്‍ വളര്‍ന്നു കഴിയുമ്പോള്‍ അച്ഛനും പരിമിതികളുണ്ട്. എന്നാല്‍ പരിധിയോ പരിമിതിയോ ഇല്ലാത്ത ഒരേ ഒരു ബന്ധം അത് ദാമ്പത്യമാണ്. കിടപ്പുരോഗിയായ ഒരു അച്ഛന്റെയോ അമ്മയുടെയോ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ മക്കള്‍ക്ക് കഴിഞ്ഞേക്കാം. പക്ഷേ പ്രാഥമികാവശ്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ എത്ര മക്കള്‍ക്കു കഴിയും. അതിനു ജീവിത പങ്കാളി തന്നെ വേണം.ഒരു വിധവയുടെയോ വിഭാര്യന്റെയോ ജീവിതാനുഭവത്തില്‍ നിന്നും എന്റെ ഭാര്യ/ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ എന്ന ആത്മഗതം കേള്‍ക്കാം. ഈ ദൂരവസ്ഥ ഹൃദയഭേദകമാണ്. 
     വിവാഹം കഴിയുന്നതോടെ മക്കളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ മാതാപിതാക്കളും മുതിരാറില്ല. ബൈബിളിലെ ഒരു വാക്യം ശ്രദ്ധേയമാണ്. അതുകൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞ് ഭാര്യയോട് പറ്റിച്ചേരും. അവര്‍ ഏകദേഹമായിത്തീരും. (ഉല്പത്തി 2:25). വിവാഹശേഷം മക്കളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കല്ല മറിച്ചു ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ആണ് അധികാരം ഉള്ളത്. ഭാര്യയും ഭര്‍ത്താവും അവരുടെ മാത്രം സ്വത്താണ്. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, ദാമ്പത്യത്തിന്റെ വിശുദ്ധിയെ യഥാര്‍ത്ഥമായി വ്യാഖ്യാനിക്കുന്നതില്‍ സംസ്‌കാര സമ്പന്നമായ നമ്മുടെ ഭാരതത്തിലെ പരമോന്നത നീതിപീഠത്തിനും തെറ്റുപറ്റിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരില്‍ ദാമ്പത്യം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. കുത്തഴിഞ്ഞ കുറേ ദാമ്പത്യങ്ങള്‍ ഇനിയും സൃഷ്ടിക്കാം എന്നല്ലാതെ ഇതുകൊണ്ട് ഒരു പ്രയോജനവും ഭാരതത്തിനോ ഭാരതീയര്‍ക്കോ ഉണ്ടാകുവാന്‍ പോകുന്നില്ല. 
   ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിലെ പിഴവല്ല ദാമ്പത്യജീവിതതത്തിലെ പരാജയത്തിനു കാരണം. മറിച്ചു ജീവിതപങ്കാളിയെമനസ്സിലാക്കുന്നതിലുള്ള പിഴവാണ്. ബൈബിളില്‍ വ്യത്യസ്ത സാഹചര്യത്തിലും സംസ്‌കാരതത്തിലും വളര്‍ത്തപ്പെട്ട യിസ്ഹാക്കും റിബേക്കയും വളരെ മാതൃകാപരമായ ദാമ്പത്യജീവിതം നയിച്ചവരാണ്. എന്നാല്‍ ഒരേ സാഹചര്യത്തില്‍ ഒരേ സംസ്‌കാരത്തില്‍ വളര്‍ത്തപ്പെട്ട അബ്രഹാമും സാറയും വിവാഹിതരായപ്പോള്‍ എന്തുകൊണ്ട് ഹാഗാര്‍ എന്ന ദാസി ഇടം നേടി? കാരണം യിസ്ഹാക്കും റിബേക്കയും പരസ്പരം മനസ്സിലാക്കി. എന്നാല്‍ അബ്രഹാമും സാറയും പരസ്പരം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു. ജര്‍മ്മന്‍ തത്വചിന്തകനായ ഫ്രെഡ്‌റിച്ച് നിയെറ്റ്‌ഷ്വെയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. സ്‌നേഹമില്ലായ്മയല്ല, സൗഹൃദമില്ലായ്മയാണ് അസംതൃപ്ത വിവാഹജീവിതത്തിനു കാരണം. പരസ്പരം മനസ്സിലാക്കുവാന്‍ സൗഹൃദം വളര്‍ത്തുകയാണ് വേണ്ടത്. ദമ്പതികള്‍ പരസ്പരം മനസ്സിലാക്കുമെങ്കില്‍ ഭാഷയോ സംസ്‌കാരമോ വിദ്യാഭ്യാസമോ ജാതിമത ചിന്തകളോ ഒന്നും ദാമ്പത്യജീവിതതത്തിനു മുകളിലാവുകയില്ല. ഇവയൊന്നിനാലും ദാമ്പത്യം തകരുവാനും പാടുള്ളതല്ല. ആഗ്രഹം, വികാരം, അധ്വാനം, ബന്ധങ്ങള്‍ ജയപരാജയങ്ങള്‍ എന്നിവയടങ്ങുന്നതാണ് ജീവിതം. പരസ്പരം മനസിലാക്കുക എന്നു പറഞ്ഞാല്‍ ഒരാള്‍ പങ്കാളിയുടെ ജീവിതത്തിലേക്ക് ഇഴുകിച്ചേരുക എന്നതാണ്. സമുദ്രത്തെ ഭര്‍ത്താവായും നദിയെ ഭാര്യയായും കാവ്യഭാഷയില്‍ ചിത്രീകരിക്കുന്നു. നദി സമുദ്രത്തിലേക്ക് ഒഴുകിച്ചെന്ന് അതില്‍ ഇഴുകിച്ചേരുന്നു. പിന്നീട് സമുദ്രത്തില്‍ നിന്നും നദിയിലെ വെള്ളം വേര്‍തിരിച്ചെടുക്കുക അസാദ്ധ്യമാണ്. ഇതുപോലെയുള്ള ഒരു ഇഴുകിച്ചേരല്‍ ദാമ്പത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. പങ്കാളിയുടെ ജീവിതം എന്റെ ജീവിതമാണ്. എന്റേത് പങ്കാളിയുടേതും എന്നു തിരിച്ചറിഞ്ഞ് തക്കസമയത്ത് സന്ദര്‍ഭോചിതമായി പ്രവര്‍ത്തിക്കുന്നതാണ് പരസ്പരം മനസ്സിലാക്കല്‍. ദാമ്പത്യ ജീവിതത്തില്‍ ബന്ധങ്ങളായാലും സമ്പാദ്യമായാലും എന്റേതെന്നോ നിന്റേതെന്നോ ഇല്ല. നമ്മുടേതു മാത്രം. 
   പങ്കാളിയുടെ സ്വഭാവം, അഭിരുചി. കഴിവുകള്‍, ബലഹീനതകള്‍, എന്നിവയും പരസ്പരം മനസ്സിലാക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വിവാഹത്തിനു മുമ്പ് ഇതിലെല്ലാം മനസ്സിലാക്കുവാന്‍ തീര്‍ച്ചയായും കഴിയുകയില്ല. വിവാഹശേഷം മാത്രമേ പങ്കാളിയെ പൂര്‍ണ്ണമായി മനസ്സിലാവുകയുള്ളു. ഇതില്‍ ബലഹീനതയെ മനസ്സിലാക്കുന്നതിലാണ് മിക്കവരും പരാജയപ്പെടുന്നത്. ബലഹീനത എന്നതുകൊണ്ട് ശാരീരിക വൈകല്യം മാത്രമല്ല ഉദ്ദേശിക്കുന്നത്. സമ്പത്ത്, വിദ്യാഭ്യാസം, സ്വഭാവഗുണം, കുടുംബമഹിമ, ആരോഗ്യം, കാര്യപ്രാപ്തി ഇവയുടെയെല്ലാം കുറവോ അഭാവമോ ബലഹീനതയില്‍ പെടും. ഇവയെ അംഗീകരിച്ച് പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹായിച്ചും ജീവിക്കുക. അതാണ് ദാമ്പത്യജീവിതത്തിന്റെ വിജയം. ഈര്‍ച്ചവാള്‍ ചേര്‍ച്ച എന്നൊരു പ്രയോഗമുണ്ട്. രണ്ട് ഈര്‍ച്ചവാളുകള്‍ തമ്മില്‍ പല്ലോടുപല്ല് ചേര്‍ത്ത് ഇറക്കിവെച്ചാല്‍ എപ്രകാരം വിടവുകള്‍ നികന്നു യോജിച്ചിരിക്കുമോ അതുപോലെ ദാമ്പത്യജീവിതത്തില്‍ പങ്കാളിയുടെ കുറവുകള്‍ സ്വന്തം കഴിവുകളാല്‍ നികത്തണം. കുറവുകള്‍ തമ്മില്‍ കൂട്ടിമുട്ടിയാല്‍ ദാമ്പത്യത്തിലുള്ള വിടവുകള്‍ വര്‍ധിക്കുകയേയുള്ളു. എന്നാല്‍ പങ്കാളിയുടെ ദാമ്പത്യത്തിലുള്ള കുറവിനെ സ്വന്തം കഴിവുകളാല്‍ നികത്തുമ്പോള്‍ ദാമ്പത്യത്തിലുള്ള വിടവുകള്‍ മാറുന്നു. പങ്കാളിയുടെ നെഗറ്റീവുകളെ സ്വന്തം പോസിറ്റീവുകളാല്‍ മറയ്ക്കുക. തിരിച്ചു പങ്കാളിയുടെ പോസിറ്റീവുകളാല്‍ സ്വന്തം നെഗറ്റീവുകളെ മറയ്ക്കാന്‍ അനുവദിക്കുക. ഇതാണ് പരസ്പരം മനസ്സിലാക്കല്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു മാതൃകാപരമായ ദാമ്പത്യജീവിതം കെട്ടിപ്പടുക്കാം. മാത്രമല്ല, ഇത് വീക്ഷിക്കുന്ന മക്കള്‍ അവരെ അനുകരിക്കുകയും അവരുടെ ദാമ്പത്യജീവിതം അനുഗ്രഹിക്കപ്പെടുകയും ചെയ്യും. 
    എല്ലാ ബന്ധങ്ങളും സ്വയം ഉണ്ടാകുകയാണ്. എന്നാല്‍ ദാമ്പത്യം സ്ഥാപിക്കപ്പെടുന്നതാണ്. മറ്റു ബന്ധങ്ങള്‍ സമയസന്ദര്‍ഭങ്ങള്‍ കൂടാതെ സാക്ഷികള്‍ കൂടാതെ ഉണ്ടാകുന്നതാണെങ്കില്‍ ദാമ്പത്യം സാക്ഷികളുടെ സാന്നിധ്യത്തില്‍ സമയ സന്ദര്‍ഭങ്ങള്‍ ക്രമീകരിച്ച് സ്ഥാപിക്കുന്നതാണ്. ദൈവം നേരിട്ട് സ്ഥാപിച്ച ഒരേയൊരു ബന്ധമാണ് ദാമ്പത്യം. അതുകൊണ്ടാണ് വിവാഹത്തിനും വിവാഹശുശ്രൂഷകള്‍ക്കും ഇത്രയേറെ പ്രാധാന്യം കല്‍പ്പിക്കുന്നത്. പലര്‍ക്കും വിവാഹ ഉടമ്പടി ആ ഒരു ദിവസത്തേക്കു മാത്രമാണ്. ആ ഉടമ്പടി ആജീവനാന്തം നിലനിര്‍ത്തുവാന്‍ അവര്‍ക്ക് ആഗ്രഹമില്ല. ഇങ്ങനെയുള്ളവര്‍ക്ക് പങ്കാളി വെറും ഇണ മാത്രമാണ്. പങ്കാളിയെ വെറുമൊരു ഇണ മാത്രമായി കാണുന്നവരുടെ ജീവിതം മൂന്നാം നാള്‍ തകരും നിശ്ചയം. ഇവിടെയാണ് വിവാഹമോചനം എന്ന ശാപം ഉടലെടുക്കുന്നത്. ബൈബിളില്‍ ദൈവം ആദം എന്ന മനുഷ്യന് ഇണയെ ഉണ്ടാക്കിക്കൊടുക്കും എന്നല്ല, തുണയെ ഉണ്ടാക്കിക്കൊടുക്കും എന്നാണ് പറഞ്ഞത്. പങ്കാളി വെറുമൊരു ഇണയല്ല, തുണയാണ് എന്നു തിരിച്ചറിയുന്നവര്‍ക്കു ദാമ്പത്യജീവിതം ആസ്വാദ്യകരമാവും. പങ്കാളിയെ വെറും ഇണയായി കാണുന്നവരെ മൃഗം എന്നു വിളിക്കുവാനേ നിവൃത്തിയുള്ളു. കാരണം മൃഗങ്ങള്‍ക്ക് തുണയുടെ ആവശ്യമില്ല, ഇണയെ മതി. 
    വിവാഹ വാര്‍ഷീകത്തില്‍ കേക്ക് മുറിക്കുന്നതിനു പകരം പരസ്പരം കൈ കോര്‍ത്തു പിടിച്ച് ആ ഉടമ്പടി ഒന്നുകൂടി ഏറ്റുപറയുക. കിടപ്പുമുറിയുടെ ചുമരില്‍ വിവാഹഫോട്ടോയ്‌ക്കൊപ്പം വിവാഹ ഉടമ്പടി എഴുതി തൂക്കിയിടുക. വിവാഹ ഉടമ്പടിയെ അനുവര്‍ത്തിക്കാന്‍ മറക്കരുത് എന്നു സാരം. ഒരു സത്യം മനസ്സിലാക്കുക, വിവാഹത്തിനു മുമ്പ് രണ്ടുപേരേക്കുറിച്ചുള്ള ദൈവഹിതം രണ്ടായിരുന്നു. എന്നാല്‍ വിവാഹശേഷം രണ്ടുപേരേക്കുറിച്ചുമുള്ള ദൈവഹിതം രണ്ടല്ല ഒന്നാണ്.  രണ്ടുപേരെയും ഉള്‍പ്പെടുത്തിയേ ഇനി ദൈവത്തിനു പദ്ധതിയുള്ളു. പ്രാര്‍ത്ഥനയ്ക്ക് അവസരമുണ്ടാകേണ്ടതിന് പരസ്പര സമ്മതത്തോടുകൂടിയല്ലാതെ തമ്മില്‍ വേര്‍പെട്ടിരിക്കരുത്. എന്ന ബൈബിള്‍ വാക്യം ഓര്‍ക്കുക. ദൈവം വിവാഹമോചനം ആഗ്രഹിക്കുന്നില്ല എന്നതിന് ഉത്തമോദാഹരണമാണ് ഈ വാക്യം. ദൈവം സ്ഥാപിച്ച ഈ ബന്ധത്തിലൂടെ ദൈവഹിതം അനുസരിച്ച് അനുഗ്രഹം പ്രാപിക്കുക. 
 

RELATED STORIES

Top