logo
add image
Breaking News
കത്തിപ്പടരുന്ന പ്രണയത്തീനാളങ്ങള്‍ 

കത്തിപ്പടരുന്ന പ്രണയത്തീനാളങ്ങള്‍ 

  ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണമായിരുന്നു കേരളത്തിന്റെ സവിശേഷത. സ്‌നേഹവും സാഹോദര്യവും ആര്‍ദ്രതയും പുലര്‍ന്നിരുന്ന നാട്. എന്നാല്‍ പതുക്കെ പതുക്കെ മലയാളി നന്മ പോയ്മറയുന്നുവോ എന്ന് സന്ദേഹിക്കും വിധമാണ് നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍. ക്രൂരമായ പല വാര്‍ത്തകളും നമുക്കിന്ന് വാര്‍ത്തയേ അല്ലാതായിരിക്കുന്നു. നടുക്കുന്ന ദുരന്ത വാര്‍ത്തകള്‍ കാതുകളിലും കണ്മുന്നില്‍ വാര്‍ത്തകളിലും വന്നു നിറയുമ്പോള്‍ സ്വതസിദ്ധമായ ഞെട്ടല്‍ പോലും നമുക്കിന്ന് അന്യമാവുകയാണ്. ഈയിടെയായി മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ അല്‍പമെങ്കിലും മനുഷ്യത്വം ബാക്കിയുള്ളവര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഏഴുവയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനെ കൊല്ലാക്കൊല ചെയ്ത അമ്മയുടെ സുഹൃത്ത്, അന്നേദിവസം തന്നെ സ്ത്രീധനം കുറഞ്ഞതിന്റെ  പേരില്‍ സ്വന്തം ഭാര്യയെ പട്ടിണിക്കിട്ട് കൊല്ലാന്‍ അച്ഛനുമമ്മയ്ക്കുമൊപ്പം കൂട്ടു നിന്ന ഭര്‍ത്താവ്... അതെ കേരളത്തിന്റെ നന്മയ്ക്ക് നിറം മങ്ങുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. 
     ഏറ്റവും ഒടുവിലായി പ്രണയം നിരസിച്ചതിന്റെയും വിവാഹാഭ്യര്‍ത്ഥനയ്ക്ക് വഴങ്ങാത്തതിന്റെയും പേരില്‍ വെട്ടിയും കുത്തിയും തീകൊളുത്തിയും ഒരു പെണ്‍ജീവിതം കൂടി അവസാനിച്ചതിന്റെ നടുക്കുന്ന വാര്‍ത്തയും നാം കണ്ടു. പ്രണയത്തിന് കണ്ണില്ലെന്നു കേട്ടു പരിചയിച്ച വാചകമാണെങ്കിലും വകതിരിവു കൂടിയില്ലെന്ന് ഈ സംഭവങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പ്രണയം നിരസിച്ചതിന് തീ കൊണ്ട് പ്രതികാരം ചെയ്യുന്ന സംഭവം കേരളത്തില്‍ ആദ്യമല്ല. പ്രാകൃതമായ ഈ പ്രതികാര രീതി എവിടെനിന്നാണ് നമ്മുടെ കുട്ടികള്‍ പഠിക്കുന്നതെന്ന് അറിയില്ല.  തൃശ്ശൂരില്‍ നടന്നതുള്‍പ്പെടെ സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത് അഞ്ചു പെണ്‍കുട്ടികള്‍. അവരവരുടെ ഇഷ്ടവും ഇഷ്ടക്കേടും തുറന്നു പറയാനുള്ള ഇടങ്ങള്‍ നഷ്ടപ്പെടുകയാണോ പെണ്‍കുട്ടികള്‍ക്ക് എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു. 
   മാര്‍ച്ച് 12ന് പ്രണയം നിഷേധിച്ചതിന്റെ പേരില്‍ സമാനമായ രീതിയില്‍ നടുറോഡില്‍ കത്തിയമര്‍ന്നതും കോട്ടയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കോളേജിലെത്തി പെണ്‍കുട്ടിയെ ചേര്‍ത്തുനിര്‍ത്തി പെട്രോളൊഴിച്ച് തീ വച്ചപ്പോള്‍ പൊലിഞ്ഞത് രണ്ടുജീവനുകള്‍ മാത്രമല്ല, മറിച്ച് ഇരുവീട്ടുകാരുടെയും സ്വപ്നങ്ങളുമായിരുന്നു. ഇങ്ങനെ നിരത്തി വയ്ക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട് ഇപ്പോള്‍ ഈ കൊച്ചു കേരളത്തില്‍. 
    പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്കിത് സംഭവിക്കുമോയെന്നും ആണ്‍കുട്ടികളുടെ മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ കൊലപാതകികളായി മാറുമോ എന്നും ഭയക്കേണ്ട അവസ്ഥയാണിപ്പോള്‍. ഇത്തരത്തില്‍ സ്‌നേഹിച്ച പെണ്‍കുട്ടിയുടെ ജീവനെടുക്കുന്ന പ്രവൃത്തി വേണോയെന്ന് ഓരോ ആണ്‍കുട്ടികളും ചിന്തിക്കേണ്ടതുണ്ട്. ഒരാളിലേക്ക് കൂടുതലായി പറ്റിച്ചേരുമ്പോഴുണ്ടാകുന്ന പ്രണയത്തിന്റെ തീവ്രതയില്‍ നിന്നും ഉണ്ടാകുന്ന പ്രതികാരചിന്തയാണിതെല്ലാം. അവിടെയാണ് നമ്മുടെ ആണ്‍മക്കളെ നാം പാകപ്പെടുത്തേണ്ടത്. ഒരു പെണ്‍കുട്ടി പ്രണയത്തില്‍ നിന്നു പിന്മാറിയാല്‍ അതിനെ അവളുടെ സ്വാതന്ത്ര്യമായി കാണാനും ജീവനെടുക്കലല്ല മറുപടിയെന്നും അവളുടെ മുന്നില്‍ നല്ലൊരു ജീവിതം ജീവിച്ചു കാണിച്ചുകൊണ്ട് മധുരമായി പ്രതികാരം ചെയ്യാനും നമ്മുടെ ആണ്‍മക്കള്‍ കരുത്താര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. എനിക്കു കിട്ടാത്തത് വേറെയാര്‍ക്കും വേണ്ട എന്ന സ്വാര്‍ത്ഥ ചിന്ത നീക്കേണ്ടിയിരിക്കുന്നുവെന്ന് മക്കള്‍ക്കു പറഞ്ഞു കൊടുക്കാന്‍ മാതാപിതാക്കളും ബാധ്യസ്ഥരാണ്. ഇന്നു നാം അങ്ങനെ ചെയ്തില്ലെങ്കില്‍ ഇത്തരം ചെയ്തികള്‍ ഇനിയും ആവര്‍ത്തിച്ചേക്കം. എന്തുകാര്യവും അവര്‍ മാതാപിതാക്കളോട് തുറന്നു പറയട്ടെ. സൗഹൃദവും ബന്ധങ്ങളും എല്ലാം.  മക്കള്‍ക്കു കരുത്താവാന്‍ , കൈത്താങ്ങാവാന്‍ മാതാപിതാക്കള്‍ക്ക് കഴിയട്ടെ.  ഒരാള്‍ നോ പറഞ്ഞാല്‍ അയാളെ അയാളുടെ പാട്ടിനുവിട്ട് സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ ആര്‍ജ്ജവമുള്ള പുതുതലമുറയുണ്ടാകട്ടെ നമുക്ക്. അതിനായി നമ്മുടെ പെണ്‍മക്കളെ നമുക്കു ചേര്‍ത്തുപിടിക്കാം. ഒപ്പം ആണ്‍മക്കളെയും...

RELATED STORIES

Top