logo
add image
സ്ത്രീയെ പിന്നിലാക്കുന്നതെന്തിന്?

സ്ത്രീയെ പിന്നിലാക്കുന്നതെന്തിന്?

മനുഷ്യന്‍ ആത്മഗതം ചെയ്തു ! ഇത് ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്ന് അസ്ഥിയും മാംസത്തില്‍ നിന്ന് മാംസവും ആകുന്നു. ഇവളെ നരനില്‍ നിന്ന് എടുത്തിരിക്കയാല്‍ നാരി എന്ന് പേരാകും. തന്റെ ഏകാന്തതയ്ക്കു വിരാമം കുറിച്ചുകൊണ്ട് സൃഷ്ടിതാവിന്റെ കരവിരുതിന്‍ പൂര്‍ണ്ണത കണ്‍മുന്നില്‍ കണ്ടപ്പോള്‍ സന്തോഷാധിക്യത്താല്‍ അന്തരംഗം ആത്മഗതം ചെയ്തത് ശബ്ദതരംഗങ്ങളായി ബഹിര്‍ഗമിച്ചു. മനുഷ്യന്റെ ആന്തരീക അറിവില്‍ തന്റെ തുണയെ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം സൃഷ്ടിതാവ് മൗനമായി ഒപ്പുവച്ചു. അടുത്ത നിമിഷം അരുളിചെയ്തു; 'ഇനിമേല്‍ നിങ്ങള്‍ രണ്ടല്ല; ഒന്നത്രേ'. മൂകസാക്ഷ്യം വഹിച്ച ഏദനിലെ വൃക്ഷലതാദികള്‍ ഇളം തെന്നലില്‍ നൃത്തമാടി. സൂര്യകിരണ സ്പര്‍ശനത്താല്‍ തുഷാരബിന്ദുക്കള്‍ വര്‍ണ്ണ ശബളമായി. മരച്ചില്ലയില്‍ തോളുരുമിയിരുന്ന പക്ഷികള്‍ കളകളാരവത്തോടെ വിഹായസ്സിലേക്ക് പറന്നുയര്‍ന്നു. 
    
    അല്പനാളുകള്‍ക്കു ശേഷം, ഏദനില്‍ ഒരു പുരുഷശബ്ദം; എന്നോടുകൂടെയിരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ.. വിദൂരത ധ്വനിക്കുന്ന വാക്കുകളാല്‍ അവള്‍ പിന്‍തള്ളപ്പെട്ടു. സൃഷ്ടിതാവ് ഒന്നാക്കിയതിനെ സൃഷ്ടി അന്തരംഗത്തില്‍ രണ്ടാക്കിയിരിക്കുന്നു. ഇടവേളയില്‍ സംഭവിച്ചതെന്ത്?.
    
    ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദെന്‍ തോട്ടത്തില്‍ വേല ചെയ്യുവാനും അതിനെ കാപ്പാനും അവിടെ ആക്കി (ഉല്പ:2:15). തോട്ടം കാക്കേണ്ട ഉത്തരവാദിത്വം അനിവാര്യമായിരുന്നു. എന്നാല്‍ ആവശ്യകത വിസ്മരിച്ച്, പ്രാര്‍ത്ഥനക്ക് അവസരമുണ്ടാകുവാന്‍ ഒരു സമയത്തേക്ക് പരസ്പര സമ്മതത്തോടെയല്ലാതെ ഭര്‍ത്താവും ഭാര്യയും തമ്മില്‍ വേര്‍പെട്ടിരിക്കരുത് എന്ന ആത്മീയ മര്‍മ്മം ശിരസ്സാ മറന്ന് ഏകാന്തപഥികനെപ്പോല്‍ ഇരുവരും ഇരു ധ്രുവങ്ങളില്‍. ഏദനില്‍ കടക്കുവാന്‍ അവസരം പാര്‍ത്തിരുന്ന മറ്റൊരപരന്‍, ക്ഷേമാന്വേഷണവുമായി സ്ത്രീയെ സമീപിച്ചു. അപരന്റെ നര്‍മ്മ സംഭാഷണവും തോട്ടത്തിലെ ദൃശ്യ മാധുര്യവും (ആ വൃക്ഷ ഫലം കാണ്മാന്‍ ഭംഗിയുള്ളത്) ഇടകലര്‍ന്നപ്പോള്‍ സ്‌നേഹസദ്യയില്‍ മറഞ്ഞുകിടന്ന പാറ കാണുവാന്‍ കഴിയാതെ, സ്ത്രീ വൃക്ഷഫലം പറിച്ചുതിന്നു. നല്ലതാകിലും തീയതാകിലും ഭര്‍ത്താവിനു കൊടുക്കുവാന്‍ മറന്നില്ല. ദൈവീക കല്പന ലംഘിച്ച് തേജസ്സിന്റെ വസ്ത്രം നഷ്ടപ്പെട്ട ഇരുവരും വസ്ത്രം തുന്നുന്നതിലും ഓടിയൊളിക്കുന്നതിലും തുല്യനിരയില്‍ തന്നെ. അടുത്ത നിമിഷം ദൈവീക ചോദ്യം ചെയ്യലില്‍ ആദം, ഹവ്വയെ പിന്‍തള്ളുന്നു. എന്നോടുകൂടെയിരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ. കല്പനാ ലംഘനത്താല്‍ ഹൃദയം തളര്‍ന്നവളായ സ്ത്രീ, തിരസ്‌കരണത്തിന്റെ മുറിവേറ്റവളായി സൃഷ്ടിതാവിന്‍ മുമ്പില്‍ നമ്രശിരസ്‌കയായി നില്‍ക്കവെ; അതാ ഒരു ഗംഭീരധ്വനി. 'സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തലതകര്‍ക്കും' (ഉല്പ:3:15). അവളുടെ ശിരസ്സുയര്‍ന്നു. പൂര്‍ണ്ണചന്ദ്രനെ മറയ്ക്കുന്ന കാര്‍മേഘപടലങ്ങള്‍ നീങ്ങിപ്പോകുന്നതുപോലെ, ഏദെനില്‍ കളങ്കം വരുത്തിയ കാര്‍മേഘം ഓടിമറഞ്ഞു. 
    
    100 തെറ്റുചെയ്ത പുരുഷനെ സമൂഹം അംഗീകരിക്കുന്നു. ഒരു തെറ്റുചെയ്ത സ്ത്രീയെ സമൂഹം അംഗീകരിക്കാന്‍ മടിക്കുന്നു. സ്ത്രീയ്ക്ക് ഒരു സ്ത്രീത്വം ഉണ്ട്. അതുകൊണ്ട് സര്‍പ്പം ഉപായത്താല്‍ ഹവ്വയെ ചതിച്ചു. പാപത്തിന്റെ മുമ്പില്‍ സ്ത്രീയും പുരുഷനും തുല്യര്‍ എന്ന് ദൈവവചനം അനുശാസിക്കുന്നു. സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്റെ തലതകര്‍ക്കും. ഏദെനില്‍ മുഴങ്ങിയ ശബ്ദം ദിഗന്തങ്ങളോളം മാറ്റൊലികൊണ്ടു. ഒരു വീട് പണിയുവാന്‍ ഒരു പുരുഷന്‍ വേണം, എന്നാല്‍ ഒരു ഭവനം പണിയുവാന്‍ ഒരു സ്ത്രീ തന്നെ വേണം. സ്ത്രീയെ കൂടാതെ പുരുഷന്‍ പൂര്‍ണ്ണനാകുന്നില്ല. കാരണം, മനുഷ്യന്റെ വാരിയെല്ലില്‍ നിന്നും സ്ത്രീ സൃഷ്ടിക്കപ്പെട്ടതിനാല്‍ തന്നെ. അപ്പോള്‍ ഒരു ചോദ്യം ഉയരാം. കന്യക അപൂര്‍ണ്ണയോ? ഒരിക്കലുമല്ല, തന്റെ പ്രാണപ്രീയനാകുന്ന ക്രിസ്തുവില്‍ കന്യക പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു. ആത്മമണവാളനാല്‍ ആത്മീകമായി പരിപൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു. 
ഒരു ചെടി മൊട്ടു വന്ന് പൂവ് വിരിയുന്ന സമയം അത്യധികം ആകര്‍ഷണീയമാകുന്നു. ഇതള്‍ വിരിയുന്ന സമയം സുഗന്ധം വിതറുന്നതിനാല്‍ കൂടുതല്‍ ആസ്വാദ്യകരവും ആകര്‍ഷകവും ആകുന്നു. സുഗന്ധമില്ലാത്ത പുഷ്പങ്ങളെക്കാള്‍ സുഗന്ധവാഹിനികളായ പുഷ്പങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമാകുന്നതുപോലെ സ്ത്രീ പുരുഷനില്‍ പരിപൂര്‍ണ്ണമാക്കപ്പെട്ടിരിക്കുന്നു. വിടര്‍ന്നു വരുന്ന പുഷ്പത്തില്‍ നിന്നും വിതറപ്പെടുന്ന സുഗന്ധമാണു സ്ത്രീ. ഒരു സ്ത്രീ ഒരു വെങ്കല്‍ ഭരണി വിലയേറിയ സ്വച്ഛജടമാംസി തൈലവുമായി വന്ന് ഭരണി പൊട്ടിച്ച് യേശുവിന്റെ ശിരസ്സില്‍ ഒഴിച്ചു. തൈലത്തിന്റെ സുഗന്ധം വീടുമുഴുവന്‍ നിറഞ്ഞു 
(യോഹ:12:3). ഒരുവന്‍ അപ്പനേയും അമ്മയേയും വിട്ട് ഭാര്യയോട് പറ്റിച്ചേരും വീണ്ടും ജനി ച്ചവര്‍ ലോകം
വിട്ട് ക്രിസ്തുവിനോട് പറ്റിച്ചേരും. ദൈവത്തിന്റെ സൃഷ്ടി എത്ര അഗോചരം, എത്ര മനോഹരം.

    ഏദനില്‍ സ്ത്രീ കല്പനാ ലംഘനത്താല്‍ പിന്‍തള്ളപ്പെട്ടു, വാസ്തവം. എന്നാല്‍ കാലസമ്പൂര്‍ണ്ണതയില്‍, ഏദനില്‍ തകര്‍ക്കപ്പെട്ട ഹൃദയ ബന്ധം കല്ലറത്തോട്ടത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു (യോഹ:20:16). അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ തന്നെ കരത്തില്‍ സുഗന്ധവര്‍ഗ്ഗവുമായി തോട്ടത്തിലെ കല്ലറവാതില്‍ക്കല്‍ കാത്തുനില്‍ക്കവെ, ഏദെനില്‍ ചീന്തപ്പെട്ട തേജസ്സിന്റെ വസ്ത്രം മനോമുകുരത്തില്‍ തെളിഞ്ഞുവന്നു. തന്റെ പ്രാണപ്രീയനെ ഒരുനോക്കുകാണുവാന്‍ കണ്ണുകള്‍ ഈറനണിയവെ, സൂര്യന്റെ പ്രകാശത്തെ വെല്ലുന്ന ഒരു പ്രകാശം അവളെ ചുറ്റിമിന്നി. നീതിയിന്‍ വസ്ത്രത്താല്‍ അവള്‍ ചുറ്റപ്പെട്ടു. അതോടൊപ്പം ഒരു മധുര ശബ്ദം; മറിയയേ.. അവള്‍, റബ്ബൂനീ.. നഷ്ടമായ ദൈവീക ബന്ധം കല്ലറതോട്ടത്തില്‍ ഏകയായി കരസ്ഥമാക്കി. സ്ത്രീത്വത്തിന്റെ അമൂല്യത പ്രശംസനീയം തന്നെ. മായയ്ക്കുകീഴ്‌പ്പെട്ട് നിശ്ചലമായി നിന്ന കല്ലറതോട്ടം മാറ്റൊലി കൊള്ളുമാറ് ഇതാ ഒരു ശബ്ദം; 'അവന്‍ ജീവിച്ചിരിക്കുന്നു'. ഹേ മരണമേ നിന്റെ ജയമെവിടെ? മന്ദമാരുതന്റെ കരലാളനത്താല്‍ സരളവൃക്ഷങ്ങള്‍ പാട്ടുപാടി. പക്ഷികള്‍ ആ പാട്ട് ഏറ്റുപാടി. അവന്‍ ജീവിച്ചിരിക്കുന്നു എന്ന സാക്ഷിയും സാക്ഷ്യവുമായി അവള്‍ കല്ലറവിട്ടോടി, ക്രിസ്തുവിന്‍ ഉയിര്‍പ്പിന്‍ ദൂതുവാഹകയായി (യോഹ:20:18). 

    നില്‍ക്കൂ, ഒരു നിമിഷം, സ്ത്രീ ഇനിയും പിന്നിലല്ല, മുമ്പില്‍ തന്നെ. പുരുഷന്റെ മുന്നിലല്ലെന്നുമാത്രം. സ്ത്രീ ഇതു ഗ്രഹിക്കേണ്ട കാലം അതിക്രമിച്ചുപോയി. പുരുഷന്‍ ഇത് അംഗീകരിക്കാത്തിടത്തോളം കാലം സ്ത്രീ എന്നും ചാരം മൂടി തന്നെ കിടക്കും. അടുക്കളയില്‍ ചാരംമൂടിയ കഥാപാത്രമായി അവശേഷിക്കും. സ്ത്രീ ഹൃദയം ഉണരാം, ആ ശമര്യയിലേക്കൊന്നു തിരിഞ്ഞുനോക്കാം. അവള്‍, ശമര്യാക്കാരി ദാഹജലത്തിനായി വന്നു. ജീവജലവുമായി ഓടി. ജീവജലഉറവയിലേക്ക് ജീവദാഹമുള്ളവരെ കൂട്ടിവരുത്തി (യോഹ:4:20). പ്രിയേ ഒരു കാര്യം നീ നിന്‍ കൂടാരത്തിന്‍ കര്‍ത്തവ്യങ്ങള്‍ മറക്കരുതെന്നുമാത്രം. കലവറയില്‍ പച്ചക്കറി, പച്ചക്കറിയായും അരി, അരിയായും ശേഷിക്കരുത്. പച്ചക്കറി മിക്‌സിങ്ങായും, അരി ചോറായും തീന്മേശ ഭദ്രമായിരിക്കേണ്ടതു വിസ്മരിക്കരുത്. ഭാര്യ വീട്ടിനകത്ത് നല്ല മുന്തിരിവള്ളി. അവള്‍ നന്നാ രാവിലെ എഴുന്നേല്‍ക്കുന്നു. വീട്ടിലുള്ളവര്‍ക്ക് ആഹാരം കൊടുക്കുന്നു. അവളുടെ ഭര്‍ത്താവ് പട്ടണവാതില്‍ക്കല്‍ പ്രസിദ്ധനാകുന്നു (സദൃ:31:15,23). 
    
    പ്രീയ പുരുഷാ ഉഭയസമ്മതവേളയില്‍ ചേര്‍ത്തുപിടിച്ചകരം, ആ കരം ഒന്നു കൂടി നീട്ടിയാല്‍ മതി അവള്‍ സടകുടഞ്ഞെഴുന്നേല്‍ക്കും. നീട്ടിയ കരം സ്‌നേഹത്തിന്റെ  പ്രതീകം ആയിരിക്കണം എന്നുമാത്രം. ഉറങ്ങിക്കിടക്കുന്ന താലന്തുകളെ ഉണര്‍ത്തി വ്യാപാരം ചെയ്യുവാന്‍ ഉണരൂ ! നല്ല ദാസിയേ എന്നുള്ള വിളിക്കോഹരിക്കാരാകുവാന്‍. ക്രിസ്തുവില്‍ സുഗന്ധം പരത്തുന്ന പുഷ്പങ്ങളായി വിടരാം.....

RELATED STORIES

Top