logo
add image
മക്കളെ എങ്ങനെ നന്നായി വളര്‍ത്താം?

മക്കളെ എങ്ങനെ നന്നായി വളര്‍ത്താം?

  നമ്മുടെ കുഞ്ഞുങ്ങള്‍ നമുക്ക് വിലപ്പെട്ടവരാണ്. ഇന്നത്തെ തലമുറയാണ് നാളത്തെ സഭയെയും സമൂഹത്തെയും നയിക്കേണ്ടവര്‍. അവരെ ശരിയായ പാന്ഥാവില്‍ വളര്‍ത്തിയെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. 

    അമിത ലാളന നമ്മുടെ കുഞ്ഞുങ്ങളെ വഷളാക്കിമാറ്റുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. കുഞ്ഞുങ്ങളുടെ ഏത് ഇഷ്ടവും സാധിപ്പിച്ചുകൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറാകുന്നത് അപകടത്തിലേക്കാണ് നമ്മുടെ തലമുറയെ കൊണ്ടുപോകുന്നത് എന്ന് മറന്നുപോകരുത്. ഇല്ലായ്മകളും ഞെരുക്കവും മനസ്സിലാക്കിവേണം കുഞ്ഞുങ്ങള്‍ വളരാന്‍. ധനത്തിന്റെ വിലയും അത് ഉണ്ടാക്കാവുന്ന അപകടവും കുഞ്ഞുങ്ങള്‍ക്ക് ബോധ്യം ഉണ്ടാക്കിയെടുക്കണം. 

    ഒരിക്കല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ എന്റെ സ്‌നേഹിതനായ ഒരു പാസ്റ്ററുമായി സന്ദര്‍ശനത്തിന് ചെന്നപ്പോള്‍ നടന്ന സംഭവം, ആ വീട്ടിലെ ഇളയ മകന്‍ ടിവി കാണുവാന്‍ നിര്‍ബന്ധം പിടിച്ച് കരയുതയാണ്. അവന്റെ പിതാവ് പിന്നെക്കാണാം എന്ന് അവനോട് പറഞ്ഞുനോക്കി. അവന്‍ വഴങ്ങുന്നതേയില്ല. മാത്രമല്ല പിതാവിനെ അടിക്കുവാനും തൊഴിക്കുവാനും തുടങ്ങി. അവസാനം നിവര്‍ത്തിയില്ലാതെ പിതാവിന് അനുവദിക്കേണ്ടിവന്നു. 

    മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം ഇല്ല എന്ന് പറഞ്ഞ പിതാവിനോട് ദേഷ്യത്തോടെ 'പപ്പയുടെ കയ്യില്‍ അഠങ കാര്‍ഡ് ഉണ്ടല്ലോ അതില്‍ ആവശ്യത്തിന് പണം ഉണ്ട്, പിന്നെ എനിക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി തന്നൂടെ'എന്ന് മറുപടിപറയുന്ന എന്റെ സ്‌നേഹിതന്റെ മകനെ അടുത്തിടെ കാണാന്‍ ഇടയായി. കുഞ്ഞുങ്ങള്‍ വിചാരിച്ചിരിക്കുന്നത് പണം തരുന്ന മിഷ്യന്‍ ആണ് അഠങ എന്നാണ്. പണത്തിന്റെ വിലയോ അധ്വാനത്തിന്റെ മഹത്വമോ അറിയാതെയാണ് ഇന്നത്തെ തലമുറ വളരുന്നത്....

    എത്ര പണമുണ്ടെങ്കിലും ഇല്ലായ്മകള്‍ അറിഞ്ഞുവേണം കുഞ്ഞുങ്ങള്‍ വളരാന്‍. ശിക്ഷിച്ച് വളര്‍ത്തുന്ന മാതാപിതാക്കളുടെ അഭാവമാണ് തകര്‍ച്ചയിലേക്ക് ഇന്നത്തെ തലമുറയെ കൊണ്ടെത്തിക്കുന്നത്. മാതാപിതാക്കള്‍ ശിക്ഷിക്കാത്ത തലമുറയാണ് പിന്നീട് കോടതികള്‍ ശിക്ഷിക്കേണ്ടിവരുന്നത്. മുതിര്‍ന്നവരെ ബഹുമാനിക്കുവാനും അനുസരിക്കുവാനും കുടുംബങ്ങളില്‍ വേണ്ട പരിശീലനം അനിവാര്യമാണ്.

    മക്കള്‍ക്ക് സ്‌നേഹവും പരിലാളനയും നല്‍കുമ്പോള്‍ തന്നെ ശിക്ഷണം നല്‍കാന്‍ മാതാപിതാക്കള്‍ മടിക്കരുത്. ഉപദേശങ്ങളും ശിക്ഷണവുമാണ് ഒരു കുഞ്ഞിനെ നല്ല വ്യക്തിയായി രൂപപ്പെടുത്തുന്നത്. ഒരു പ്രായത്തിന് ശേഷം മാതാപിതാക്കളില്‍ നിന്ന് അകന്ന് സ്വന്തം സ്വന്തം ഇഷ്ടത്തിന് വളരുവാന്‍ അനുവദിക്കുന്ന പാശ്ചാത്യ സംസ്‌കാരം നമ്മുടെ തലമുറയിലും സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നത് വാസ്തവമാണ്. ഇത്തരം സംസ്‌കാരം വികലമായ തലമുറയെ രൂപപ്പെടുത്തുന്നു എന്നതാണ് വാസ്തവം. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ അധാര്‍മ്മീകതയിലേക്ക് തലമുറ നയിക്കപ്പെടുന്നത് ശിക്ഷണം അന്യമായതുകൊണ്ടാണ് എന്ന സത്യം നിഷേധിക്കുവാന്‍ കഴിയില്ല.

    മാതാപിതാക്കളുടെ വികലവും മാതൃകാരഹിതവുമായ ജീവിതം ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളെ ഗണ്യമായി സ്വാധീനിക്കുന്നുണ്ട്. അയല്‍വാസിയായ മൂന്ന് വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന പതിമൂന്ന് വയസ്സുകാരനോട് ഈ കുറ്റകൃത്യം ചെയ്യാന്‍ ഉണ്ടായ പ്രചോദനം എന്താണ് എന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നതായിരുന്നു. മകനെ ശ്രദ്ധിക്കാതെ രാത്രിയില്‍ അശ്ലീല വീഡിയോ കാണുന്ന തന്റെ മാതാപിതാക്കള്‍ അറിയാതെ ഈ 13 വയസ്സുകാരനെ കുറ്റകൃത്യത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നത്. കണ്ടത് ജീവിതത്തില്‍ പ്രാവര്‍ത്തീകമാക്കുവാന്‍ ശ്രമിച്ചപ്പോള്‍ അവന്‍ കുറ്റവാളിയായി മാറുകയായിരുന്നു.

    പുകവലിയും മദ്യപാനവും ഉള്ള പിതാവ് തന്റെ മക്കളെയും അത്തരം തെറ്റുകളിലേക്ക് അറിയാതെ പരിശീലനം നല്‍കുകയാണ്. ശരിയായ സ്വഭാവരൂപീകരണവും വ്യക്തിവികസനവും ക്രീയാത്മകമായ മാനസീക വികാസവും ഇന്നത്തെ തലമുറയില്‍ ഉണ്ടാകണമെങ്കില്‍ അതിന് ഉത്തരവാദിത്വമുള്ള മാതാപിതാക്കള്‍ വേണ്ടവിധത്തില്‍ പരിശീലനം നല്‍കണം. അതിനെ അലസമനോഭാവത്തോടെ കാണുന്നവര്‍ കുറ്റവാളികളെ സൃഷ്ടിച്ച് സമൂഹത്തിന് 'സ്‌പോണ്‍സര്‍' ചെയ്യുകയാണ്. ആത്മീയ കാര്യങ്ങളില്‍ കാണിക്കുന്ന അലംഭാവം കുഞ്ഞുങ്ങളെ തകര്‍ച്ചയിലെത്തിക്കും. സണ്ടേസ്‌കൂള്‍ മുടക്കി ട്യൂഷനും എന്‍ട്രന്‍സ് കോച്ചിങ്ങിനും പുറത്തുവിടുന്ന മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ ആത്മീയ ജീവിതത്തിന് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്. തെറ്റിപ്പോയിട്ട്; വിലപിച്ചിട്ട് കാര്യമില്ല. ബാല്യകാലത്ത് കുഞ്ഞുങ്ങളുടെ മനസ്സല്‍ ദൈവവചനത്തിന്റെ വിത്ത് പാകേണ്ടതാണ്. മക്കളെ എന്ജിനീയറും ഡോക്ടറും ആക്കി മാറ്റിയിട്ട് അവര്‍ ദൈവവചനം അനുസരിക്കാത്തവരാണ് എങ്കില്‍ എന്താണ് ഗുണം?

    മാതാപിതാക്കളോട് ഒരു വാക്ക്

    ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിക്ക... ഇപ്പോള്‍ നടക്കുന്ന വഴിയല്ല നടക്കേണ്ടുന്ന ഒരു വഴിയുണ്ട്. കുഞ്ഞുങ്ങളെ ദൈവീക പാന്ഥാവില്‍ വളര്‍ത്താതെയുള്ള ആത്മീയത തെറ്റാണ്. നിങ്ങളുടെ ധാര്‍മ്മീക ഉത്തരവാദിത്തമാണ് അവരെ ശിക്ഷണം നല്‍കി വളര്‍ത്തുക എന്നത്. ഓര്‍ക്കുക മക്കള്‍ വിലപ്പെട്ടവരാണ്... അവര്‍ ദൈവത്തിന് വേണ്ടപ്പെട്ടവരാണ്....
 

RELATED STORIES

Top