logo
add image
ലെഗ്യോന്‍ ലൂക്കോസ് ആയപ്പോള്‍

ലെഗ്യോന്‍ ലൂക്കോസ് ആയപ്പോള്‍

    യേശു തന്റെ പരസ്യശുശ്രൂഷ കാലത്ത് ഗദരദേശത്ത് എത്തി.അവിടെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യനെ സൗഖ്യമാക്കി (മര്‍ 5:1-20).ഞങ്ങള്‍ പലര്‍ ആകുന്നു.എന്നര്‍ത്ഥമുള്ള ലെഗ്യോനെ കര്‍ത്താവ്‌സൗഖ്യമാക്കിയതിനു ശേഷം ഭാവനയിലൂടെ ...ഈ കാലഘട്ടത്തില്‍...
       ദെക്കപ്പൊലി നാട്ടിലെ ഒരു സുപ്രഭാതം.. 
  അന്നാമ്മ സഹോദരി അറിഞ്ഞോ? എന്ത് അറിഞ്ഞോന്നാ?
  ആ നരകപ്പറമ്പു വീട്ടിലെ കുഞ്ഞമ്മയുടെ മോനില്ലേ...
  ആരാ...ആ ലെഗ്യോനോ? അതെ അവന്‍ ഗദരദേശത്ത് ശവക്കോട്ടയില്‍ ഭ്രാന്തു പിടിച്ച് നടക്കുവായിരുന്നു.അവന്‍ തിരിച്ചു വന്നിട്ടുണ്ട്..അവനെ യേശു സൗഖ്യമാക്കിയെന്ന്..
  ങേ..ആ ചെറുക്കന്‍ മുണ്ടും ഇല്ല തുണിയും ഇല്ലാതെ വട്ടു പിടിച്ചു നടന്ന് അവസാനം എങ്ങോ പോയെന്ന് കേട്ടായിരുന്നു.അവന്‍ ജീവിച്ചിരിപ്പുണ്ടോ?
 അതെ, അവന്‍ ജീവിച്ചിരിപ്പുണ്ട്. അവരുടെ വീട്ടില്‍ അനേകനാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം പാട്ടും പ്രാര്‍ത്ഥനയും ഒക്കെ കേട്ടു.അവരുടെ അയല്‍പക്കത്തുള്ളോരാ പറഞ്ഞത് അവന് യേശു സൗഖ്യം കൊടുത്തെന്ന്.
 ഹോ എനിക്കു തോന്നുന്നില്ല... ആ ചെറുക്കന് സൗഖ്യം വന്നോ ഇല്ലയോ എന്ന് ഒരു നല്ല മനോരോഗവിദഗ്ദനെക്കൊണ്ടു പരിശോധിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് കൊണ്ടു വന്നാല്‍ വിശ്വസിക്കാം. കുറച്ചുനാള്‍ ആ ചെറുക്കന്‍ ഇവിടെ ഇല്ലാഞ്ഞപ്പം ഒരു സമാധാനം ഉണ്ടായിരുന്നു. പിന്നെയും മനുഷ്യന്റെ സമാധാനം കളയാന്‍വന്നിരിക്കുവാണോ ആവോ? ഞാന്‍ പോകുവാ മറിയാമ്മേ..അച്ചായന് ജോലിക്കു പോകാന്‍ സമയമായി. പിളേളര്‍ക്ക് സ്‌കൂളില്‍ പോകാന്‍ ബസ് വരാറായി. നമുക്ക് പിന്നെ സംസാരിക്കാം.
 അന്നാമ്മ വീട്ടിലെത്തി...അച്ചായന്‍ അറിഞ്ഞോ?ആ ലെഗ്യോനെ യേശു സൗഖ്യമാക്കിയെന്ന്...
 ങാ ഞാനും അറിഞ്ഞിരുന്നു.ഇന്നലെ കവലയില്‍ ഇതായിരുന്നു സംസാരം. ആ ചെറുക്കന്‍ ആളാകെ മാറിയെന്ന്...അവിടെയുള്ള പല വീടുകളിലും കയറിയിറങ്ങി യേശു അവനെ സൗഖ്യമാക്കി എന്നു പറയുന്നു .എന്തായാലും  ഞാനില്ലാത്തപ്പം അവന്‍ വന്നു വിളിച്ചാല്‍ നീ കതകു തുറക്കണ്ടാ കേട്ടോ. അറിയാനൊക്കുവോ അവനു സൗഖ്യമായോ ഇല്ലയോ എന്ന്...ഓരോന്നിനൊക്കെ വട്ടുപിടിച്ചാല്‍ നാട്ടുകാര്‍ക്കും പണിയാ...
     അപ്പോസ്‌തോലര്‍ രാത്രികാലെ ആരാധിച്ചപ്പോള്‍ 
     ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ.. എന്ന പാട്ടു കേട്ടപ്പോള്‍ അന്നാമ്മ അച്ചായനോടു ചോദിച്ചു അച്ചായാ... എവിടുന്നാ ഈ രാവിലെ തന്നെ പാട്ടു കേള്‍ക്കുന്നത്?
എടീ അത് ആ കവലയില്‍ നിന്നാ...ആ ലെഗ്യോന്‍ പാടുന്നതാ...അയ്യോ ദേ അവന്റെ സാക്ഷ്യം..
കര്‍ത്താവില്‍ പ്രിയ സഹോദരങ്ങളെ,എനിക്ക് പ്രസംഗിക്കാന്‍ ഒന്നും അറിഞ്ഞു കൂടാ. പക്ഷേ ഒന്നു ഞാന്‍ അറിഞ്ഞു,അശുദ്ധാത്മാവ് ബാധിച്ച് നടന്ന സമയത്ത് യേശു എന്റെ അടുക്കല്‍ വന്നു.അശുദ്ധാത്മാവേ,ആ മനുഷ്യനെ വിട്ടുപോകൂ എന്ന് കല്‍പ്പിച്ചു.ആ നിമിഷം ഞാന്‍ സ്വതന്ത്രനായി എനി ക്കു സൗഖ്യം ലഭിച്ചു.അവന്‍ നിങ്ങളുടെ രോഗത്തെയും സൗഖ്യമാക്കാന്‍ കഴിവുള്ളവനാണ്. ഞാന്‍ ഭ്രാന്തനായി നാട്ടുകാരാലും വീട്ടുകാരാലും തള്ളപ്പെട്ടപ്പോള്‍,ആശുപത്രികള്‍ കയറിയിറങ്ങി നടന്ന് സൗഖ്യം പ്രാപിപ്പാന്‍ കഴിയാതെ വന്നപ്പോള്‍,ഡോക്ടര്‍മാര്‍ കൈവിട്ടപ്പോള്‍ എന്റെ അമ്മ ഈ വട്ടനെ ഞാന്‍ പ്രസവിച്ചല്ലോ എന്നു പറഞ്ഞു ശപിച്ചപ്പോള്‍  യേശു എന്നെ സ്‌നേഹിച്ചു. അവന്‍ എനിക്കു വിടുതല്‍ തന്നു.എന്നെ കേള്‍ക്കുന്ന ആരെങ്കിലും രോഗത്താല്‍ ഭാരപ്പെടുന്നുവോ?യേശു സൗഖ്യമാക്കും.കടഭാരത്താല്‍ വലയുന്നുവോ? യേശു വിടുവിക്കും. പാപത്തില്‍ ജീവിക്കുന്നുവോ?യേശു മോചനം നല്‍കും. അവങ്കലേക്കു തിരിയുവിന്‍..നിന്റെ പാപം എത്ര കടും ചുവപ്പായിരുന്നാലും അത് അവന്‍ ഹിമം പോലെ വെളുപ്പിക്കും.ഞാന്‍ ഈ സുവിശേഷവുമായി പോവുകയാണ് എന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക്...ബന്ധുക്കളുടെ അടുത്തേക്ക്...എന്നെ ചികിത്സിച്ച ഡോക്ടറുടെ അടുത്തേക്ക്...പ്രത്യേകമായി അശുദ്ധാത്മാവ് ബാധിച്ചു കഴിയുന്ന...എല്ലാവരാലും തള്ളപ്പെട്ടവരെ വിടുവിക്കാ ന്‍,അവര്‍ക്കു വേണ്ടി പ്രാര്‍ ത്ഥിക്കാന്‍,അനേകം ആത്മാക്കളെ നേടുവാന്‍..നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെയും ഓര്‍ക്കേണമേ.ദൈവനാമത്തില്‍ ലെഗ്യോന്‍..ആമേന്‍..ക്ഷമിക്കണേ..ഞാന്‍ പഴയ ലെഗ്യോനല്ല.സുവിശേഷകന്‍ ലൂക്കോസ്..ആമേന്‍..
 

RELATED STORIES

Top