ഞാന്‍ എവിടെയാണ് കിടക്കുന്നത്?ചുറ്റും ഇരുട്ടാണല്ലോ.എന്താണ് എനിക്ക് പെട്ടെന്ന് സംഭവിച്ചത്?മുള്ളുകള്‍ നിറഞ്ഞ കുഴിയില്ക്കിടന്ന് ആട് ഒരു സഹായത്തിനായി കേണു.പുറകിലേക്ക് ചിന്തിച്ചപ്പോള്‍ കാര്യങ്ങള്‍ പതിയെ ഓര്‍മ്മയില്‍ വന്നു.ഇടയന്റേയും എന്റെ കൂട്ടുകാരുടേയും ഒപ്പം വളരെ ഉല്ലസിച്ചു തുള്ളിച്ചാടി ഓടി നടക്കുകയായിരുന്നു ഞാനും. പെട്ടെന്നാണ് ദൂരെ നല്ലൊരു കാഴ്ച എന്റെ കണ്ണില്‍ പെട്ടത്.ഒന്നു പോയിനോക്കിയാലോ എന്നെനിക്ക് തോ ന്നി.ഇപ്പോള്‍ നില്ക്കുന്ന സ്ഥലത്തേക്കാളും പുല്ലുണ്ടെന്ന് തോന്നുന്നു. ആരും അറിയാതെ ഒന്ന് ഓടിപ്പോയി നോക്കിയിട്ടു വരാം.അന്ന് രാത്രി കൂട്ടം വിട്ട് ഓടിയതാണ്.എന്തുചെയ്യാം അവസാനിച്ചത് ഈ കുഴിയിലും.വല്ലാത്ത കുറ്റബോധം തോന്നിയെങ്കിലും ആരോടു പറയാന്‍? ഈ ഇരുട്ടത്ത് ആരു വരാന്‍? ഒരു ശബ്ദമോ വെളിച്ചമോ ഇല്ല.ഇവിടെ എന്റെ ജീവിതം അവസാനിച്ചതു തന്നെ.നിരാശയോടെ ആട് ഗദ്ഗദം ചെയ്തു.
എന്തോ ഒരു ശബ്ദം കേള്‍ക്കുന്നല്ലോ...എന്റെ ഓമനപ്പേരു വിളിക്കുന്നതാണല്ലോ കേള്‍ക്കുന്നത്.ശബ്ദം ആരുടെയാണ്? ആര്‍ക്കാണ് ഈ ഇരുട്ടത്ത് എന്നെ തിരഞ്ഞു വരാന്‍ ധൈര്യമുള്ളത്?അതോ എനിക്ക് തോന്നിയതാണോ?അല്ല ആ ശബ്ദം അടുത്തടുത്ത് വരുന്നു.അത് എന്റെ ഇടയന്റെ ശബ്ദമാണല്ലോ. ജീവിതത്തില്‍ ശുഭപ്രതീക്ഷയുടെ തിരി തെളിയുന്നു. ഇല്ല,അവസാനിച്ചിട്ടില്ല.എന്റെ കൂടെയുണ്ടായിരുന്ന 99 ആടുകളെ കാണുന്നില്ലല്ലോ.ഏതായാലും അത്രയും എണ്ണത്തെ വിട്ട് ഈ ഒരാടിനു വേണ്ടി ഇടയന് ഇറങ്ങിത്തിരിക്കുമോ? ചിന്തകള്‍ മുറിച്ചുകൊണ്ട് തൊട്ടടുത്തു ഇടയന്റെ ശബ്ദം കേട്ടു.മുള്ളുകള്‍ക്കിടയില്‍ നിന്ന് ഞാന്‍ പതിയെ ശരീരമുയര്ത്താന് ശ്രമിച്ചു.പരാജയപ്പെട്ട ഞാന്‍ അവിടെ കിടന്നു.ഇതാ ഇപ്പോള്‍ എന്നിലേക്ക് നീളുന്ന ഒരു കരം.അതെ,അത് ഇടയന്റെ കരം തന്നെ. എന്നെ എപ്പോഴും കരങ്ങളിലെടുത്തു തലോടുന്ന,എനിക്ക് വിശപ്പടക്കാന്‍ ഇലകള്‍ പറിച്ചുതരുന്ന ആ കരങ്ങള്‍ തന്നെ. ഈ കരത്തിന്റെ സംരക്ഷണയില്‍ നിന്നാണല്ലോ അതിന്റെ വില മനസിലാക്കാതെ ഞാന്‍ ഓടിപ്പോന്നത് എന്നോര്‍ത്തപ്പോള്‍ പശ്ചാത്താപത്താല്‍ എന്റെ ശിരസ്സു കുനിഞ്ഞു.നീണ്ട കരങ്ങള്‍ എന്നെ കോരിയെടുത്ത് തോളില്‍ ഇരുത്തി.ആദ്യം ചൂരല്‍ വടി പ്രയോഗമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഇടയന് എന്നെ കോരിയെടുത്ത് ചുംബിച്ചു.സംഭവിച്ച തെറ്റുകള്‍ പറഞ്ഞ് ശകാരിച്ചില്ല. പകരം ആ മൃദുസ്വരം എന്റെ കാതില്‍ പറയുന്നതു കേട്ടു,തിരികെ കിട്ടിയല്ലോ.എന്നെയും തോളിലേന്തി ഇടയന് ആലയിലേക്കു നടന്നു.അപ്പോഴും ആ കരങ്ങളില്‍ നിന്ന് രക്തം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.എന്നെ രക്ഷിക്കാന്‍ നീട്ടിയപ്പോള്‍ മുള്ളുകളാല്‍ ഏറ്റ പ്രഹരത്തില്‍നിന്ന്.....