logo
add image
Breaking News
ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര തീരുമാനം അനുസരിച്ചെന്ന് മുഖ്യമന്ത്രി * മാളുകളും ഹോട്ടലുകളും തുറക്കുന്നതു സംബന്ധിച്ച് എട്ടാം തീയതിയ്ക്കു ശേഷം തീരുമാനിക്കും * സ്‌കൂള്‍ തുറക്കല്‍ ജൂലൈ മാസത്തിനു ശേഷം മാത്രം * കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍
മാതാപിതാക്കള്‍ ജാഗ്രതൈ

മാതാപിതാക്കള്‍ ജാഗ്രതൈ

    സിന്ധു ഡോക്ടറാണ്. നഗരത്തിലെ ഒരാശുപത്രിയില്‍ ജോലി ചെയ്യുന്നു. കല്യാണം കഴിച്ചത് ഒരു എന്‍ജിനീയറെ. കല്യാണത്തിന് ശേഷമാണ് ഭര്‍ത്താവ് ബിടെക് പാസായിട്ടില്ലെന്ന് മനസ്സിലായത്. ഗള്‍ഫിലെ ജോലി രാജി വെച്ച് ഭര്‍ത്താവ് വീട്ടില്‍ വന്നു. യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഭര്‍ത്താവ്. എപ്പോഴും വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കും. എട്ടു മണിവരെ കിടന്നുറങ്ങും. വീട്ടിലെ ഒരു കാര്യവും ചെയ്യില്ല. മാതാപിതാക്കള്‍ അഭ്യസ്തവിദ്യരാണ്. പിതാവ് എഞ്ചിനീയര്‍, മാതാവ് ടീച്ചര്‍ എന്നിട്ടും മക്കള്‍ക്ക് ശരിയായിട്ടുള്ള പരിശീലനം കൊടുക്കാന്‍ സാധിച്ചില്ല. സിന്ധു ഒറ്റ മകളാണ്. വളരെ നല്ല രീതിയില്‍ വളര്‍ത്തപ്പെട്ട കുട്ടി. അവരുടെ വിവാഹജീവിതം പ്രതിസന്ധിയിലാണ്. എങ്ങനെയെങ്കിലും ഭര്‍ത്താവിനെ നേരെയാക്കിയെടുക്കണം എന്ന വാശിയിലാണ് സിന്ധു. ആ ഉദ്ദേശത്തോടെ അവള്‍ കൗണ്‍സിലിങിനെത്തി. 
    സൗമ്യയുടെ കഥയും ഏറെ വ്യത്യസ്തമല്ല. സൗമ്യ നല്ലൊരു കുടുംബത്തിലെ മൂന്നു പെണ്‍മക്കളിലൊരാള്‍. എഞ്ചിനീയറിംഗില്‍ ഉയര്‍ന്ന ബിരുദങ്ങള്‍ നേടി. കല്യാണം കഴിച്ചതും എന്‍ജിനീയറെ. ഭര്‍ത്താവ് അമ്മയുടെ ചൊല്‍പ്പടിയിലാണ് .ദേഷ്യക്കാരനായ ഭര്‍ത്താവിനെ സൗമ്യ ഇഞ്ചിഞ്ചായി സഹിക്കുകയാണ്. ഒരു ഉത്തരവാദിത്വവും വീട്ടില്‍ ഏറ്റെടുക്കാത്ത ഭര്‍ത്താവിന്റെ സ്ഥിരം പരിപാടി കുറ്റം പറച്ചിലാണ്. എന്തു ചെയ്യണമെന്നറിയാതെ വിവാഹമോചനത്തിന് തയാറെടുക്കുന്നു. ഇത്തരം പെണ്‍മക്കളുടെ മാതാപിതാക്കളുടെ ഹൃദയവേദനയും നിരാശയും വേറൊരു വശത്ത്. 
    വളരെ ഗൗരവതരമായ കാര്യം, സ്വന്തം ആണ്‍മക്കളുടെ സ്വഭാവ വൈകല്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ മരുമക്കളുടെ ശോചനീയമായ മനോഭാവമാണ്. അവര്‍ പറയുന്നത് ഭാര്യമാര്‍ എങ്ങനെയെങ്കിലും  അഡ്ജസ്റ്റ് ചെയ്താല്‍ മതിയെന്നാണ്. ജീവിതകാലം മുഴുവന്‍ ഈ അഡ്ജസ്റ്റുമെന്റില്‍ തകരുന്നത് പെണ്‍കുട്ടിയുടെ ജീവിതമാണ് എന്നത് അവര്‍ ബോധപൂര്‍വ്വം മറക്കുന്നു. 
    ഇത് അനേകം ഭവനങ്ങളിലെ വൈവാഹിക ജീവിതങ്ങളെ താറുമാറാക്കിയിരിക്കുന്നു. ഇതിന്റെയെല്ലാം വേരുകള്‍ എത്തി നില്‍ക്കുന്നത് കുടുംബത്തില്‍ തന്നെ. ശൈശവത്തിലും ബാല്യത്തിലും കുട്ടികള്‍ക്ക് കിട്ടേണ്ട ശിക്ഷണവും നല്ല മൂല്യങ്ങളും കിട്ടാതിരുന്നാല്‍ പിന്നെ അവരില്‍ അത് വേരുറപ്പിക്കുക വിഷമമുള്ള കാര്യമാണ്. ഈ സത്യം മാതാപിതാക്കള്‍ക്കറിയില്ല. ചെറുപ്പത്തില്‍ കൊടുക്കാന്‍ കഴിയാത്തതൊന്നും ഭാവിയില്‍ നമുക്ക് കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയില്ല. 
    എല്ലാ വിജയങ്ങളുടെയും തുടക്കം ശൈശവത്തിലും ബാല്യത്തിലും തന്നെയെന്ന കാര്യത്തില്‍ സംശയം വേണ്ട. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മക്കള്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കണം. അവര്‍ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നിറവേറ്റട്ടെ. അത് ആത്മവിശ്വാസവും ഉത്തരവാദിത്വ ബോധവും വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളിലുണ്ടാകും. ഉത്തരവാദിത്വങ്ങള്‍ മക്കള്‍ക്കു നല്‍കാത്ത മാതാപിതാക്കളാണ് അധികവും. പിള്ളാര്‍ പഠിച്ചാല്‍ മതി. ഇതാണ് അവരുടെ സ്ഥിരം പല്ലവി. അവര്‍ പഠിക്കും, നല്ല മാര്‍ക്ക് വാങ്ങും, ജയിക്കും. പക്ഷേ അവര്‍ക്ക് നേതാവിന്റെയോ മാനേജരുടെയോ യാതൊരു ഗുണങ്ങളും കാണുകയില്ല. 
    ചെറുപ്പത്തില്‍ തന്നെ കുട്ടികള്‍ അധ്വാനിക്കണം. എന്തെങ്കിലും അധ്വാനം കുട്ടികളെ കൊണ്ട് മാതാപിതാക്കള്‍ ചെയ്യിക്കാറില്ല. അത് അമിതലാളനയുടെ ഭാഗമാണ്. ചെറുപ്പത്തിലേ തന്നെ അദ്ധ്വാനം ചെയ്യാത്ത മക്കള്‍ നിര്‍ഗുണരായിത്തീരും. 
    അധ്വാനത്തിന്റെ നിലയും വിലയും അറിഞ്ഞ കുട്ടികള്‍ ശക്തരും യുക്തിയുള്ളവരുമായിത്തീരും. അടുക്കും ചിട്ടയും നല്ല ശീലങ്ങളും മാതാപിതാക്കള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ വേരുറപ്പിച്ചിരിക്കണം. ബോധപൂര്‍വമായ ശിക്ഷണം ഇതിനാവശ്യമാണ്. ശിക്ഷണം കുട്ടിയില്‍ സ്‌നേഹം കുറയ്ക്കും എന്ന ചിന്തയാണ് മാതാപിതാക്കള്‍ക്ക്. 
    തലയില്‍ വെച്ചാല്‍ പേനരിക്കും. താഴെ വെച്ചാല്‍ ഉറുമ്പരിക്കും എന്ന മനോഭാവമുള്ള മാതാപിതാക്കള്‍  കുട്ടികളെ തൊട്ടാവാടികളാക്കും. ഒരു പ്രതിസന്ധിയേയും തരണം ചെയ്യാന്‍ അവര്‍ക്ക് ശക്തിയില്ല. ഒരു വിമര്‍ശനവും അവര്‍ക്ക് സഹിക്കാന്‍ വയ്യാതാകുന്നു. പെട്ടെന്ന് നിരാശയും ദേഷ്യവും അവരിലുണ്ടാകുന്നു. ഇത്തരക്കാര്‍ സ്‌കൂളില്‍ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കുന്നു.ആപ്പിലാകുന്നത് അധ്യാപകര്‍. അതുകൊണ്ട് ഇന്ന് അധ്യാപകര്‍ ധര്‍മ്മസങ്കടത്തിലാണ്. മധുരിച്ചിട്ട് ഇറക്കാനും വയ്യ. കയ്ചിട്ട് ഇറക്കാനും വയ്യ. കര്‍ശനമായി സംസാരിച്ചാല്‍ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ തുടക്കം കുടുംബത്തില്‍ നിന്നു തന്നെ.ഒരു കുട്ടി ആത്മഹത്യ ചെയതതിന് കാരണക്കാര്‍ അധ്യാപകരാണെന്ന് പത്രങ്ങളില്‍ നാം വായിച്ചില്ലേ? അവര്‍ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കേണ്ട സാഹചര്യവും ഉണ്ടായി. ഇതിനെല്ലാം കാരണക്കാര്‍ മാതാപിതാക്കള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. 
     കുട്ടികളെ സംരക്ഷിക്കണം. പക്ഷേ അമിതമായ സംരക്ഷണം അവരെ ദുര്‍ബലരാക്കും. കുട്ടികള്‍ സ്വന്തമായി കാര്യങ്ങള്‍ ചെയ്യട്ടെ. അതവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും കൊടുക്കും. മക്കളോടുള്ള അനിയന്ത്രിതവും അനാവശ്യവുമായ സ്‌നേഹം അവര്‍ക്കു ഗുണം ചെയ്യില്ല. വിവാഹം കഴിഞ്ഞാലും മക്കളെ അവരുടെ വഴിയ്ക്കു വിടാതെ വീണ്ടും അവരുടെ പുറകെ നടന്ന് അവരുടെ സ്വകാര്യതയില്‍ കൈകടത്തുന്ന ആയിരക്കണക്കിന് മാതാപിതാക്കളുണ്ട്. അനേകം പേരുടെ കുടുംബജീവിതത്തെ ഇത്തരം മാതാപിതാക്കള്‍ നശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പ്രതിനിധികളാണ് സൗമ്യയും സിന്ധുവും. 
   കഷ്ടപ്പാട് അറിയിക്കാതെയാണ് ഞാന്‍ മക്കളെ വളര്‍ത്തിയത് എന്നു വീരവാദം മുഴക്കുന്നവരുണ്ട്. ഒരു ഹിമാലയന്‍ വിഡ്ഢിത്തമാണ് അവര്‍ കാണിച്ചതെന്ന് അവര്‍ക്കറിയില്ല. മക്കള്‍ കഷ്ടപ്പെട്ട് പഠിക്കണം, മിനക്കെടണം, അധ്വാനിക്കണം, ജോലികള്‍ ചെയ്യണം, പരാജയപ്പെടണം. പക്ഷേ പരാജയം അവസാനമല്ല എന്ന് അവരെ നാം പഠിപ്പിക്കണം. അപ്പോള്‍ അവര്‍ എന്തെങ്കിലും കേട്ട് ആത്മഹത്യ ചെയ്യുന്നവരാകില്ല. 
    മക്കളെ ശിക്ഷണമില്ലാതെ, മൂല്യങ്ങള്‍ കൊടുക്കാതെ വളര്‍ത്തിയിട്ട് എല്ലാ ഉത്തരവാദിത്വങ്ങളും സ്‌കൂളിനും അധ്യാപകര്‍ക്കും കൊടുക്കുന്ന മാതാപിതാക്കള്‍ കുറ്റം ചെയ്തവരാണ്. മക്കള്‍ കുറ്റം ചെയ്താല്‍ ഒന്നാം പ്രതി മാതാപിതാക്കളാണ്. മറക്കരുത്. അതുകൊണ്ട് കൗണ്‍സിലിംഗും പരിശീലനവും ഇന്ന് ഏറ്റവും അനിവാര്യമായിട്ടുള്ളത് മാതാപിതാക്കള്‍ക്കാണ്. മാതാപിതാക്കള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ ശരിയായി നിറവേറ്റിയാല്‍ ഒരു വിവാഹ മോചനങ്ങളും ഇവിടെയുണ്ടാകില്ല. മാതാപിതാക്കളേ, ജാഗ്രതൈ. 
 

RELATED STORIES

Top