logo
add image
കാത്തലിക് സിറിയന്‍ ബാങ്ക് ഇനി മുതല്‍ സി എസ് ബി

കാത്തലിക് സിറിയന്‍ ബാങ്ക് ഇനി മുതല്‍ സി എസ് ബി

തിരുവനന്തപുരം. സിറിയന്‍ എന്ന വാക്ക് വിനയായതോടെ കാത്തലിക് സിറിയന്‍ ബാങ്ക് സി എസ് ബി ലിമിറ്റഡ് എന്ന പേരിലേക്ക് മാറുന്നു. സിറിയന്‍ എന്ന വാക്ക് പേരില്‍ ഉള്‍പ്പെടുത്തിയിരുന്നതുകൊണ്ട് ബാങ്കില്‍ നടന്നുവന്നിരുന്ന എല്ലാ ഇടപാടുകളും പ്രത്യേകം നിരീക്ഷിച്ചായിരുന്നു വിദേശബാങ്കുകള്‍ നടത്തിയിരുന്നത്. ഇതേത്തുടര്‍ന്ന് പേരുമാറ്റം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് അംഗീകരിച്ചു.

രാഷ്ട്രീയ പ്രശ്‌നങ്ങളും ഭീകരവാദവും കൂടുതലായുള്ള സിറിയയില്‍ നിന്നുള്ള ബാങ്ക് എന്ന ധാരണയിലാണ് വിദേശബാങ്കുകള്‍ കാത്തലിക് സിറിയന്‍ ബാങ്കുമായുള്ള ഇടപാടുകള്‍ക്ക് വിസമ്മതം പ്രകടിപ്പിച്ചിരുന്നത്. സിറിയയില്‍ നിന്ന് ഇടപാടുകള്‍ നടത്തുന്നതിന് പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍  ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ബാങ്ക് ഏറെ വിശദീകരണങ്ങള്‍ നടത്തേണ്ടിവന്നിരുന്നു. മാത്രമല്ല, വിദേശത്തു നിന്നുള്ള ഇടപാടുകള്‍ കുറയുകയും ചെയ്തു. 

പേരുമാറ്റം സംബന്ധിച്ച് മുമ്പ് ആര്‍ ബി ഐയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിച്ചിരുന്നു. എന്നാല്‍ ബാങ്കിലെ ഇടപാടുകള്‍ തെളിവായി വന്നതോടെ ആര്‍ ബി ഐ അനുമതി നല്‍കുകയായിരുന്നു. ലോഗോ പഴയതു തന്നെ ഉപയോഗിക്കും. സി എസ് ബി എന്നതിന് പൂര്‍ണ്ണരൂപം ഉണ്ടാവില്ല. പുതിയ പേരുപയോഗിച്ച് അടുത്ത ആഴ്ച മുതല്‍ ഇടപാടുകള്‍ നടത്തും.
 

RELATED STORIES

Top