logo
add image
ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കുന്നതിന് ശുപാര്‍ശ 

ദുര്‍മന്ത്രവാദവും കൂടോത്രവും കുറ്റകരമാക്കുന്നതിന് ശുപാര്‍ശ 

തിരുവനന്തപുരം. സംസ്ഥാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നടക്കുന്ന ആചാരങ്ങളും കുറ്റകൃത്യങ്ങളും തടയാന്‍ നിയമപരിഷ്‌കരണ കമ്മീഷന്‍ പുതിയ നിയമത്തിന്റെ കരടിന് രൂപം നല്‍കി. ശരീരത്തിന് ആപല്‍ക്കരമായ അന്ധവിശ്വാസങ്ങളും ആചാരങ്ങളും കുറ്റകരമാക്കാനാണ് നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നത്. ദൂര്‍മന്ത്രവാദവും ആഭിചാരവും മൂലം ചികില്‍സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. 

അമാനുഷീക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് അശാസ്ത്രീയമായ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് നിയമം ലക്ഷ്യം വയ്ക്കുന്നത്. നിയമം ലംഘിച്ചാല്‍ ഏഴു വര്‍ഷം വരെ തടവും 50000 രൂപ പിഴയും ഈടാക്കുമെന്ന് നിയമത്തിന്റെ അന്തിമ രൂപത്തില്‍ നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ശരീരത്തിന് അപകടമുണ്ടാക്കാത്ത ആചാരങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ശരീരത്തില്‍ പ്രേതബാധയുണ്ടെന്നതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതും നിധി അന്വേഷിക്കുന്നതിനെ ചൊല്ലിയുള്ള ഉപദ്രവം, ദുര്‍മന്ത്ര വാദം, കൂടോത്രം, നഗ്നരാക്കി നടത്തുക, ബാധ ഒഴിപ്പിക്കുന്നതിന്റെ പേരിലുള്ള ശാരീരിക പീഡനങ്ങള്‍ തുടങ്ങിയവയൊക്കെ കുറ്റകരമായ പ്രവര്‍ത്തനങ്ങളാകും. മാത്രമല്ല, അമാനുഷീക ശക്തിയുണ്ടെന്ന പേരില്‍ ചികില്‍സിക്കുന്നത്, മരണം, ശാരീരിക അസ്വസ്ഥതകള്‍ എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നത്, ലൈംഗീക പ്രവൃത്തികള്‍ക്ക് നിര്‍ബന്ധിക്കല്‍ തുടങ്ങിയവയും കുറ്റകരമാകുന്നതില്‍ ഉള്‍പ്പെടും

ബലംപ്രയോഗിച്ച് സ്ത്രീകളെ ഒറ്റപ്പെടുത്തുന്നതും ആര്‍ത്തവത്തിന്റെ പേരിലും പ്രസവത്തിനുശേഷവും ഒറ്റയ്ക്ക് താമസിപ്പിക്കുന്നതും ആരാധനയുടെ പേരില്‍ നഗ്നരാക്കുന്നതും മൃഗങ്ങളെയോ പക്ഷികളെയോ കൊല്ലുന്നതിന് നിര്‍ബന്ധിക്കുന്നതും കവിളില്‍ അമ്പോ കമ്പിയോ കയറ്റുന്നതും ഭക്ഷണമോ വെള്ളമോ മലിനമാക്കുന്നതും, ചികില്‍സ തേടുന്നതിന് അനുവദിക്കാതെ മന്ത്ര തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനോ പ്രാര്‍ത്ഥന നടത്തുന്നതിനോ നിര്‍ബന്ധിക്കുന്നതും കുറ്റകരമാകും. 

എന്നാല്‍ ആത്മീയ കൂട്ടായ്മകളിലും മറ്റും നടക്കുന്ന ആരാധനാരീതികള്‍, സന്യാസിമാരുടെയും പുണ്യാള ന്മാരുടെയും അറിവുകളും ആചാരങ്ങളും പ്രചരിപ്പിക്കല്‍, അത്ഭുതങ്ങള്‍ പരാമര്‍ശിക്കുന്നതും പ്രചരിപ്പിക്കല്‍, മതപ്രഭാഷകരുടെ അദ്ഭുതങ്ങള്‍ സംബന്ധിച്ച് പ്രചരിപ്പിക്കല്‍ എന്നിവയൊന്നും കുറ്റകരമാവില്ല. 

വീടുകളിലും ദേവാലയങ്ങളിലും നടക്കുന്ന ശരീരത്തിന് ഉപദ്രവമേല്‍ക്കാത്ത ആചാരങ്ങളും ഉത്സവങ്ങള്‍, പ്രാര്‍ത്ഥനകള്‍, ഘോഷയാത്രകള്‍ തുടങ്ങിയ ആചാരങ്ങളും ചൂഷണം ചെയ്യാത്ത തരത്തിലുള്ള വാസ്തു, ജ്യോതിശാസ്ത്രം തുടങ്ങിയവയും സര്‍ക്കാരിന്റെ ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്ന മതപരമായ ചടങ്ങുകളും കുറ്റകരമാവില്ല. 

RELATED STORIES

Top