logo
add image
ശുഭചിന്ത

ശുഭചിന്ത

ഒരിക്കല്‍ അഞ്ചു വയസ്സുള്ള ഒരു കുട്ടി തന്റെ പിതാവിനോടൊപ്പം പള്ളിയില്‍ പെരുന്നാളിന് പോയി. പള്ളിയിലേക്കു പോകുന്ന വഴിയില്‍ വലിയ തിരക്കായിരുന്നു. തിരക്കില്‍ വേറിട്ട് പോകാതിരിക്കാനായി അവന്‍ പപ്പയുടെ കൈയില്‍ മുറുകെ പിടിച്ചിരുന്നു. 
   വഴിയുടെ ഇരുവശത്തും നിറയെ കടകള്‍. കടകള്‍ക്കു മുന്നില്‍ പല തരത്തിലുള്ള കളിപ്പാട്ടങ്ങള്‍..പപ്പാ എനിക്കൊരു ബലൂണ്‍ വേണം. അവന്റെ പിതാവ് അവന് ഒരു ബലൂണ്‍ വാങ്ങി നല്‍കി. അവനിഷ്ടപ്പെട്ട നിറത്തിലുള്ള ബലൂണ്‍ കിട്ടിയതില്‍ അവന്‍ ഒത്തിരി സന്തോഷിച്ചു. ഒരു കൈയില്‍ ബലൂണും മറ്റേ കൈ പപ്പയുടെ കൈയിലും പിടിച്ച് കുഞ്ഞ് മുന്നോട്ടു നീങ്ങി. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവന്റെ പ്രായത്തിലുള്ള കുറേ കുട്ടികള്‍ വിസിലൂതുന്നത് അവന്‍ കണ്ടു. 
   ഇതു കണ്ട കുട്ടിയ്ക്കും വിസില്‍ വേണമെന്ന് തോന്നി. പപ്പ അതും വാങ്ങി അവനു നല്‍കി. ഒരു കൈയില്‍ ബലൂണും മറ്റേകൈയില്‍ വിസിലും. കുട്ടി സന്തോഷം കൊണ്ടു തുള്ളിച്ചാടി. അവന്‍ വിസില്‍ ശക്തമായി ഊതാന്‍ ശ്രമിച്ചു. 
   വിസിലിന്റെ മനോഹരമായ ശബ്ദം ആസ്വദിക്കുന്നതിനിടയിലാണ് കുഞ്ഞ് തന്റെ പിതാവ് അടുത്തില്ലാതെ താന്‍ ഒറ്റപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയത്. അവനാകെ പരിഭ്രമിച്ചു. പപ്പയുടെ കൈ വിടുവിച്ച് വിസില്‍ ഊതാന്‍ നിന്ന സമയത്ത് പപ്പയില്‍ നിന്ന് അവന്‍ അകന്നു പോയി. പപ്പയെ വിളിച്ച് അവന്‍ കരയാന്‍ തുടങ്ങി. കരഞ്ഞുകൊണ്ട് അവന്‍ ഒത്തിരി ഇഷ്ടത്തോടെ വാങ്ങിയ ബലൂണും വിസിലും വലിച്ചെറിഞ്ഞു. പപ്പ അവനില്‍ നിന്ന് അധികം ദൂരെയല്ലാതിരുന്നതിനാല്‍ അവനെ ഓടിവന്ന് ആശ്വസിപ്പിച്ചു. 
   പപ്പയോടൊപ്പം നടന്നപ്പോള്‍ അവന് വിസിലും ബലൂണുമെല്ലാം സന്തോഷം തരുന്നതായിരുന്നു. എന്നാല്‍ പപ്പയില്‍ നിന്ന് അകന്നപ്പോള്‍ ബലൂണിനും വിസിലിനും അവനെ സന്തോഷിപ്പിക്കാന്‍ സാധിച്ചില്ല. നാമും ഇതുപോലെയാണ്. നമുക്കെന്തെല്ലാം സൗഭാഗ്യങ്ങളുണ്ടായാലും അതു മധുരതരമാവമണമെങ്കില്‍ ദൈവസാന്നിധ്യം അനുഭവിക്കാനാകണം. പണവും സൗന്ദര്യവും അറിവും കഴിവും എല്ലാം നല്ലതാണ്. നമ്മുടെ ജീവിതത്തില്‍ അനിവാര്യവുമാണ്. എന്നാല്‍ ദൈവീക സാന്നിധ്യമില്ലാതെ അതിനെയൊക്കെ ആസ്വദിച്ചാല്‍ പൂര്‍ണ്ണതയിലേക്കെത്താന്‍ കഴിയില്ല. 

ഓര്‍ക്കുക. നമ്മുടെ ജീവിതം, ജോലി, കുടുംബം ഇവയൊന്നും നമുക്ക് ആസ്വദിക്കാനും സമാധാനത്തോടെയിരിക്കാനും സാധിക്കുന്നില്ലെങ്കില്‍ ഓര്‍ക്കുക. നാം ഒറ്റയ്ക്കാണെന്ന്. മടങ്ങി വരിക , ദൈവസാന്നിധ്യത്തിലേക്കും കൃപയിലേക്കും. വേദനകളില്‍ ദൈവത്തെ മുറുകെ പിടിക്കുക. ശുഭദിനം


 

RELATED STORIES

Top