logo
add image
Breaking News
പരിശുദ്ധാത്മാവും സുവിശേഷീകരണവും

പരിശുദ്ധാത്മാവും സുവിശേഷീകരണവും

സുദീര്‍ഘമായ കാലഘട്ടത്തിലൂടെ കടന്നു പോകുന്ന പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വ്യത്യസ്തമാണ്. മനുഷ്യബുദ്ധിയ്ക്ക് എത്തിപ്പിടിക്കുവാന്‍ കഴിയാത്ത അനന്തതയില്‍ പരിശുദ്ധാത്മാവിന്റെ പ്രവൃത്തി തുടരുന്നു. ദൈവത്തിന്റെ  അത്ഭുത പ്രതിഭാസമായ പ്രപഞ്ചസൃഷ്ടി മുതല്‍ മനുഷ്യ ഉല്‍പ്പത്തിയില്‍ പ്രവൃത്തിച്ച് മനുഷ്യ മനസ്സിനെ ശുദ്ധീകരിച്ച് രൂപാന്തരപ്പെടുത്തി അമാനുഷീകമായ പ്രവൃത്തികളെ ചെയ്യുന്നതുവരെ പരിശുദ്ധാത്മാവിന്റെ  പ്രവര്‍ത്തനങ്ങള്‍ നീണ്ടുകിടക്കുന്നു.
  ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയ്ക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നല്‍കിയതിന്റെ പരമപ്രധാനമായ ലക്ഷ്യം ക്രിസ്തു യേശുവിനെ ലോകത്തോട് സാക്ഷീകരിക്കാന്‍ വേണ്ടിയാണ്. ക്രിസ്തുവിനെ അനുഗമിച്ച ഒരു വിശ്വാസിയ്ക്കും ഈ ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞിരിക്കാന്‍ കഴിയില്ല. പൗലോസ് പറയുന്നു നിര്‍ബന്ധം എന്റെ മേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം. (1കൊരി 19:17). ഓരോ വിശ്വാസിയെയും ദൈവം വിളിച്ചതിന്റെ പരമപ്രധാനമായ ലക്ഷ്യം ആത്മാവിന്റെ വെളിച്ചത്തില്‍ ലോകത്തില്‍ പ്രകാശിച്ചിട്ട് ഇരുട്ടിലിരിക്കുന്നവരെ രക്ഷിക്കാന്‍ വേണ്ടിയാണ്. ലോകപ്രശസ്ത സുവിശേഷകനായ റെയിനാര്‍ഡ് ബോങ്കേ ഇപ്രകാരം പറഞ്ഞു. സുവിശേഷീകരണം ക്രിസ്തുവിന്റെ ആദ്യവിളിയും അവന്‍ നല്‍കിയ ആദ്യ കല്‍പ്പനയുമാണ്. 
   സഭാചരിത്രത്തിന്റെ ഓരോ സുവര്‍ണദശകങ്ങള്‍ നാം പഠിക്കുമ്പോള്‍ പെന്തക്കോസ്ത് നാളില്‍ മര്‍ക്കോസിന്റെ മാളികമുറിയില്‍ ഇറങ്ങിവന്ന ആത്മാവിന്റെ അഗ്നി ഓരോ നൂറ്റാണ്ടുകളിലും കൈമാറി കൈമാറി വിസ്‌ഫോടനകരമായ വലിയ മാറ്റങ്ങളും ഉണര്‍വുകളും സൃഷ്ടിച്ച് സഭയെ ശുദ്ധീകരിച്ച് ക്രിസ്തുയേശുവിനെക്കുറിച്ചുള്ള സുവിശേഷം ലോകത്തോടറിയിക്കുവാന്‍ വ്യക്തിജീവിതത്തെ ഒരുക്കിയെടുക്കുന്ന ചിത്രം കാണുവാന്‍ കഴിയും. ഒരു കാലത്ത് പരിശുദ്ധാത്മാവിന്റെ  പ്രവര്‍ത്തനം നിന്നുപോയി എന്ന് ചിന്തിച്ച സ്ഥാനത്ത് ഇരുപതാം നൂറ്റാണ്ടില്‍ ആത്മമാരി പെയ്തിറങ്ങി. കഴിഞ്ഞ 100 വര്‍ഷങ്ങളില്‍ പെന്തക്കോസ്ത് കരിസ്മാറ്റിക് വിശ്വാസികള്‍ക്കു ലഭിച്ച വന്‍ വിജയത്തെപ്പോലെ സഭാചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല എന്നുവേണം കരുതാന്‍. ഈ അത്ഭുതകരമായ ഉണര്‍വിന്റെ കാരണം പരിശുദ്ധാത്മാവിന് വ്യക്തിജീവിതങ്ങള്‍ വിധേയപ്പെട്ടു എന്നതാണ്. ദൈവാത്മാവിന് വിധേയപ്പെട്ട് അതിനായി തന്നെത്തന്നെ ഒരുക്കിയെടുത്ത് ജീവിതത്തെ ഏല്‍പ്പിച്ചു കൊടുക്കുന്നതു മുഖാന്തിരം ജനങ്ങളിലേക്ക് സത്യസുവിശേഷം കടന്നുചെന്ന് വലിയ പാപബോധത്താല്‍ ജനം മാനസാന്തരപ്പെടുവാനിടയായിത്തീരുന്നു. 
    പെന്തക്കോസ്ത് നാളില്‍ ആത്മശക്തി പ്രാപിച്ച ശിഷ്യന്മാര്‍ ആത്മാക്കളുടെ വിടുതലിനായി ഒരുമിച്ച് കൂടി പ്രാര്‍ത്ഥിക്കുകയല്ല ചെയ്തത്, പ്രത്യുത ലോകത്തിലേക്കിറങ്ങി ആത്മാവിന്റെ പ്രവര്‍ത്തനത്തെ ലോകത്തില്‍ വ്യാപിപ്പിക്കുകയത്രേ ചെയ്തത്. ഇന്ന് പലരും  പ്രാര്‍ത്ഥിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നില്ല. ലോകസുവിശേഷീകരണത്തിന് പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണ്. എന്നാല്‍ പ്രാര്‍ത്ഥനയില്‍ സുവിശേഷം ഒതുങ്ങി പോകരുത്. സുവിശേഷത്തിനായി പണം മുടക്കുകയും പ്രാര്‍ത്ഥിക്കുകയും മറ്റു ഭൗതീക കൂട്ടായ്മ കാണിക്കുകയും ചെയ്തിട്ട് എനിക്ക് ഇത്രമാത്രമേ ചെയ്യാന്‍ 
കഴിയൂ, സുവിശേഷം പറയാനുള്ള കഴിവോ അഭിഷേകമോ ഇല്ലെന്നു പറയുന്ന നിരവധി പേരുണ്ട്. ഇതിനു വ്യക്തമായി ഒരു മറുപടി പറയുന്ന ഭാഗമാണ് 2 രാജാ 14:7 ഒരു വിധവയായ സ്ത്രീ തന്റെ സങ്കടം ഏലീശ പ്രവാചകനോട് പറയുമ്പോള്‍ നിന്റെ പക്കല്‍ എന്തുണ്ട് എന്ന് ഏലീശ ചോദിച്ചു. അതിന് സ്ത്രീ ഒരു ഭരണി എണ്ണയല്ലാതെ എന്റെ പക്കല്‍ ഒന്നുമില്ലായെന്ന് പറഞ്ഞതിന് നീ വീട്ടില്‍ പോയി അയല്‍ക്കാരോടൊക്കെയും വെറും പാത്രങ്ങള്‍ കടം വാങ്ങുക, പാത്രങ്ങള്‍ കുറവായിരിക്കരുത് . എന്നിട്ട് പാത്രങ്ങളില്‍ എണ്ണ പകരുക. സ്ത്രീ പോയി അങ്ങനെ തന്നെ ചെയ്തു. എല്ലാ പാത്രങ്ങളിലും എണ്ണ നിറഞ്ഞു കഴിഞ്ഞപ്പോള്‍ വെറെ പാത്രങ്ങളില്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി. ഇതുപോലെ നാം വ്യക്തിജീവിതങ്ങളെ ദൈവത്തിന്റെ അടുക്കല്‍ കൊണ്ടുവരുന്നെങ്കില്‍ ദൈവം അവരെ രക്ഷിക്കുവാനും നിറയ്ക്കുവാനും തയാറാണ്. നാം എത്രപേരെ ദൈവത്തിന്റെയടുക്കല്‍ കൊണ്ടുവന്നാലും ദൈവത്തിന് അവരെ നിറയ്ക്കുവാനും രക്ഷിക്കാനും കഴിയും എന്ന് നാം മറന്നു പോകരുത്. അല്ലാതെ ആത്മാക്കളെ വിടുവിക്കുന്നത് നമ്മുടെ കഴിവോ ശേഷിയോ അല്ല. മറിച്ച് ദൈവത്തിന്റെ ആത്മാവിന്റെ പ്രവര്‍ത്തനം മാത്രമാണ്. അതുകൊണ്ട് നാം ലോകത്തിലേക്കിറങ്ങി പരിശുദ്ധാത്മാവിന് ജനഹൃദയങ്ങളെ സ്പര്‍ശിക്കാന്‍ വഴിയൊരുക്കി കൊടുക്കുക. 
  ഈ കാലഘട്ടത്തിലെ സുവിശേഷീകരണം എങ്ങനെയാണ്? 

ചിലര്‍ ബുദ്ധിപൂര്‍വ്വമായ തന്ത്രങ്ങളിലും വാചകക്കസര്‍ത്തുകളിലും പ്രസംഗവേദിയെ തന്റെ കഴിവു തെളിയിക്കാനും ജനത്തെ പുളകം കൊള്ളിക്കാനുമുള്ള മാധ്യമമായി പ്രയോജനപ്പെടുത്തുന്നു. ഇതില്‍ പ്രസംഗകരും സംഘാടകരും സന്തോഷിക്കുന്നു. ഞാന്‍ ദൈവത്തിനു വേണ്ടി എന്തൊക്കെയോ ചെയ്തു എന്ന് സ്വയം ആശ്വസിച്ചു സംതൃപ്തിപ്പെടുന്നു. എന്നാല്‍ മാനസാന്തരം നടക്കുന്നത് വെറും പ്രസംഗത്തിലൂടെയല്ല. പ്രത്യുത പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ സംഭവിക്കുന്നതാണ്. ആത്മനിറവുള്ള പ്രസംഗം ആത്മാവിന്റെ പ്രവര്‍ത്തിയാല്‍ ജനഹൃദയങ്ങളില്‍ ചെല്ലുന്നു. ദൈവാത്മാവിന് പൂര്‍ണ്ണമായും കീഴ്‌പ്പെട്ട് പരിശുദ്ധാത്മാവിനെ തന്നിലൂടെ പ്രവര്‍ത്തിക്കാന്‍ ഏല്‍പ്പിക്കുന്ന ഒരു വ്യക്തിയെ ദൈവം ഈ ലോകത്തെ ഇളക്കിമറിക്കാന്‍ തക്ക രീതിയില്‍ ഉപയോഗിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ നിര്‍ഭാഗ്യം എന്നു പറയട്ടെ, ഇന്ന് ദൈവാത്മാവിന് വിധേയപ്പെട്ട് ജീവിക്കുന്ന വ്യക്തികള്‍ പൊതുവേ ചുരുക്കമായതിനാല്‍ ദൈവപ്രവൃത്തിയും ലോകത്തില്‍ കുറഞ്ഞിരിക്കുന്നു. 
    സന്ദര്‍ശന മുറിയില്‍ അലങ്കരിച്ച കണ്ണാടി അലമാരകളില്‍ വിലകൂടിയ സ്ഫടിക പാത്രങ്ങളും വര്‍ണ്ണപകിട്ടുള്ള പാനപാത്രങ്ങളും വെറും അലങ്കാരത്തിനും പ്രദര്‍ശനത്തിനുമായി മാത്രം ഒതുങ്ങി നില്‍ക്കുമ്പോള്‍ സാധാരണ മണ്‍പാത്രങ്ങളും സ്റ്റീല്‍ പാത്രങ്ങളും അലുമിനിയം പാത്രങ്ങളും ആയിരിക്കും ആ വീട്ടിലെ ഉപയോഗപ്രദമായ പാത്രങ്ങള്‍. ഇവ നിത്യോപയോഗ പാത്രങ്ങളായി പ്രയോജനപ്പെടുന്നു. ഇതുപോലെ നമ്മുടെ ജീവിതം കണ്ണാടി അലമാരകളില്‍ അലങ്കാര വസ്തുക്കളായിരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. നമുക്ക് ലഭിച്ച ഉന്നതസ്ഥാനമാനങ്ങളോ പാരമ്പര്യങ്ങളോ മണിമാളികകളോ ബൈബിള്‍ സ്‌കൂളില്‍ നിന്ന് ലഭിച്ച പ്രാഗത്ഭ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളോ മറ്റുള്ളവരുടെ മുന്നില്‍ വെറും പ്രദര്‍ശന വസ്തുക്കളും പുകഴ്ചയ്ക്കുമായി തീരരുത്. പ്രത്യുത അത് എന്തുതന്നെയായാലും ദൈവനാമനഹത്വത്തിനായി ഉപയോഗിക്കുക. 
 

RELATED STORIES

Top