logo
add image
Breaking News
രണ്ടാം ജനനം

രണ്ടാം ജനനം

അമ്മയുടെ ഉദരത്തിലുള്ള ജനനം മാത്രം അറിവുള്ള നിക്കോദിമോസ് എന്ന പണ്ഡിതനായ മത നേതാവിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് യേശുകര്‍ത്താവ് സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിന് ദൈവമൊരുക്കിയ വീണ്ടെടുപ്പിന്റെ പദ്ധതിയെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ടല്ലോ. ആഴമായ ആത്മീക സത്യങ്ങളിലേക്ക് വഴി തുറക്കുകയാണ് കര്‍ത്താവിന്റെ വാക്കുകള്‍. പാരമ്പര്യത്തിന്റെ, പഠനത്തിന്റെ, അറിവിന്റെ, കുടുംബത്തിന്റെ, കുലമഹിമയുടെ, സമൂഹത്തിലെ മാന്യതയുടെ, ഒക്കെ പിന്‍ബലം സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിന്റെ മാനദണ്ഡമാക്കി മാറ്റിയാല്‍ നിക്കോദെമോസ് ഒരുപക്ഷേ യോഗ്യത കണ്ടെത്തുമായിരുന്നു. എന്നാല്‍ കര്‍ത്താവിന്റെ വാക്കുകള്‍ മുഖസ്തുതി പറഞ്ഞ് സ്വര്‍ഗ്ഗത്തെ വില കുറയ്ക്കുന്നതായിരുന്നില്ല. മറിച്ചു വീണ്ടും ജനനത്തിന്റെ അനുഭവത്തില്‍ മുന്നോട്ട് വരാത്തവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കി തരുന്നതാണ്. കര്‍മ്മാചാരങ്ങളുടെ ആനുകൂല്യത്തില്‍ സാമൂഹിക നീതി നിര്‍വഹണത്തിലൂടെ സമൂഹത്തില്‍ അംഗീകാരം നേടുന്നതിലൂടെയൊക്കെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ഭാഗമാകാമെന്ന ചിന്തകള്‍ തെറ്റാണ് എന്ന് ഇവിടെ വ്യക്തമാകുന്നു. 
   ദൈവം ലോകത്തെ സ്‌നേഹിക്കുന്നു എന്ന് വെളിപ്പെടുത്തിത്തരാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ദൈവപുത്രനെ അയച്ചത് അംഗീകരിക്കുവാന്‍ ആത്മദൃഷ്ടി തുറന്നെങ്കില്‍ മാത്രമേ സാധ്യമാകൂ. സ്വന്തമായ പ്രയത്‌നങ്ങളോ മാനുഷീക സഹായങ്ങളോ കൊണ്ട് കഴിയുമായിരുന്ന ലോക വ്യവസ്ഥിതികള്‍ പരാജയപ്പെടുന്ന സ്ഥാനത്ത് ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും സ്വന്ത പുത്രനെ അയച്ചു വീണ്ടും ജനനത്തിനായി മനുഷ്യര്‍ക്ക് സാധ്യതയൊരുക്കി നല്‍കുകയായിരുന്നു. സൃഷ്ടികളില്‍ നിന്നും സ്വര്‍ഗ്ഗീയ ജീവനത്തിന് സാധ്യത കാണുന്ന നിത്യജീവന്റെ അംശം എവിടെയും ഇല്ല എന്ന് അറിയാവുന്ന സൃഷ്ടാവായ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവപുത്രനെ അയച്ച് നിത്യജീവന്റെ ശ്രോതസ്സ് തുറന്നുതരികയായിരുന്നു. 
    ജനിച്ച നാടിനെയും കുടുംബത്തെയും പൈതൃകത്തെയും നമ്മള്‍  ഉള്‍പ്പെട്ടു നില്‍ക്കുന്ന സമൂഹത്തെയും ഒക്കെ വലുതായി കാണുന്നവരാണ് ഭൂരിഭാഗമാളുകളും. അതെല്ലാം നല്ല കാര്യമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗരാജ്യം കാണുന്നതിനോ അതില്‍ പ്രവേശിക്കുന്നതിനോ ആത്മകണ്ണുകള്‍ തുറക്കാതെ ആത്മജീവന്‍ പ്രാപിക്കാതെ സാധ്യമല്ലാ എന്നുള്ളത് വ്യക്തമാക്കുകയാണല്ലോ. ജന്മത്തിലും കര്‍മ്മത്തിലുമെല്ലാം മനുഷ്യനില്‍ വസിക്കുന്ന പാപം അവനെ ദൈവത്തോടും സ്വര്‍ഗ്ഗരാജ്യത്തോടും ബന്ധം സ്ഥാപിക്കുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുമ്പോള്‍ യേശുവിനെ നാഥനും കര്‍ത്താവുമായി അംഗീകരിക്കുക വഴി ആത്മജീവന്റെ ശ്രോതസ്സിലേക്ക് ഒരുവന്‍ പ്രവേശിക്കുന്നു. ജീവിത വിജയത്തിനായി കുറുക്കുവഴികള്‍ തേടുന്ന മനുഷ്യന് മുമ്പില്‍ ലോകം ഒട്ടനവധി മാര്‍ഗ്ഗങ്ങള്‍ ഇന്ന് നല്‍കുന്നുണ്ട്. ഇതില്‍ പലതും കയ്പും ദുഖവുമൊക്കെയായി മാറും എന്ന് തിരിച്ചറിയാന്‍ ലോകയാത്രയില്‍ കാലം മുമ്പോട്ട് പോകേണ്ടതായി വരും. 
    സങ്കീര്‍ണ്ണങ്ങളായ വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ ചെയ്‌വാന്‍ മടിയില്ലാത്ത അനേകമാളുകള്‍ക്ക് യേശുവില്‍ കൂടിയുള്ള രക്ഷ വിശ്വാസത്താല്‍ സ്വന്തമാക്കുവാന്‍ന കഴിയാതെ വരുന്നതിന്റെ കാരണം ഹൃദയദൃഷ്ടി തുറന്നു ലഭിക്കാത്തതാണെന്ന് ലേഖനങ്ങളില്‍ കൂടി പില്‍ക്കാലത്ത് അപ്പോസ്‌തോലന്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ. ആത്മദൃഷ്ടി തുറക്കാത്തിടത്തോളം പുറം കണ്ണുകളില്‍ കാണുന്ന സൃഷ്ടിയുടെ തലത്തില്‍ നിന്നും സൃഷ്ടാവിന്റെ തലത്തിലേക്ക് ഭക്തിയും ആരാധനയും കൊണ്ടെത്തിക്കുക അസാധ്യമായി മാറും. ആത്മജീവന്‍ നഷ്ടപ്പെട്ട മനുഷ്യലോകത്തെ നാശത്തില്‍ നിന്നുളള രക്ഷയും വീണ്ടെടുപ്പും സാധ്യമാകുവാന്‍ ആത്മജീവന്റെ ശ്രോതസ്സിനെ ക്രൂശില്‍ മരണത്തിനേല്‍പ്പിക്കുക വഴി സ്വര്‍ഗ്ഗം കാട്ടിയ സ്‌നേഹം ദൈവത്തിന്റെ പദ്ധതികളില്‍ ഏറ്റവും വലുതും വിലയേറിയതുമായി വേദപുസ്തകം സാക്ഷീകരിക്കുന്നു. ഈ സത്യത്തെ ജീവിതത്തില്‍ അംഗീകരിക്കാന്‍ കഴിഞ്ഞവര്‍ നിത്യജീവന്റെ സൗഭാഗ്യങ്ങളില്‍ കടന്നു ചെല്ലുന്ന അനുഭവങ്ങള്‍ വേദപുസ്തകവും ചരിത്രവും സാക്ഷികളും പരിശോധിച്ചാല്‍ വ്യക്തമാകും. 
     ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന് വിലകല്‍പ്പിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയില്‍ നില്‍ക്കുമ്പോള്‍ പൊതു അഭിപ്രായം അംഗീകരിക്കുവാന്‍ പലര്‍ക്കും ഇടയാവാറുണ്ട്,എന്നാല്‍ ദൈവാധിപത്യത്തിലേക്ക് ക്രിസ്തുവില്‍ കൂടി ഒരുവന്‍ പ്രവേശിക്കുമ്പോള്‍ ജീവിതത്തില്‍ ലഭിച്ച സ്വര്‍ഗ്ഗീയ ദര്‍ശനങ്ങള്‍ അവനെ ലോകവ്യവസ്ഥിതിയില്‍ നിന്ന് മാറി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കാറുണ്ട്. യേശു കര്‍ത്താവ് വെളിപ്പെടുത്തിയ പ്രകാരം സ്വര്‍ഗ്ഗീയ ദര്‍ശനത്തിനും സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിനും ഒക്കെ സാധ്യത തേടിയ ഭക്തന്മാര്‍ ആ സന്തോഷവും സമാധാനവും അനുഭവത്തില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ ഇടയാവട്ടെ. 
 

RELATED STORIES

Top