logo
add image
ഞാനും എന്റെ കുടുംബവും അവരോട് ക്ഷമിക്കുന്നു; ക്രിസ്തുവിന്റെ പ്രതിരൂപമായി യുവവൈദീകന്‍

ഞാനും എന്റെ കുടുംബവും അവരോട് ക്ഷമിക്കുന്നു; ക്രിസ്തുവിന്റെ പ്രതിരൂപമായി യുവവൈദീകന്‍

രാജകുമാരി. സ്വന്തം സഹോദരനെയും സഹോദരന്റെ കുഞ്ഞിനെയും അരുംകൊല ചെയ്ത സഹോദരഭാര്യയോടും സുഹൃത്തിനോടും താനും കുടുംബവും ക്ഷമിക്കുന്നുവെന്ന് യുവവൈദീകന്റെ ഫേസ്ബുക്ക് കുറിപ്പ്. കളിചിരികളും കുസൃതികളും നിറഞ്ഞ രണ്ടുവയസുകാരി ജോവാനയുടെ ചിത്രം പങ്കുവെച്ച് ഫാ. വിജോഷ് മുല്ലൂര്‍ ആണ് ഇന്നത്തെ വിശ്വാസി സമൂഹത്തിന് മാതൃകയാക്കാവുന്ന തരത്തില്‍ ക്രിസ്തുവിന്റെ സാക്ഷിയായിരിക്കുന്നത്. 
   ജോവാനയുടെ പിതാവും ഫാ. വിജോഷിന്റെ സഹോദരനുമായ റിജോഷ് (31) നെ ഭാര്യ ലിജിയും ആണ്‍സുഹൃത്ത് വസീമും ചേര്‍ന്ന് നവംബര്‍ ഒന്നിന് കൊലപ്പെടുത്തുകയും ഇവര്‍ ജോലി ചെയ്തിരുന്ന ഫാമില്‍ കുഴിച്ചു മൂടുകയും ചെയ്തിരുന്നു. കാണാതായ റിജോഷിനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയപ്പോള്‍ ഇളയമകള്‍ ജോവാനയുമായി ലിജി വസീമിനൊപ്പം നാടു വിട്ടു. പിന്നീട് ജോവാനയെ മൂംബൈയിലെ ലോഡ്ജില്‍ വെച്ച് അമ്മ ലിജി വിഷം നല്‍കി കൊലപ്പെടുത്തുകയും പിന്നാലെ ലിജിയും വസീമും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ റിജോഷ്- ലിജി ദമ്പതികളുടെ രണ്ടുമക്കള്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. 
   ആരുടെയും ഉള്ളുലഞ്ഞു പോകുന്ന ഇത്തരമൊരു വേദനയില്‍ കുഞ്ഞിന്റെ മൃതശരീരം ഏറ്റുവാങ്ങാനായി മുംബൈയില്‍ എത്തിയപ്പോഴാണ് ഫാ. വിജോഷിന്റെ കരളലിയിപ്പിക്കുന്ന കുറിപ്പ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി സ്‌നേഹിച്ച സ്വന്തം സഹോദരനെയും കുഞ്ഞു ജോവാനയെയും കൊലപ്പെടുത്തിയവരോട് താനും തന്റെ കുടുംബവും ക്ഷമിക്കുന്നുവെന്ന ഫാ. വിജോഷിന്റെ വാക്കുകള്‍ ഇന്നത്തെ സമൂഹത്തിന് പ്രചോദനമാണ്. 
   ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള സഹോദരഭാര്യ ലിജിയെ സന്ദര്‍ശിക്കാനും ഫാ. വിജോഷും സഹോദരന്‍ ജിജോഷും മനസ്സുകാണിച്ചു.  എല്ലാവരോടും തെറ്റുചെയ്ത ലിജിയമ്മയ്ക്കും ആ അങ്കിളിനും വേണ്ടി പ്രാര്‍ത്ഥിക്കണമേ എന്ന വാക്കുകളോടെയാണ് കരളലിയിപ്പിക്കുന്ന പോസ്റ്റ് അവസാനിക്കുന്നത്. 
 

RELATED STORIES

Top