എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ

Facebooktwittergoogle_plusmail

എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ വിമശകരോടു ചോദിക്കുന്നു.

സെപ്തംബർ 15 ന് പുറത്തിറങ്ങിയ ഒരു മാസികയിൽ ബാബു ചെറിയാൻറെ പഠിപ്പിക്കലുകൾ വിവാദമാകുന്നു എന്ന പേരിൽ വന്ന ലേഖനം അധികംപേരുടെ ശ്രദ്ധനേടുവാൻ കഴിഞ്ഞില്ലായെങ്കിലും ഒക്ടോബർ 9 ന് ഐപിസി മലബാർ മേഖലാ കമ്മറ്റിയിൽ അവതരിപ്പിച്ച പ്രതിഷേധക്കുറിപ്പും അന്നെദിവസം പിവൈപിഏ സ്റ്റേറ്റ് കമ്മറ്റി ഇറക്കിയ സർക്കുലറും ക്രിസ്തീയ ഓൺലൈൻ പത്രങ്ങൾ വഴിയും സോഷ്യൽ മീഡിയാ വഴിയും വൻപ്രാധാന്യത്തോടെ പ്രസിദ്ധികരിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു. പാസ്റ്റർ ബാബു ചെറിയാനെക്കുറിച്ച് അദ്ദേഹത്തിൻറെ വിമശകർ ഭിന്നാഭിപ്രായങ്ങൾ എഴുതാറുണ്ടെങ്കിലും അവ ആരും ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ 35 വർഷം ഐപിസിയെ സ്നേഹിച്ചും ഐപിസിയുടെ വളർച്ചയെ സഹായിച്ചും അനേകായിരങ്ങളെ ഉണർവ്വിലേക്ക് നയിക്കുകയും ചെയ്ത പാസ്റ്റർ ബാബു ചെറിയാനെ ഒരു ദുരുപദേശകനാണെന്ന് വരുത്തിത്തീർക്കുവാനുള്ള ബോധപൂർവ്വമായ നീക്കത്തിനെതിരെ ഐപിസി സഭാംഗങ്ങളും പിവൈപിഏക്കാരും പ്രതിഷേധക്കുറിപ്പുമായി രംഗത്തിറങ്ങുകയായിരുന്നു. പാസ്റ്റർ ബാബു ചെറിയാനിൽ നിന്ന് മറുപടി അനിവാര്യമായതിനാൽ ഒക്ടോബർ 10 ന് അദ്ദേഹം താമസിക്കുന്ന പിറവത്ത് ചെന്ന് കാണുകയും മാസികയിൽ വന്ന ആരോപണങ്ങളുടെ നിജസ്ഥിതി അറിയുവാൻ മാധ്യമപ്രവർത്തകരായ ഞങ്ങൾ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.ഞങ്ങളുടെ ചോദ്യത്തിന് വളരെ സൌമ്യമായി മറുപടിപറയുകയും തൻറെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തു. വായനക്കാരുടെ സംശയങ്ങൾ ദുരികരിക്കുവാൻ എന്താണ് പാപം? എന്ന പേരിൽ ഒരു ലേഖനം ഗുഡ്ന്യൂസ് അടക്കമുള്ള പ്രസിദ്ധികരണങ്ങൾക്കുവേണ്ടി എഴുതുമെന്നും ഞങ്ങളെ അദ്ദേഹം അറിയിച്ചു. വിവാദത്തെതുടർന്ന് ആദ്യമായി അദ്ദേഹത്തെ നേരിൽ കണ്ട ഞങ്ങളോടു പകലത്തെ പ്രോഗ്രാമെല്ലാം മാറ്റി വിശദമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളോടു പറഞ്ഞ ഉപദേശം സംബന്ധിച്ച കാര്യങ്ങൾ റിക്കോർഡ് ചെയ്ത് ശനിയാഴ്ച രാത്രിയിൽ തന്നെ ഓൺലൈനായി സാമൂഹികമാധ്യമങ്ങൾവഴി പുറത്തുവിട്ടു. അദ്ദേഹത്തിൻറ ഉപദേശം സംബന്ധിച്ചകാര്യങ്ങൾ വായനക്കാരും ഐപിസി നേതൃത്വം തീരുമാനിക്കട്ടെ.   പ്രസ്തുതമാസികയിൽ മറ്റു ആരോപണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ മറുപടി ഇവിടെ വായിക്കാം.

ssdd

കൂടുതൽ വെളിപ്പെടുത്തലുമായി പാസ്റ്റർ ബാബു ചെറിയാൻ മാധ്യമപ്രവർത്തകരായ  സാം കൊണ്ടാഴി, സജി മത്തായി കാതേട്ട് എന്നിവരോടു സംസാരിക്കുന്നു.

ചോദ്യം: വഴിതെറ്റൽ അസഹ്യമായതിനെത്തുടർന്ന് ചില ഐപിസി നേതാക്കൾ ബാബു ചെറിയാനെ വിളിച്ച് തിരുത്തൽ ആവശ്യപ്പെട്ടിരുന്നു എന്ന ആരോപണത്തെക്കുറിച്ച്?

ബാബു ചെറിയാൻ: അങ്ങനെ ഉണ്ടായിട്ടില്ല. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഒരു മീറ്റിങ്ങിൽ പ്രസംഗിക്കുവാൻ പാസ്റ്റർ രാജേഷ് ഏലപ്പാറ പറഞ്ഞതനുസരിച്ച് ഞാൻ വാക്കു കൊടുത്തിരുന്നു. പുത്തരിക്കണ്ടം മീറ്റിങ്ങിൻറെ പരസ്യം കണ്ട് എൻറെ ജ്യേഷ്ഠസഹോദരനു തുല്യനും സ്നേഹിതനുമായ പാസ്റ്റർ ഫിലിപ്പ് പി. തോമസ് എന്നോടു ഇപ്രകാരം പറഞ്ഞു, “പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന മീറ്റിങ്ങിൽ ബാബു പോകാതെയിരിക്കുന്നതാണ് നല്ലത്. സകലവിധ കൾട്ടുകാരും അവിടെ പങ്കെടുക്കുന്നു” . ഞാൻ മറുപടി പറഞ്ഞു, ” അച്ചായൻ ഐപിസിയുടെ സ്റ്റേറ്റ് സെക്രട്ടറിയാണ്. അച്ചായൻറെ നിർദ്ദേശം ഞാൻ അംഗീകരിക്കുന്നു. ഞാൻ മീറ്റീങ്ങിൽ പോകില്ല.”  പാസ്റ്റർ ഫിലിപ്പ് പി. തോമസിൻറെ നിർദ്ദേശമനുസരിച്ച് ഞാൻ പ്രോഗ്രം ക്യാൻസൽ ചെയ്തു. അല്ലാതെ ആരും എന്നെ ശാസിക്കുകയോ തിരുത്തൽ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല . ഐപിസി മുൻ പ്രസിഡണ്ട് പാസ്റ്റർ കെ.സി.ജോൺ പുത്തിരക്കണ്ടം മീറ്റിങ്ങിൽ പ്രസംഗിച്ചു. പാസ്റ്റർ രാജു പൂവക്കാല പ്രസംഗിച്ചോയെന്ന് അറിവില്ല. എന്തിനാണ് പ്രോഗ്രം ക്യാൻസൽ ചെയ്തതെന്ന് എന്നോടു അദ്ദേഹം ചോദിച്ചിരുന്നു. ചില ഐപിസി നേതാക്കൾ ബാബു ചെറിയാനെ വിളിച്ച് തിരുത്തൽ ആവശ്യപ്പെട്ടിരുന്നു എന്ന ആരോപണം വായിച്ചാൽ ഞാൻ ദുരുപദേശം പ്രസംഗിക്കുന്ന ആളാണെന്നും ഐപിസി കൌൺസിൽ എന്നെ വിളിച്ച് ശാസിച്ചെന്നും തോന്നിപ്പോകും.അങ്ങനെ ഉണ്ടായിട്ടില്ല. കർത്താവിൻറെ നാമത്തിൽ ഞാൻ പറയട്ടെ അങ്ങനെ ഉണ്ടായിട്ടില്ല.

ചോദ്യം: കഴിഞ്ഞ മൂന്നുവർഷങ്ങളായി പാസ്റ്ററിൻറെ സഖ്യം ഫയർവിംഗ്സ് എന്ന കൾട്ടുഗ്രൂപ്പുമായിട്ടാണ് എന്ന ആരോപണത്തെക്കുറിച്ച്?

ബാബു ചെറിയാൻ: ശുദ്ധ അസംബന്ധമാണ്. ഞാൻ പങ്കെടുത്ത യോഗങ്ങളുടെ നോട്ടീസുകൾ നിങ്ങൾക്ക് പരിശോധിക്കാം. എൻറെ ഡയറി പരിശോധിക്കാം. ഫയർവിംഗ്സിൻറെ ഒരൊറ്റ മീറ്റിങ്ങിലും ഞാൻ പങ്കെടുത്തിട്ടില്ല. പുത്തരിക്കണ്ടം സംഭവത്തിനു ശേഷം പാസ്റ്റർ വറുഗീസ് എബ്രഹാമിൻറെ നിർദ്ദേശപ്രകാരം പാസ്റ്റർ ബി.മോനച്ചൻ, പാസ്റ്റർ കെ.ജെ.തോമസ്, പാസ്റ്റർ വറുഗീസ് എബ്രഹാം എന്നിവരും ഞാനും ചേർന്ന് ഒരു സംയുക്തപ്രസ്താവന പുറത്തിറക്കി. കുര, ചർദ്ദി, വീഴ്ത്തൽ തുടങ്ങിയവ പ്രോൽസാഹിപ്പിക്കുന്ന മീറ്റിങ്ങുകളിൽ ഞങ്ങളെ വിളിക്കരുതെന്നും ഇങ്ങനെയുള്ള ഗ്രൂപ്പാണെന്ന് അവസാനനിമിഷത്തിൽ അറിഞ്ഞാലും ഞങ്ങൾ വരില്ലയെന്ന് സംയുക്തപ്രസ്താവനയിലൂടെ അറിയിച്ചു. ദൈവനാമത്തിന് അപമാനം വരുത്തുന്ന പലകോമാളിത്തരങ്ങളും വീഡിയോവഴി ചിലത് ഞാനും കണ്ടിട്ടുണ്ട്. അങ്ങനെതന്നെ അവ നടന്നതെങ്കിൽ അത് ദുഃഖകരമാണ്.ഫയർവിംഗ്സ് ഗ്രൂപ്പിൻറെ നേതൃത്വത്തിലാണ് ഒരു മീറ്റീങ്ങ് നടക്കുന്നതെന്ന് അറിഞ്ഞാൽ ഞാൻ പങ്കെടുക്കില്ല. എൻറെ നിലപാടുകൾക്ക് മാറ്റമില്ല.

ചോദ്യം: അങ്ങനെയെങ്കിൽ ഷാർജയിൽ നടന്ന ന്യൂജനറേഷൻ ഗ്രൂപ്പുക്കാരുടെ മീറ്റിങ്ങിൽ ബിജി അഞ്ചലിനൊടപ്പം വേദി പങ്കിട്ടു എന്നാരോപണത്തെക്കുറിച്ച്?

ബാബു ചെറിയാൻ:  ഐപിസിയിലെ മെമ്പറും ഐഡൻറിറ്റി കാർഡും ഉള്ള പാസ്റ്റർ ജോസ് വേങ്ങൂർ നടത്തിയ ഷാർജയിലെ മീറ്റിങ്ങിലാണ് ഞാൻ പ്രസംഗിച്ചത്. കഴിഞ്ഞവർഷവും ഞാൻ പങ്കെടുത്തിരുന്നു. ഈ വർഷവും ഞാൻ പോയി. അനുഗ്രഹിക്കപ്പെട്ട വചനശുശ്രൂഷ നടത്തുവാൻ ദൈവം എന്നെ ഉപയോഗിച്ചു. ആയിരത്തിലധികം ആളുകൾ കൂടി. മുൻ ഐപിസി യുഏഇ-റീജിയൺ പ്രസിഡണ്ടും പത്തനംതിട്ട സെൻറർ ശുശ്രൂഷകനുമായ പാസ്റ്റർ വിൽസൺ ജോസഫാണ് ഈ യോഗം ഉദ്ഘാടനം ചെയ്തത്. ഐപിസിയുടെ മുൻ പ്രസിഡണ്ട് സി.കെ.ദാനിയേൽ അപ്പച്ചൻറെ മകനും ഐപിസി നേതാവുമായ പാസ്റ്റർ ജോൺസൺ ദാനിയേലാണ് എന്നൊടൊപ്പം ശുശ്രൂഷിച്ച വെറൊരു കർതൃദാസൻ. അക്കൂട്ടത്തിൽ ബിജി അഞ്ചലും ഉണ്ടായിരുന്നു.ബിജി അഞ്ചലിനെ ഞാനല്ല ക്ഷണിച്ചത്. ഞാനല്ല ആ മീറ്റിങ്ങിൻറെ സംഘാടകൻ. ഐപിസിയിലെ ഒരു പാസ്റ്റർ നടത്തിയ മീറ്റിങ്ങിൽ ഒരു പ്രസംഗനായിട്ടാണ് ഞാൻ പങ്കെടുത്തത്. ആര് വചനവിരുദ്ധമായി പ്രസംഗിച്ചാലും ഞാൻ അവരെ തിരുത്തും. ആ ധൈര്യം എനിക്കുണ്ട്. കുമ്പനാട് കൺവെൻഷനിൽ പാടുന്ന ഡോ. ബ്ലസൻ മേമനയാണ് ഷാർജ മീറ്റിങ്ങിൽ ഗാനങ്ങൾ ആലപിച്ചത്.പാസ്റ്റർ ഫിലിപ്പ് പി.തോമസ് പറഞ്ഞ നിർദ്ദേശത്തെ ഇന്നും ഞാൻ മാനിക്കുന്നു. ഞങ്ങൾ ഇറക്കിയ സംയുക്തപ്രസ്താവനയിൽ പറയുന്ന കാര്യങ്ങളിൽ നിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല. പക്ഷെ എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്? എനിക്കത് മനസ്സിലാകുന്നില്ല.

ചോദ്യം : പാസ്റ്റർ സാമ്പത്തിക പ്രലോഭനങ്ങളിൽ പെടുന്ന ആളും ദ്രവ്യാഗ്രഹിയുമാണെന്നും വരുത്തിത്തീർക്കുന്നതോ?

ബാബു ചെറിയാൻ:  (ചിരിക്കുന്നു) മാനപമാനങ്ങളും ദുഷ്കീർത്തി സൽകീർത്തികളും ദൈവദാസന്മാരുടെ അവകാശങ്ങളാണ്. എന്നെ 35 വർഷങ്ങളായി അടുത്തറിയാവുന്ന വിശ്വാസികൾ ഞാൻ സമ്പത്തിൻറെ പുറകെപോകുന്നവനാണെന്ന് പറയില്ലയെന്ന് എനിക്കറിയാം

ചോദ്യം: ടിനു ജോർജുമായി പാസ്റ്ററിൻറെ ബന്ധം?

ബാബു ചെറിയാൻ:  അഞ്ചു വർഷങ്ങൾക്ക് മുമ്പ് പാസ്റ്റർ ടിനു ജോർജ് എന്നെ ഫോണിലൂടെ വിളിച്ച് മാസത്തിലൊരിക്കൽ അവരുടെ സഭയിൽചെന്ന് ഉപദേശം പഠിപ്പിക്കണമെന്ന് അഭ്യത്ഥിച്ചു. ടിനു ജോർജിനെ എനിക്ക് മുൻ പരിചയമില്ലായിരുന്നു. എൻറെ പ്രസംഗങ്ങളും ബൈബിൾ സ്റ്റഡിയും ഇൻറർനെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് സ്ഥിരമായി വചനം പഠിക്കുന്ന ആളാണെന്നും ഇപ്രകാരമുള്ള ബൈബിൾ പഠനം എൻറെ സഭയ്ക്കും ആവശ്യമാണെന്നും അന്ന് പറഞ്ഞിരുന്നു. ടിനു ജോർജ് പറഞ്ഞത് ഇപ്പോഴും ഞാൻ ഓർക്കുന്നു, “മുഴ മാറുന്നതിലല്ല, നടുവേദന മാറുന്നതിലല്ല, ക്യാൻസർ മാറുന്നതിലല്ല. നിത്യജീവനാണ് പ്രാധാന്യമെന്ന് അച്ചായൻ നെറ്റിലൂടെ പറഞ്ഞത് ഞാൻ ഓർക്കുന്നു. എൻറെ സഭയിൽ ദൈവത്തെ അറിയാത്ത ധാരാളം പേർ വരുന്നു. അവരെ ഉപദേശത്തിൽ ഉറപ്പിക്കണം. ആ കൃപ എനിക്കില്ല. രോഗശാന്തിയിലൂടെ അവരെ ദൈവത്തിലേക്ക് നടത്തുകയെന്നതാണ് എൻറെ ശുശ്രുഷ ”. ടിനുവിൻറെ നിർദ്ദേശം എനിക്ക് ശരിയെന്ന് തോന്നി. എൻറ ഉപദേശം പഠിക്കുവാൻ അവർ ആഗ്രഹിക്കുന്നു. അന്യമതസ്ഥരെ വചനത്തിൽ ഉറപ്പിക്കുവാൻ ഒരവസരമായി ഞാൻ ഇതിനെ കാണുന്നു. വചനം പഠിപ്പിക്കുവാൻ ടിനു ജോർജിൻറെ സഭയിൽ പോകരുതെന്ന് ഐപിസി നേതൃത്വം വിലക്കിയാൽ ഞാൻ പോകില്ല. ചില ഐപിസി കൺവൻഷനുകളിൽ ടിനു ജോർജ് പ്രസംഗിക്കുന്നത് എൻറെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബാബു ചെറിയാൻ എൻറെ മെൻറെറാണെന്ന്(mentor)  ടിനു ജോർജ് പൊതുവേദിയിൽ പറയാറുണ്ട്. കഴിഞ്ഞവർഷം ഇക്കാര്യം പറഞ്ഞ് ഒരു മാസികയിൽ എന്നെ വിമർശിച്ചെഴുതി. ഞാൻ മറുപടി പറഞ്ഞില്ല. ടിനു എന്നെ വിളിച്ച് ഉപദേശം ചോദിക്കുമ്പോൾ ഐപിസിക്കാരോടു മാത്രമേ എനിക്ക് ഉപദേശം പറയുവാൻ പാടുള്ളൂയെന്നു പറയുവാൻ എൻറെ മനസ്സാക്ഷി അനുവദിക്കുന്നില്ല.

Facebooktwittergoogle_plusmail
  FROM THIS SECTION
 • വാട്‌സ് ആപ്പിന്റെ സ്വന്തം സൂക്കന്‍ബര്‍ഗ്ഗ്
 • വാട്‌സ് ആപ്പിന്റെ സ്വന്തം സൂക്കന്‍ബര്‍ഗ്ഗ്
   By,ബിനുതോമസ്, വടക്കുംചേരി: ടെക്‌നോളജി ലോകത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന വാര്‍ത്തയായിരുന്നു ഫേസ്ബുക്ക്....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved