ജീവിതത്തിന്റെ ചില വഴിത്തിരിവില്‍ വന്ന് എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ നാം കുഴങ്ങുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ. പോകേണ്ട വഴി ഏതാണ്?, തിരഞ്ഞെടുക്കേണ്ട ജോലി എന്താണ് മുതലായ ചോദ്യങ്ങള്‍ നമ്മുടെ മുമ്പില്‍ നിരന്നു നില്‍ക്കുമ്പോള്‍ ദൈവത്തിന്റെ വഴികാട്ടലിനു വേണ്ടി നാം പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ നമ്മുടെ ഡിമാന്റുകള്‍ ദൈവത്തിന്റെ മുമ്പില്‍ നിരത്തി വയ്ക്കുകയല്ലാതെ ദൈവം പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കാന്‍ മെനക്കെടാറില്ല. ദൈവസന്നിധിയില്‍ നിശബ്ദരായിരിക്കാനുള്ള പരിശീലനം കൊണ്ട് മാത്രമേ ദൈവത്തിന്റെ വഴികാട്ടല്‍ അറിയുവാന്‍ സാധിക്കുകയുള്ളു.
സുപ്രസിദ്ധ ഗാനരചയിതാവായ ഹെയ്ഡന്‍ പറയുന്നത് കേള്‍ക്കൂ എന്റെ ജോലി മുന്നോട്ടു നീങ്ങാതെ മുട്ടിത്തിരിയുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് ചാപ്പലിലേക്ക് പോകും. അല്പസമയം നിശബാദമായി ഇരിക്കുമ്പോള്‍ പെട്ടെന്ന് ആശയങ്ങള്‍ മനസ്സില്‍ ഓടിയെത്തും.
കവികള്‍ മാത്രമല്ല, ആര്‍ക്കിമിഡീസ് തൊട്ടുള്ള ശാസ്ത്രജ്ഞന്മാരും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനു വേണ്ടി നിശബ്ദതയുടെ ആഴങ്ങളില്‍ ഇറങ്ങി മുങ്ങിത്തപ്പുവാന്‍ പരിശീലിച്ചുട്ടുള്ളവരായിരുന്നു എന്നു കാണാം. ഒരിക്കല്‍ ഗലീലിയോ എന്ന സുപ്രസിദ്ധ ശാസ്ത്രജ്ഞന്‍ വൈകാരികമായി തന്റെ മനസ്സ് ഇളകി മറിഞ്ഞപ്പോള്‍ പിസയിലെ കത്തീഡ്രലിലേക്ക് പോയി. അദ്ദേഹം ദേവാലയത്തിന്റെ മധ്യഭാഗത്ത് നിശബ്ദനായി തല കുനിച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ചങ്ങലയില്‍ തൂക്കിയിട്ടിരുന്ന പള്ളി വിളക്ക് സാവധാനത്തില്‍ ആടിക്കൊണ്ടിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഒരേ അകലത്തില്‍ ആ വിളക്ക് അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. അതില്‍ അദ്ദേഹം ശാസ്ത്രത്തിലെ ഒരു അത്ഭുത പ്രതിഭാസം കണ്ടെത്തി. അതാണ് ഇന്ന് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പെന്‍ഡുലം തത്വം. ഇത് തെളിയിക്കുന്നത് മനുഷ്യന്റെ രചനാത്മകമായ ചിന്തയെയും മനസ്സിന്റെ അജയ്യശക്തിയെയും നിശബ്ദത തട്ടിയുണര്‍ത്തുമെന്നുള്ള യാഥാര്‍ത്ഥ്യത്തെയാണ്.
ആകാശത്തെ തുളയ്ക്കുന്ന ചുഴലിക്കാറ്റിന്റെ കേന്ദ്ര സ്ഥാനത്ത് പ്രശാന്തമായ ഒരു സ്ഥാനമുണ്ട്. എന്ന് എഡ്വിന്‍ മാര്‍വാം പറയുന്നു. പ്രശാന്തമായ ആ കേന്ദ്രത്തില്‍ നിന്നാണ് ഭൂതലത്തെ വട്ടം കറക്കുന്ന ചുഴലിക്കാറ്റുണ്ടാകുന്നത്. നിശബ്ദതയില്‍ നിന്ന് മഹാശക്തി പൊട്ടിപ്പുറപ്പെടുന്നു.
നിശബ്ദത പാലിക്കാനുള്ള കഴിവ് അത്ര എളുപ്പം കരഗതമാക്കാവുന്ന ഒന്നല്ല. എന്നാല്‍ നിരന്തരമായ പരിശീലനം കൊണ്ട് ആര്‍ക്കും അത് നേടാം. അത് നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പോംവഴി കണ്ടുപിടിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമായി അനുഭവപ്പെടുകയും ചെയ്യും.
നമ്മുടെ പ്രാര്‍ത്ഥന പലപ്പോഴും വെറും ആത്മഗതം മാത്രമായിരിക്കും. സ്വകാര്യങ്ങളെ പറ്റിയുള്ള നമ്മുടെ ചിന്തകളും അപേക്ഷകളും ചിലപ്പോള്‍ ദൈവത്തോടുള്ള നന്ദി പ്രകടനം തന്നെയും വെള്ളച്ചാട്ടം പോലെ നമ്മില്‍ നിന്ന് പ്രവഹിച്ചു കൊണ്ടിരിക്കും. പലരുടെയും പ്രാര്‍ത്ഥന ഇത്തരത്തിലുള്ളതാണ്. എന്നാല്‍ ദൈവസന്നിധിയില്‍ നിശബ്ദരായിരുന്നു ദൈവത്തിന്റെ വഴികാട്ടല്‍ മനസ്സിലാക്കാന്‍ എത്ര പേര്‍ തയാറാകും.
ഓര്‍ക്കുക; വേദപുസ്തകത്തില്‍ ഇപ്രകാരം ദൈവ സന്നിധിയില്‍ തനിയെ അടുത്തു ചെന്ന് വലിയ അനുഗ്രഹം പ്രാപിച്ചിട്ടുള്ള വ്യക്തികള്‍ ധാരാളമുണ്ട്. ഉദാ. ഹാനോക്ക്, മോശെ, ദാവീദ് തുടങ്ങിയവര്‍. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ഒരു ആത്മീക അനുഗ്രഹത്തിനും ദൈവ സാന്നിധ്യത്തിനുമായി ദൈവസന്നിധിയില്‍ നിശബ്ദരായിരിക്കാന്‍ നമുക്കും അഭ്യസിക്കാം.