കരുനാഗപ്പള്ളി. കരുനാഗപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് സെക്ഷനിലെ വള്ളിക്കാവ് ശുശ്രൂഷകനായ പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യയെയും സുവിശേഷ വിരോധികളായ എട്ടോളം പേർ മുഖംമൂടി ധരിച്ച് സഭാ ഹോളിൽ കടന്നുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ag സഭാ നേതൃത്വം അപലപിച്ചു.
ദൈവത്തിൽ വിശ്വസിക്കാനും ആരാധിക്കാനും ഭരണഘടന അനുമതി നൽകുന്നുണ്ടെങ്കിലും അതിന് അനുവദിക്കുകയില്ലെന്ന് തരത്തിൽ സാമൂഹ്യവിരുദ്ധർ നടത്തുന്ന പ്രവർത്തനങ്ങൾ അപലപനീയമാണെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. സമാധാനത്തോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഈ സാഹചര്യം അത്യന്തം ഹീനവും ക്രൂരവും ആണെന്ന് സഭാ നേതൃത്വം ചൂണ്ടിക്കാണിച്ചു.
ഭാരതത്തിൻറെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളോടുകൂടി ജീവിക്കുവാൻ കഴിയുന്ന സാഹചര്യം ലഭ്യമാക്കി നീതി ഉറപ്പാക്കണം എന്ന് ഗവൺമെന്റിനോട് സഭ ആവശ്യപ്പെട്ടു. വിശ്വാസം ആചരിക്കാനും ആരാധിക്കാനും ഉള്ള അവകാശത്തിന് സർക്കാർ സംരക്ഷണം ഉറപ്പാക്കണം എന്നും അക്രമികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സഭാ നേതൃത്വം ആവശ്യപ്പെട്ടു.
സഭയുടെ സംസ്ഥാന കൗൺസിൽ മീറ്റിംഗിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവൽ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. അസിസ്റ്റൻറ് സൂപ്രണ്ട് ഡോക്ടർ ഐസക് വി മാത്യു, ട്രഷറർ പാസ്റ്റർ പി കെ ജോസ്, മെമ്പർ പാസ്റ്റർ പി ബേബി എന്നിവർ പ്രസംഗിച്ചു.