Ultimate magazine theme for WordPress.

കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്ററുടെ ഭാര്യയുടെ കുറിപ്പ് ,,

39

[01/01/2023]
നിങ്ങൾ എല്ലാവരെപ്പോലെയും new year വളരെ ശുഭപ്രതീക്ഷയോടു കൂടിയാണ് ഞങ്ങളും ഒരുമ്മിച്ച് കുടുംബമായി പ്രാർത്ഥിച്ച് ആരംഭിച്ചത്. ഞങ്ങൾ ചെയ്തു കൊണ്ടിരുന്ന ഫിറോസ്പൂറിലെ ചർച്ച് മിനിസ്ടിയിൽ പുതിയ ആരംഭങ്ങൾ കുറിക്കുവാൻ ദൈവ കൃപയിൽ ആശ്രയിച്ച് പദ്ധതികളിട്ടിരുന്നു. 2017 ൽ മൂന്നു കുടുംബങ്ങളായി ഞങ്ങൾ വിശ്വാസത്താൽ തുടങ്ങിയ ആരാധനയിൽ പിന്നീട് മൂന്ന് കുടുംബങ്ങൾ കൂടി കടന്നുവന്നു. അങ്ങനെ ആറ് കുടുംബങ്ങളെയാണ് ഞങ്ങൾ ആ ദേശത്ത് കടന്നുപോയി പ്രാർത്ഥിക്കുകയും പരിപാലിക്കുകയും ചെയ്തു കൊണ്ടിരുന്നത്. ഒരു പത്ത് കുടുംബങ്ങളും കൂടി ഞങ്ങളുടെ പ്രാർത്ഥനയിലുണ്ടായിരുന്നു. പുതിയ പ്രതിഷ്ഠകളും തീരുമാനങ്ങളും ഞങ്ങൾ ദൈവസന്നിധിയിൽ ഒരുമ്മിച്ച് എടുത്തിരുന്നു. ഒറിസയിലേയ്ക്ക് മിഷൻ ട്രിപ്പുകൾ ഈ ഫെബ്രുവരിയിൽ പ്ലാൻ ചെയ്തിരുന്നു.
പുതിയ വർഷം സ്തോത്രത്തോടും പ്രാർത്ഥനയോടും ശുഭപ്രതീക്ഷയോടും കൂടി ഞങ്ങൾ എല്ലാ വർഷത്തേപ്പോലെയും ഈ വർഷവും ആരംഭിച്ചു.

തണുപ്പും മഞ്ഞും കാരണം new year ന്റെ special meeting നടത്തിയില്ല. Sunday ആരാധനയിൽ രണ്ട് മീറ്റിംഗുകൾ ഒരുമ്മിച്ചായി നടത്താൻ തീരുമാനിച്ചു.

ഞായാറാഴ്ച രാവിലെ ഞങ്ങളുടെ ഭവനത്തിൽ വെച്ച് നടത്തപ്പെടുന്ന ആരാധനയുടെ ക്രമീകരണങ്ങൾ രാവിലെ ഒരുമ്മിച്ച് ചെയ്തു. ഞാൻ എല്ലായിടവും വൃത്തിയാക്കി. അച്ചാച്ചൻ church ൽ സംസാരിക്കാനുള്ള വചനം രാവിലെ അല്പ സമയം വായിച്ചു കൊണ്ടിരുന്നു. ഞങ്ങൾ ഞായറാഴ്ച രാവിലെ fasting ൽ ആയിരുന്നു. പാൽ കാപ്പി മാത്രം കുടിച്ചു. കൂട്ടായ്മയിൽ ചെറിയ കൂട്ടം ഹിന്ദിക്കാരായ വിശ്വാസികൾ കടന്നുവന്നു ഞങ്ങളോടൊപ്പം അന്ന് അരാധിച്ചു. വന്നവർക്ക് ചോറും രാജമ്മയും (kidney beans)ഉച്ചയ്ക്ക് കഴിക്കാനായി ഞാൻ അതിനിടയിൽ പാകം ചെയ്തിരുന്നു. ആരാധന കഴിഞ്ഞ് ഉടനെ ആഹാരവും കഴിച്ച് തൃപ്തരായി എല്ലാവരും കടന്ന് പോയി.

[02/01/2023]
തിങ്കൾ പകൽ അച്ചാച്ചൻ അന്ന് വൈകുന്നേരം മലയാളം പ്രയർ ലൈനിന്റെ മീറ്റിംഗിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. അല്പം വെയിൽ തെളിഞ്ഞ അന്തരീഷം ആ പകലിനുണ്ടായിരുന്നു. മീറ്റിംഗിന് ഇരിക്കുമ്പോൾ എപ്പോഴും മുടിയും താടിയും വൃത്തിയായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അച്ചാച്ചനും മോനും കൂടി അന്ന് പകൽ രാവിലെത്തെ ഭക്ഷണം കഴിഞ്ഞ് മുടി വെട്ടി വൃത്തിയാക്കാൻ അടുത്തുള്ള സലൂണിൽ (ബാർബർ ഷോപ്പ് ) കടന്ന് പോയി . വന്ന് ഉടനെ കുളിച്ച് ഉച്ച ഭക്ഷണം കഴിഞ്ഞ് അന്ന് വൈകിട്ട് മീറ്റിംഗിൽ പറയാനുള്ള കാര്യങ്ങൾ സ്വന്ത ഡയറിൽ കുറിച്ച് കൊണ്ടിരുന്നു. വൈകുന്നേരം ആറ് മണി മുതൽ തുടങ്ങുന്ന zoom മീറ്റിംഗിന്റെ ഭാഗമായി ലാപ്പ് ടോപ്പ് ഓൺ ചെയ്ത് ഇരുന്നു. തന്റെ ചുമതലകൾ വളരെ കൃത്യമായി എന്നത്തേപ്പോലെ അന്നത്തെ മീറ്റിംഗിലും നിർവ്വഹിച്ചു. രാത്രിയിലെ dinner ഞങ്ങൾ ഒരുമ്മിച്ചു കഴിച്ചു. കഠിനമായ തണുപ്പായത് കൊണ്ട് ഞങ്ങൾ വൈകിട്ട് റൊട്ടിയാണ് കഴിച്ചിരുന്നത്. അന്ന് ഉച്ചയ്ക്ക് ഉണ്ടാക്കിയ dal ലും തലേ ദിവസം ഞായറാഴ്ച വൈകിട്ട് migrate ചെയ്ത ഫ്രീസറിൽ വെച്ചിരുന്ന ചിക്കൻ ഞാൻ ഫ്രൈ ചെയ്തു എടുത്തു. തണുപ്പാകുമ്പോൾ അല്പം ചൂടോടെ കഴിക്കണം. ശരീരം ചൂടാകാനാണ് non-veg ഇടയ്ക്ക് ഞങ്ങൾ ഉപയോഗിച്ചത്.
ഭക്ഷണ ശേഷം ആ രാത്രിയിലും ചൊവ്വാഴ്ച പകലും ആ രാത്രിയും അച്ചാച്ചന് വയറിന് പ്രയാസമുണ്ടായിരുന്നു.

[03/01/2023]
അസിഡിറ്റി, ഗ്യാസിന്റെ പ്രശ്നങ്ങൾ അച്ചാച്ചന് പല വട്ടം ഉണ്ടായിട്ടുണ്ട്. അപ്പോൾ അടുത്തുള്ള ക്ലിനിക്കിൽ പോയി മരുന്ന് വാങ്ങിക്കും. വയറ് വേദനയ്ക്കും, അസിഡിറ്റിക്കും മരുന്ന് കഴിച്ച് കൊണ്ടിരുന്നു. അന്ന് ഗോതബ് ബ്രഡ് മാത്രം രാവിലെയും ഉച്ചയ്ക്കും കഴിച്ചു. Digestion ന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ഇങ്ങനെ light ആയിട്ടാണ് എപ്പോഴും food കഴിക്കുന്നത്. വൈകിട്ട് അല്പം കഞ്ഞിയാണ് അച്ചാച്ചൻ കഴിച്ചത്.

[04/01/2023]
രാവിലെ ഒരു എട്ടു മണിയായപ്പോഴാണ് വളരെ പ്രയാസം താൻ കാണിച്ചത്. രാത്രിയിൽ അല്പ പ്രയാസങ്ങൾ ഉണ്ടായെങ്കിലും serious ആയി ഒന്നും പറഞ്ഞില്ല. രാവിലെ പെട്ടെന്ന് blood over ആയി omit ചെയ്യുകയായിരുന്നു.
എന്റെ മടിയിൽ തല വെച്ചാണ് എന്റെ അച്ചാച്ചൻ പ്രാണനെ വിട്ടത്. പ്രിയപ്പെട്ടവന്റെ മരണത്തിന്റെ മുമ്പിൽ ഞാൻ വെറും നിസഹായയായിരുന്നു. അതിന്റെ shock ഇപ്പോഴും എന്നിൽ നിന്ന് മാറിയിട്ടില്ല. ഇനിയത് മാറുമെന്നും തോന്നുന്നില്ല.

ഇഹലോകത്തിന്റെ എല്ലാ സുഖവും ദുഃഖവും വിട്ട് അച്ചാച്ചൻ ഇന്ന് നിത്യതയിൽ വിശ്രമിക്കുന്നു. ഇരുപത് വർഷത്തെ ജീവിതവും മിനിസ്ടിയും ഞാൻ പിന്നീട് ഒരവസരത്തിൽ എഴുതാം. ഇപ്പോൾ എനിക്ക് നിങ്ങളോട് ചില കാര്യങ്ങൾ പറയാനുണ്ട്.

ഞങ്ങൾ നല്ല യൗവനത്തിൽ സുവിശേഷ വേലയ്ക്കായി പൂർണ്ണ സമർപ്പണത്തോടെ വടക്കേ ഇന്ത്യയിലേയ്ക്ക് പോയവരാണ്.

എന്തേ എല്ലാവരെപ്പോലെയും ഞങ്ങൾക്കും ലോകപ്രകാരം ഒരു ജോലി ചെയ്ത് സുഖകരമായ കാലാവസ്ഥയിലും അന്തരീക്ഷത്തിലും നല്ലൊരു ദേശത്ത് സുഖത്തിൽ ജീവിക്കാമായിരുന്നല്ലോ ?

ഒരു യാഥാർത്ഥ മിഷനറി ഇങ്ങനെയാണ് അവസാനിക്കുന്നത്. ഇങ്ങനെയാണ് മരിക്കുന്നത്. അച്ചാച്ചൻ കർത്താവിന്റെ നാമത്തിൽ രക്തസാക്ഷിയാകുകയായിരുന്നു. തന്റെ ബാങ്ക് ബാലൻസ് മൈനസിൽ പോകുമ്പോഴും താൻ വിശ്വസിക്കുകയും പറയുകയും ചെയ്തിരുന്നത് താൻ സമ്പന്നനായ സ്വർഗ്ഗത്തിലെ പിതാവിന്റെ മകനാണെന്നാണ്.

പലരും എന്നോട് പറഞ്ഞു. എന്ത് കൊണ്ട് നിങ്ങൾ നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഞങ്ങളെ അറിയിച്ചില്ല. ഞങ്ങൾ നിങ്ങളെ സഹായിക്കുമായിരുന്നുവെന്ന് .

അഭിമാനിയായിരുന്ന അച്ചാച്ചൻ ആരോടും ഒരാവശ്യങ്ങളും ഒരിക്കലും പറയാറില്ല. ഞങ്ങളെ മറ്റാരെയും അറിയിക്കാൻ സമ്മതിക്കുകയുമില്ലായിരുന്നു.

നിങ്ങൾ ഞങ്ങൾ താമസിച്ച സ്ഥലങ്ങളിൽ പോയി ചെന്ന് അന്വേഷിച്ച്‌ നോക്കൂ. ഞങ്ങൾ സമ്പന്നരായി തന്നെയാണ് എല്ലാവരുടെയും മുമ്പിൽ അവസാനം വരെ ജീവിച്ചത്. ഞങ്ങളുടെ ഭവനത്തിൽ കടന്ന് വന്ന ഒരാളെയും സമൃദ്ധമായി ആഹാരം കൊടുക്കാതെയും എന്തെങ്കിലും നന്മ കൊടുക്കാതെയും ഞങ്ങൾ വെറും കയ്യോടെ വീട്ടിട്ടില്ല. ഞങ്ങൾക്ക് ഒരു നന്മയ്ക്കും കുറവില്ലായിരുന്നു. സാധിക്കുമ്പോഴൊക്കെ ഞങ്ങളുടെ ചെറിയ വരുമാനത്തിൽ നിന്ന് മാതാപിതാക്കളെ ഞങ്ങൾ സംരക്ഷിക്കുമായിരുന്നു. അത് ഞങ്ങളുടെ ആഗ്രഹമായിരുന്നു.

മിനിസ്ടി ചെയ്യുന്നതിന്റെ കൂടെ education training program ഞങ്ങൾ താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ ആറ് വർഷം നടത്തിയിരുന്നു. ഞങ്ങളുടെ ഞെരുക്കങ്ങൾക്കും ആവശ്യങ്ങൾക്കും അതൊരു ആശ്വാസമായിരുന്നു. ദേശനിവാസികളോട് നിങ്ങൾ ഒന്ന് അന്വേഷിച്ച് നോക്ക്. ഞങ്ങൾ എങ്ങനെ അവർക്ക് ഏവർക്കും പ്രിയപ്പെട്ടവരായെന്ന്. എല്ലാവരുടെയും ഹൃദയം കവരുന്ന സത്യസന്ധമായ പ്രവർത്തനമാണ് ഞങ്ങൾ എവിടെയും ചെയ്ത് കൊണ്ടിരുന്നത്.

ഇന്ന് എല്ലാവരും ഞങ്ങളുടെ ദു:ഖത്തിൽ കൂടെ നില്ക്കുന്നു. സമാശ്വസിപ്പിക്കുന്നു. ഈ ലോകത്തിൽ ഞങ്ങൾക്ക് നഷ്ടമായി പോയതിന് പകരം നല്കാൻ നിങ്ങൾക്ക് ആർക്കും കഴിയില്ല. ജീവിതത്തിന്റെ എല്ലാ തലങ്ങളിലും താൻ വിശ്വസ്ത പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. വളരെ ശാന്തമായി എല്ലാവരെയും കേൾക്കുവാൻ ഏതൊരു വിഷയങ്ങളും നിശബ്ദതയോടെ സൗമ്യമായി കൈകാര്യം ചെയ്യുവാൻ വളരെ ദൈവ കൃപയുണ്ടായിരുന്നു. നല്ലൊരു ജീവിത പങ്കാളിയെ, പിതാവിനെ , മകനെ , സഹോദരനെ, സഹപ്രവർത്തവനെ, സുഹൃത്തിനെ നഷ്ടപ്പെട്ട വേദന വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയി
കയില്ല.

ഓരോ മിഷനറിയും ഇങ്ങനെ എരിഞ്ഞ് തീരുകയാണ്. നിങ്ങളുടെ വാതിക്കൽ വന്ന് അവർ ആവശ്യങ്ങൾക്ക് വേണ്ടി കൈ നീട്ടണമെന്നാണോ നിങ്ങൾ പറയുന്നത് ?

എന്ത് കൊണ്ട് നിങ്ങൾക്ക് ദൈവശബ്ദം കേൾക്കുവാൻ കഴിയുന്നില്ല ?

എവിടേ പ്രവാചക ശബ്ദം..?

എന്ത് കൊണ്ട് ഒരു മിഷനറി ഇങ്ങനെ ഒരവസ്ഥയിൽ മരിക്കുമെന്ന് ഒരാലോചന നമ്മുക്കാർക്കും ദൈവത്തിൽ നിന്ന് നേരത്തേ ലഭിച്ചില്ല.

എന്ത് കൊണ്ട് മിഷനറിമാരുടെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള ദൈവശബ്ദത്തിന് ദൈവസഭ ഇന്ന് ചെവി കൊടുക്കുന്നില്ല.

ദൈവം അവർക്ക് കൊടുക്കുന്ന വടക്കേ ഇന്ത്യയെക്കുറിച്ചുള്ള ദർശനങ്ങളെ പൂർത്തീകരിക്കാൻ കഴിയാതെ പാതിവഴിയിൽ ഈ ലോകത്തോട് വിട പറയേണ്ടി വരുന്ന നഷ്ടബോധം ആര് തിരിച്ചറിയുന്നു.

ഞങ്ങളുടെ മാതാപിതാക്കളുടെ ശുശ്രൂഷകളെയും ഞങ്ങളുടെ ശുശ്രൂഷകളെയും മാനിച്ച് നല്ലൊരു യാത്രയയപ്പ് അച്ചാച്ചന് അന്ത്യത്തിൽ ലഭിച്ചു. അതിൽ ഞങ്ങൾ ആശ്വസിക്കുന്നു.

ഈ ലോകത്തിൽ എനിക്ക് പ്രിയപ്പെട്ടതായി ഒന്നുമില്ലായെന്ന ബോധ്യത്തിലാണ് ഞാനിന്നായിരിക്കുന്നത്. ഇനിയും ഞാൻ ജീവിക്കുന്നത് ക്രിസ്തുവിനു വേണ്ടി തന്നെയാണ്. എന്റെ ക്രൈസ്തവ വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കും വേണ്ടി ഞാൻ മരിക്കേണ്ടി വന്നാലും നിലനില്ക്കും. കാരണം എന്റെ പ്രാണൻ എനിക്ക് പൊയ്പോയിരിക്കുന്നു. ഇനി എത്രയും പെട്ടെന്ന് ഈ പ്രവാസകാലം തികച്ച് എനിക്കായി ഒരുക്കിയിരിക്കുന്ന നിത്യ ഭവനത്തിൽ ചെന്നു ചേരണമെന്നേയുള്ളൂ ആശ. ആ പ്രത്യാശയോടെ ഞാനിന്നായിരിക്കുന്നു. God bless you all.