Ultimate magazine theme for WordPress.

ക്രൈസ്തവർക്കും മിഷനറിമാർക്കും നീതി ലഭ്യമാക്കണം എന്ന് ആവശ്യപ്പെട്ട് സി ഇ എം

152

തിരുവല്ല. ഇന്ത്യയിൽ ക്രൈസ്തവരും മിഷനറിമായും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വലിയ ആക്രമണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ക്രൈസ്തവർക്കും മിഷനറിമാർക്കും നീതി ലഭ്യമാക്കണമെന്നും ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന സംഘടനയായ സി ഇ എം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നിരായുധരായ ക്രൈസ്തവരെ ശാരീരികമായി മർദ്ദിച്ചും  ഭീഷണിപ്പെടുത്തിയും ആരാധനാലയങ്ങൾ കത്തിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് ചിലർ. പ്രത്യേകിച്ച് ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ് ,ഉത്തരപ്രദേശ് ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെയുള്ള ആക്രമണം വ്യാപകമാണ്.

മിഷനറിമാരെ കള്ളക്കേസിൽ കൊടുക്കുകയും മതപരിവർത്തന നിരോധന നിയമങ്ങൾ പോലെയുള്ള കരി നിയമങ്ങൾ നടപ്പിലാക്കിയും യുഎപിഎ ചുമത്തിയും പീഡനത്തിന് വിധേയമാക്കുന്നു. നിരവധി സുവിശേഷകരും വൈദികരും ഇപ്പോൾ ജയിലിലാണ്. ക്രൈസ്തവ ആരാധനാലയങ്ങൾ അടച്ചുപൂട്ടപ്പെടുന്നു. പീഡനം കൊണ്ടോ അടിച്ചമർത്തൽ കൊണ്ടോ തടവറയിൽ അടച്ചതുകൊണ്ട് ക്രൈസ്തവ മാർഗ്ഗത്തെ തകർക്കുവാനോ തടയുവാനോ കഴിയില്ല. ഭാരതത്തിൽ സുവിശേഷത്തിനും സുവിശേഷകർക്കും എതിരെ പീഡനം വർധിക്കുമ്പോൾ സഭയുടെ യുവജനങ്ങൾ ദൗത്യത്തിൽ നിന്ന് പിന്മാറാതെ സുവിശേഷത്തിനു വേണ്ടി ജീവൻ നൽകുവാൻ ഒരുക്കമുള്ളവരായി മാറണമെന്ന് പ്രമേയത്തിൽ രേഖപ്പെടുത്തി.

രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ സിഇ എമ്മിന്റെ കടുത്ത ആശങ്ക രേഖപ്പെടുത്തി. ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെൻറ് ജനറൽ പ്രസിഡൻറ് പാസ്റ്റർ ജോമോൻ ജോസഫ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പാസ്റ്റർ സാംസൺ പി തോമസ് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർമാരായ ജോസ് ജോർജ്, വർഗീസ് എം ജെ, ടോണി തോമസ്, ഹാബേൽ പിജെ എന്നിവർ പ്രസംഗിച്ചു.