ദളിത് ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും പട്ടിക വിഭാഗക്കാർക്കുള്ള ആനുകൂല്യം നൽകാൻ ആവില്ലെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി. ക്രൈസ്തവ , മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിതർക്ക് പട്ടിക വിഭാഗക്കാർക്കുള്ള ആനുകൂല്യം നൽകാൻ ആവില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്ത്. സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മ പോലെയുള്ള തിന്മകളിൽ നിന്ന് പുറത്തു കടക്കുന്നതിന് വേണ്ടിയാണ് ദളിത് ഹിന്ദുക്കൾ ക്രൈസ്തവ മുസ്ലിം മതങ്ങളിലേക്ക് മാറിയതെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ പറയുന്നു.
ദളിത് ഹിന്ദുക്കൾ അനുഭവിച്ചത് പോലെയുള്ള പീഡനങ്ങൾ ഇതര മതസ്ഥർ അനുഭവിച്ചിട്ടില്ല എന്നതാണ് ചരിത്രരേഖകളിൽ വ്യക്തമാകുന്നത്. നിലവിൽ ഹിന്ദുമതസ്ഥരെ കൂടാതെ ബുദ്ധ , സിഖ് മതങ്ങളിൽ പെട്ട ദളിതർക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്.
എന്നാൽ ദലിത് ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 27% സംവരണത്തിന് അർഹത ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മാത്രമല്ല ദേശീയ പിന്നാക്ക വിഭാഗ സാമ്പത്തിക വികസന കോർപ്പറേഷൻ വിവിധ പദ്ധതികൾക്കും സ്കോളർഷിപ്പുകൾക്കും അർഹത ഉണ്ടായിരിക്കും.
ദളിത് ഹിന്ദുക്കൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സംവരണവും ദളിത് ക്രൈസ്തവർക്കും മുസ്ലിങ്ങൾക്കും കൂടി നൽകാൻ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ ഇത്തരത്തിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്.