Ultimate magazine theme for WordPress.

നമ്മൾ ഉണർന്ന് പ്രാർത്ഥിക്കുക: ഇല്ലെങ്കിൽ കണക്ക് ബോധിപ്പിക്കേണ്ടി വരും!

62

*‼️‼️ ഇപ്പോൾ സേഫ് സോണിൽ ഇരിക്കുന്ന ക്രിസ്ത്യാനീ … ലോകമെമ്പാടുമുള്ള മിഷനു വേണ്ടി നമ്മൾ ഇനിയും പ്രാർത്ഥിച്ചു തുടങ്ങിയില്ലെങ്കിൽ, പാപമോചനം ലഭിക്കാത്ത പാപക്കറയുമായി നാം മരിക്കേണ്ടിവരും.. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ‼️‼️*

▫️▫️▫️▫️▫️▫️▫️▫️▫️

ക്രൈസ്തവരെ ചൂണ്ടിക്കാണിച്ചുകൊടുത്താല്‍ 1,000 രൂപ പ്രതിഫലം ലഭിക്കുമെന്ന് കേട്ടാല്‍ വിശ്വസിക്കുവാന്‍ കഴിയുമോ? എന്നാല്‍, അതാണ് ഛത്തീസ്ഘട്ടിലെ നാരായണ്‍പൂര്‍ ജില്ലയിലെ അവസ്ഥ. നാല് ദിവസത്തെ സന്ദര്‍ശനത്തിനിടയില്‍ കരളലിയിക്കുന്ന നിരവധി രംഗങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷികളായി. ക്രൈസ്തവരെ രേഖകളില്‍നിന്ന് തിരിച്ചറിയാനാകും. എന്നാല്‍ ക്രിസ്തീയ വിശ്വാസം പിന്തുടരുന്ന നിരവധി ആളുകളുണ്ട്. അവരെപ്പറ്റിയുള്ള വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം. ആയിരം രൂപ ഇവിടെ വലിയ തുകയാണ്, ഒരു മാസം ജീവിക്കാന്‍ അതുമതി. പുറമെനിന്ന് എത്തുന്ന അക്രമകാരികള്‍ ക്രിസ്തീയ വിശ്വാസം പുലര്‍ത്തുന്നവരെ തിരിച്ചറിഞ്ഞാല്‍ അവരുടെ വീടുകള്‍ തകര്‍ത്ത് മര്‍ദ്ദിച്ചവശരാക്കി ഗ്രാമത്തില്‍നിന്ന് പുറത്താക്കുകയാണ് ചെയ്യുന്നത്. ആദിമ നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ ചരിത്രം വായിക്കുന്നതുപോലുള്ള പീഡനങ്ങളാണ് പല ഗ്രാമങ്ങളിലും നടക്കുന്നത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാത്ത സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും നഗ്നരാക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവങ്ങള്‍ ഉണ്ടായി. പഞ്ചായത്തുകൂടി വിചാരണ ചെയ്തതിനുശേഷമായിരുന്നു ഈ അതിക്രമങ്ങള്‍.

ക്രൈസ്തവര്‍ ഒരു തരം ഊരുവിലക്കിലാണ്. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. അവരെ മാര്‍ക്കറ്റില്‍നിന്നും സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കില്ല, വളര്‍ത്തുമൃഗങ്ങളെ വില്ക്കാന്‍ സമ്മതിക്കില്ല, വെള്ളം നല്‍കില്ല. പൊതുവഴിയെ നടക്കാനോ പൊതുവാഹനങ്ങളില്‍ കയറാനോ അനുവദിക്കില്ല. ഒരു കിലോഗ്രാം നെല്ലിന് മാര്‍ക്കറ്റില്‍ 20 രൂപ വില ഉണ്ടെങ്കില്‍ ക്രൈസ്തവരുടെ നെല്ലിന് അഞ്ചുരൂപയായിരിക്കും ലഭി ക്കുന്നത്. ഭീഷണിക്കു മുമ്പില്‍ വിശ്വാസം ഉപേക്ഷിക്കുവാന്‍ തയാറാകാത്തവരുടെ വീടുകളില്‍നിന്ന് ബലംപ്രയോഗിച്ച് എല്ലാ സാധനങ്ങളും എടുത്തുകൊണ്ടുപോകും. അവരെ ഗ്രാമത്തില്‍നിന്ന് പുറത്താക്കും. ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ മാത്രമായിരിക്കും അവശേഷിക്കുന്നത്. പഞ്ചായത്ത്, റവന്യൂ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിലായിരുന്നു പലയിടങ്ങളിലും അക്രമങ്ങള്‍. അക്രമികള്‍ക്ക് കുടപിടിക്കുന്ന സമീപനമായിരുന്നു പോലീസിന്റേതും.

കേസുകള്‍ 86, രജിസ്റ്റര്‍ ചെയ്തത് പൂജ്യം
ജഗദല്‍പ്പൂര്‍ സീറോ മലബാര്‍ രൂപതയ്ക്ക് കീഴിലുള്ള നാരായണ്‍പൂരിലെ സേക്രഡ് ഹാര്‍ട്ട് ദൈവാലയവും അവിടുത്തെ ക്രൂശിതരൂപവും മാതാവിന്റെ ഗ്രോട്ടോയും തിരുസ്വരൂപവും പരസ്യമായിട്ടായിരുന്നു അടിച്ചുതകര്‍ത്തത്. പള്ളിമേട, എസ്എബിഎസ് കോണ്‍വെന്റ്, വിശ്വദീപ്തി സ്‌കൂള്‍ എന്നിവയ്ക്കുനേരെയും ആക്രമണം നടന്നു. യഥാര്‍ത്ഥത്തില്‍ പുറത്തേക്ക് എത്തിയത് ദൈവാലയ ആക്രമണം മാത്രമായിരുന്നു. ഗ്രാമങ്ങളില്‍ നടന്ന കൊടുംപീഡനങ്ങളിലധികവും പുറത്തേക്ക് എത്തിയിരുന്നില്ല. 2022 ഒക്‌ടോബര്‍ മാസം മുതല്‍ ക്രൈസ്തവര്‍ക്കുനേരെ ഉണ്ടായ 86 അക്രമ സംഭവങ്ങളില്‍ പരാതി നല്‍കിയെങ്കിലും ഒരു കേസില്‍പ്പോലും ഇതുവരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഘപരിവാറിന്റെ പിന്തുണയുള്ള തീവ്രവര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകളുടെ നിയന്ത്രണത്തിലേക്ക് ക്രമസമാധാനപാലനം എത്തിയ അവസ്ഥയിലാണ് കാര്യങ്ങള്‍. ഈ വര്‍ഷം നടക്കാന്‍പോകുന്ന ഛത്തീസ്ഘട്ട് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. നാരായണ്‍പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്നത്. വികസനത്തിന്റെ വെള്ളിവെളിച്ചം എത്താത്ത ആദിവാസി മേഖലയാണ് ഈ പ്രദേശം. സര്‍ക്കാര്‍ രേഖകളില്‍ ഇല്ലാത്ത 300-ഓളം ഗ്രാമങ്ങള്‍ ഇവിടുത്തെ കൊടുംവനങ്ങളില്‍ ഉണ്ട്.

കൊണ്ടോഗാണ്‍ വില്ലേജിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ക്രൈസ്തവര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. അവിടെനിന്നും 15-20 കിലോമീറ്റര്‍ അകലെ മിഷനറിമാര്‍ താമസിക്കുന്ന വീടുകളില്‍ അഭയംതേടിയിരിക്കുകയാണ്. തിരിച്ചുപോകാന്‍ ഇടമില്ല. ക്രിസ്തുവിനെ ഉപേക്ഷിച്ചുവരുകയാണെങ്കില്‍ മാത്രം ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാമെന്നാണ് തീവ്രഹിന്ദുത്വസംഘടനകളുടെ നിലപാട്. തെമറുഗ്രാവു ഗ്രാമത്തിലെ പൂജാരിപ്പാറയില്‍ ഡിസംബര്‍ 18ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍, ചര്‍ച്ചക്കാണെന്നു പറഞ്ഞ് ക്രൈസ്തവരെ വിളിച്ചുകൊണ്ടുപോയാണ് മര്‍ദിച്ചത്. ശേഷം 63 പേരെ ഗ്രാമത്തില്‍നിന്ന് ഇറക്കിവിട്ടു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അതിക്രമങ്ങള്‍.

ക്രൈസ്തവര്‍ക്ക് ജോലി നല്‍കരുത്

മിഷനറിമാര്‍ ടെന്റുകെട്ടിയാണ് അവരെ താമസിപ്പിച്ചത്. തുടര്‍ന്ന് സംരക്ഷണം വാദ്ഗാനം ചെയ്ത് ഗ്രാമങ്ങളിലേക്ക് തിരികെ പോകാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍, അവരെ ഗ്രാമത്തില്‍ പ്രവേശിക്കാന്‍ തീവ്രവര്‍ഗീയ സംഘടനകള്‍ അനുവദിച്ചില്ല. തിരികെ വന്നപ്പോള്‍ ടെന്റുകള്‍ പൊളിച്ചുനീക്കി പാസ്റ്ററെ അറസ്റ്റുചെയ്തിരുന്നു. കാരണം എന്താണെന്ന് ആര്‍ക്കും അറിയില്ല. എല്ലാ ക്രിസ്തീയ സഭാവിഭാഗങ്ങളും ഒരുമിച്ചാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൊടുംതണുപ്പില്‍ ഗ്രൗണ്ടില്‍ ചാക്ക് പുതച്ചുകിടക്കുന്നവരെ ഞങ്ങള്‍ നേരില്‍കണ്ടു. ഒരുനേരം ഭക്ഷണം കഴിച്ചാണ് പലരും ജീവിക്കുന്നത്.

ബഡാകോണ്‍ ഗ്രാമത്തില്‍ ക്രൈസ്തവര്‍ക്ക് നേരിടേണ്ടിവന്നത് ഭീകരമര്‍ദ്ദനമുറകളായിരുന്നു. ജോലിക്കു പോകാനോ കൃഷിയിറക്കാനോ ഇപ്പോള്‍ പറ്റുന്നില്ല. ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി അഞ്ച് ദൈവാലയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. അവിടേക്ക് വിശ്വാസികളെ പ്രവേശിപ്പിക്കില്ല. നിയമസഹായത്തിന് ആരുമില്ല. ഗ്രാമത്തില്‍ നിക്കോണ്‍ എന്ന കമ്പനിയില്‍ വിദ്യാസമ്പന്നരായ 80 ഓളം ക്രൈസ്തവ യുവാക്കള്‍ ജോലിചെയ്യുന്നുണ്ട്. 30,000-40,000 രൂപ ശമ്പളം ലഭിക്കുന്നവരാണവര്‍. സംഘപരിവാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വ ആദിവാസി മഞ്ച് എന്ന സംഘടന കമ്പനിക്ക് ഒരു നോട്ടീസ് നല്‍കിയിരിക്കുകയാണ്. അവിടെ ജോലിചെയ്യുന്ന ക്രൈസ്തവരെ പുറത്താക്കണമെന്നാണ് ആവശ്യം. അവരുടെ അനുമതി ഇല്ലാതെ ആ സ്ഥാപനത്തില്‍ ഇനി ആരെയും ജോലിക്ക് പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.

ആരോപണങ്ങളുടെ മറവില്‍ ഘര്‍വാപ്പസി

അക്രമങ്ങളുടെ കാരണം മതപരിവര്‍ത്തനമാണെന്ന വിധത്തില്‍ വ്യാപകമായ പ്രചാരണം നടന്നിരുന്നു. മതപരിവര്‍ത്തനത്തിന്റെ പേരില്‍ നാരായണ്‍പൂരില്‍ മിഷനറിമാരുടെ പേരില്‍ കേസുകളൊന്നുമില്ല. ആദിവാസികള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുമതത്തില്‍പ്പെട്ടവരല്ല. തങ്ങളുടേതായ പ്രത്യേക വിശ്വാസ രീതികളാണ് അവര്‍ പുലര്‍ത്തുന്നത്. ഘര്‍വാപസി എന്ന പേരില്‍ അനേകം ക്രൈസ്തവ വിശ്വാസികളെ ബലപ്രയോഗത്തിലൂടെ ഹിന്ദുമതത്തിലേക്ക് മാറ്റിക്കഴിഞ്ഞു. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ വഴി സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മദ്യപാനം, ചൂതാട്ടം, കോഴിപ്പോര് തുടങ്ങിയ സാമൂഹ്യതിന്മകളുടെ പിടിയിലാണ് ആദിവാസി സമൂഹം. അവര്‍ക്ക് ലഭിക്കുന്ന വരുമാനം മുഴുവന്‍ ഇതിനായി ചെലവഴിക്കും.

എന്നാല്‍, ക്രൈസ്തവര്‍ ഇവയില്‍നിന്ന് എല്ലാം മാറിനടക്കുകയാണ്. പുതിയ തലമുറ വിദ്യാഭ്യാസം നേടിത്തുടങ്ങി. തത്ഫലമായി അവര്‍ക്ക് മോശമല്ലാത്ത വീടുകളായി. കൃഷിയില്‍ അഭിവൃദ്ധി പ്രാപിച്ചു. എല്ലാ മേഖലകളിലും അവര്‍ ഉന്നതിപ്രാപിച്ചുവരുന്നു. നാരായണ്‍പൂരിന്റെ പല ഭാഗങ്ങളിലും ഇരുമ്പയിരിന്റെ ശേഖരമുണ്ട്. ഖനികള്‍ക്കായി ആദിവാസിഭൂമി പലവവിധത്തില്‍ മാഫിയകള്‍ കൈക്കലാക്കും. വിദ്യാഭ്യാസം നേടിയ ക്രൈസ്തവര്‍ കുടിയൊഴിപ്പിക്കല്‍ നീക്കങ്ങളെ എതിര്‍ക്കാന്‍ തുടങ്ങി. ഇവിടെനിന്നും ക്രൈസ്തവരെ ഓടിക്കാന്‍ ശ്രമിക്കുന്നത് അവരുടെ ഭൂമിയില്‍ കണ്ണുവച്ചാണ്. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളാണ് അക്രമങ്ങളുടെ പിന്നില്‍. ഗ്രാമീണര്‍ എന്നും അടിമകളെപ്പോലെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ജന്മിമാരാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ജഗദല്‍പ്പൂര്‍ ക്രൈസ്തവ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന തീവ്രഹിന്ദുത്വ സംഘടനകളുടെ പിന്‍ബലം അവര്‍ക്കുണ്ട്.
എല്ലാം നഷ്ടപ്പെട്ടിട്ടും വിശ്വാസത്തെ ഹൃദയത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന വിശ്വാസവീരന്മാരെയാണ് ഞങ്ങള്‍ക്ക് എവിടെയും കാണാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസം, സമ്പത്ത് തുടങ്ങിയ മേഖലകളില്‍ എല്ലാം അവര്‍ പിന്നിലാണ്. എന്നാല്‍, വിശ്വാസത്തില്‍ ഇപ്പോഴും വളരെ മുമ്പിലാണ്.

അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കൽ

നാരായണ്‍പൂരിലെ സ്ഥിതി ദയനീയം ക്രൈസ്തവര്‍ക്ക് വില ആയിരം രൂപ – sundayshalom https://sundayshalom.com/archives/71836#.Y8fmGm0f6E0.whatsapp