മനാഗ്വെ. രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ സന്നദ്ധ സംഘടനയായ കാരിത്താസിനും രണ്ട് പ്രമുഖ ക്രിസ്ത്യൻ സർവ്വകലാശാലകൾക്കും വിലക്കേർപ്പെടുത്തി നിക്കരാഗ്വെ ഭരണകൂടം. ഡാനിയൽ ഓർത്തേഗാ നേതൃത്വം നൽകുന്ന ഏകാധിപത്യ ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത്.
മനാഗ്വേയിലെ ജോൺപോൾ രണ്ടാമൻ സർവ്വകലാശാലയും ലിയോൺ നഗരത്തിലെ ക്രിസ്ത്യൻ യൂണിവേഴ്സിറ്റി ഓഫ് സർവ്വകലാശാലയും ആണ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടത്. ലാ ഗസറ്റ ദിനപത്രമാണ് ഇക്കാര്യം സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇരു സർവകലാശാലകളുടെയും കൈവശമുള്ള ഭൂമി പിടിച്ചെടുക്കുവാൻ അധികാരികൾ ഉത്തരവിട്ടു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ കാരിത്താസ് സ്വയം പിരിച്ചുവിടുകയായിരുന്നു എന്നാണ് ഭരണകൂടം പറയുന്നത്.
ദരിദ്രരായ നിരവധി ആളുകളുടെ ആശ്രയമായിരുന്നു കാരിത്താസ്. 2019 മുതൽ ഡാനിയൽ കൂട്ടാളികളും ക്രിസ്ത്യൻ സഭയെ അടിച്ചമർത്താൻ ശ്രമം നടത്തി വരുന്നു. ക്രൈസ്തവ സംഘടനകളില്‍ പ്രവർത്തിക്കുന്ന നിരവധി പേരെ നാടുകടത്തുകയോ തടവിലാക്കുകയും ചെയ്തിട്ടുണ്ട്. മദർ തെരേസ സ്ഥാപിച്ച മിഷണറിസ് ഓഫ് ചാരിറ്റി സമൂഹങ്ങൾ ആയ കന്യാസ്ത്രീകളെ കഴിഞ്ഞ വർഷമാണ് ഭരണകൂടം പുറത്താക്കിയത്. ക്രൈസ്തവ മാധ്യമപ്രവർത്തകർ ഉൾപ്പെടെ ഇരുന്നൂറോളം പേരെ നാടുകടത്തിയിട്ടുണ്ടെന്ന് പ്രമുഖ മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു.