സഹായം സ്വീകരിക്കുന്ന കുട്ടികളുടെ ചിത്രം പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി
വനിത ശിശു വികസന വകുപ്പാണ് ഉത്തരവ് ഇട്ടത്
എറണാകുളം. പഠനസഹായവും പഠനോപകരണങ്ങളും വിതരണം നടത്തുമ്പോൾ അവ സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായത്തിന് വനിതാ ശിശുവികസന വകുപ്പ് വിലകേർപ്പെടുത്തി. ഇത് സംബന്ധിച്ച് സന്നദ്ധ സംഘടനകൾക്കും സ്വകാര്യ വ്യക്തികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നിർദ്ദേശം നൽകി.
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സഹായവിതരണം നടത്തുന്നത് പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ ആത്മാഭിമാനവും സ്വകാര്യതയും സാമൂഹിക ജീവിതവും കണക്കിലെടുത്ത് ബാലനീതി നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ കളക്ടർമാരും ശിശുസംരക്ഷണ ഉദ്യോഗസ്ഥരും ഇത്തരത്തിലുള്ള പ്രചാരണം നിരീക്ഷിക്കും. പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് രാഷ്ട്രീയ സന്നദ്ധ സംഘടനകൾ വഴിയോ മറ്റു വഴികളിലൂടെയോ സാമ്പത്തിക സഹായവും പഠനോപകരണങ്ങളും നൽകുമ്പോൾ അവയുടെ ഫോട്ടോ ഒഴിവാക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ രണ്ടുവർഷം മുമ്പ് നിർദ്ദേശിച്ചിരുന്നു. അതിനുശേഷം നിശ്ചിത വകുപ്പ് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഉത്തരവിറക്കിയത്.