Ultimate magazine theme for WordPress.

സൂക്ഷിക്കാം നിയോഗങ്ങള്‍

റ്റോമി ഫിലിപ്പ്

58

ക്ഷണികമായ ജീവിതത്തിന്റെ ഏടുകളില്‍ പിന്നിട്ട അനുഭവങ്ങളും ഒപ്പം ഒരു സമയത്തേക്ക് നമുക്കായി കരുതിയിരിക്കുന്ന ആയുസ്സിന്റെ ശേഷിപ്പുമായി നില്‍ക്കുന്നവരാണ് നാമോരോരുത്തരും. ഇതിനിടയില്‍ നമുക്ക് ലഭിക്കുന്ന ഉത്തരവാദിത്തങ്ങള്‍, നിയോഗങ്ങള്‍, സ്ഥാനങ്ങള്‍, പദവികള്‍ ഒക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇത് കഴിവുകളും സമ്പത്തും സമയവും താലന്തുകളും കൈകാര്യം ചെയ്യുന്ന കാര്യത്തിലും വേണമെന്നത് ഓര്‍ക്കണം. ഇവിടെ നാം നിരത്തിയ പട്ടികകളില്‍ പലതും ഉപയോഗിക്കേണ്ടുന്നതുപോലെ ഉപയോഗിക്കാതെ വന്നതുകൊണ്ട് സംഭവിച്ച വീഴ്ചകള്‍ ഉണ്ടാക്കിയ വേദനകളുമായി ജീവിത സായാഹ്‌നം കഴിക്കുന്ന പലരും ഉണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംതൃപ്തിയോടെ ജീവിതത്തില്‍ കഴിയുന്നവരും ധാരാളമുണ്ട്. പലപ്പോഴും വിശ്വസ്തതയോടെയും സത്യസന്ധതയോടെയും ജീവിതവഴിയില്‍ മുന്നോട്ടു വന്നവര്‍ത്ത് ഒട്ടേറെ കഷ്ടതയുടെയും കഠിനമായ ശോധനകളുടെയും ഒക്കെ കഥകള്‍ പറയാനുണ്ടാകും. എന്നാല്‍ പിന്നിടുന്ന കനല്‍വഴികള്‍ നടന്നു കയറുവാന്‍ പ്രയാസമായി തോന്നാം. എന്നാലും സംതൃപ്തിയുടെയും സമാധാനത്തിന്റെയും ഒക്കെ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്താന്‍ ജീവിതത്തില്‍ അവസരമുണ്ടാകും.
ഇവിടെ നാം പറഞ്ഞ പട്ടിക ആത്മീക ജീവിതത്തിലും ബാധകമാണ്. ഇത്തരം ദൈവനിയോഗങ്ങളില്‍ വന്ന പരാജയം കൊണ്ട് ജീവിതസായാഹ്നം വളരെ ദുഖത്തോടെ അവസാനിപ്പിക്കേണ്ടതായി വന്ന പലരും വേദപുസ്തകത്തിലുണ്ട്. അതേ സമയം ജീവിതാരംഭം കഠിനമായ ശോധനകളുടെയും വേദനകളുടെയും വെല്ലുവിളികളുടെയുമൊക്കെ ആയിരുന്നപ്പോള്‍ തന്നെ ജീവിതാവസാനത്തില്‍ വളരെ സമാധാനത്തോടെ ദൈവീക നിയോഗങ്ങള്‍ നിര്‍വഹിച്ചു എന്ന സംതൃപ്തിയോടെ കടന്നുപോയവരുമുണ്ട്. ദൈവനിയോഗത്തിന്റെ കാര്യത്തില്‍ തുല്യമായ അവസരങ്ങള്‍ ലഭിച്ച രണ്ടു വ്യക്തികളാണ് ഇസ്രായേലിന്റെ ഒന്നാം രാജാവായ ശൗലും രണ്ടാമത് ആ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ദാവീദും. ഒന്നാം രാജാവായ ശൗല്‍ ദൈവനിയോഗം ഏറ്റെടുത്തെങ്കിലും അത് കൈകാര്യം ചെയ്യാന്‍ പല ഇടങ്ങളിലും പരാജയപ്പെട്ടു എന്ന് നാം കാണുന്നു. ദൈവത്തിന്റെ ആലോചന ഗൗരവമായി കാണാതെ അനുസരണക്കേട് കാണിച്ചപ്പോള്‍ വിശ്വസ്തമായി ദൈവനിയോഗങ്ങള്‍ നിര്‍വഹിക്കുവാന്‍ ഒരാളെ ദൈവം ഒരുക്കുകയാണ് ചെയ്തത്.

ശൗല്‍ തന്റെ പദവിയില്‍ തനിക്കു ലഭിച്ച അഭിഷേകം ഗൗരവത്തോടെ കാണാതെ അനുസരണക്കേട് കാണിച്ചത് നിമിത്തം അഭിഷേകം നഷ്ടപ്പെടുകയായിരുന്നു. കാട്ടില്‍ ആടുകളെ മേയിച്ചു കൊണ്ടിരുന്ന ബാലകനായ ദാവീദിനെ ദൈവം ആ സ്ഥാനത്തേക്ക് കണ്ടു. അതിലേറെ ദുഖകരമായ മറ്റൊരു സത്യം അഭിഷേകം നഷ്ടപ്പെട്ട ശൗലിന്റെ മേല്‍ പകരം ദുരാത്മാവ് വന്നു എന്ന വസ്തുതയാണ്. 1 ശമുവേല്‍ 18:10 പിറ്റെന്നാള്‍ ദൈവത്തിന്റെ പക്കല്‍ നിന്നുള്ള ദുരാത്മാവ് ശൗലിന്മേല്‍ വന്നു; അവന്‍ അരമനക്കകത്ത് ഉറഞ്ഞുപറഞ്ഞു. ദാവീദോ പതിവു പോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു. ശൗലിന്റെ കയ്യില്‍ ഒരു കുന്തം ഉണ്ടായിരുന്നു. നല്ല ആത്മാവ് നഷ്ടപ്പെട്ടാല്‍ ആ ഇടം സ്വീകരിക്കാന്‍ ദുരാത്മാവിന് തടസ്സമില്ലല്ലോ. ദൈവീക നിയോഗം ഉണ്ടായിരുന്ന ശൗല്‍ ഒന്നുമല്ലാത്ത, തന്റെ ആജ്ഞാനുവര്‍ത്തിയായ ബാലകനായ ദാവീദിനോട് കോപിക്കുന്നു. കണ്ണുകടി തോന്നുന്നു. പോരാത്തതിന് ദാവീദിനെ കൊല്ലാനും താത്പര്യപ്പെടുന്നു. മറിച്ച് ദാവീദ് ദൈവത്തിന് കിന്നരത്തോടെ പാടുന്നതും ദൈവത്തിന്റെ നിയോഗം ഒരു വീഴ്ചയും കൂടാതെ നിറവേറ്റുന്നതിനും ഉത്സാഹത്തോടെ മുന്നോട്ടു പോകുന്നു. ദാവീദിന്റെ ജീവിതത്തില്‍ ഒട്ടേറെ കഷ്ടതകള്‍ പിന്നിടേണ്ടി വന്നെങ്കിലും തന്റെ ഒടുക്കം ദൈവഹിതപ്രകാരമായിരുന്നു. ജീവിതത്തിന്റെ ഏതു ഘട്ടത്തിലാണ് ഇന്ന് ആയിരിക്കുന്നതെങ്കിലും ദൈവനിയോഗങ്ങള്‍ക്ക്, ദൈവീക അഭിഷേകത്തിന്, ദൈവം ഏല്‍പ്പിച്ച ഏതൊരു കാര്യത്തിനും ഗൗരവമായ വില കല്‍പ്പിച്ചുകൊണ്ട് മുന്നോട്ടു പോയില്ലെങ്കില്‍ വരാന്‍ സാധ്യതയുള്ള അപകടമാണ് ഇവിടെ കണ്ടത്. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഇരിപ്പിടമായി മനസ്സുകള്‍ കോപത്തിനും അസൂയയ്ക്കും പകയ്ക്കുമൊക്കെ വിട്ടു നല്‍കാന്‍ ഇടയാകാതെ കാക്കേണ്ടതിന്റെ ആവശ്യകത നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ദൈവം അതിനായി എല്ലാവരെയും സഹായിക്കട്ടെ.