തിരുവനന്തപുരം. സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു. ഇത് എല്ലാ മതവിഭാഗങ്ങൾക്കും തിരിച്ചടിയാകുന്ന ഉത്തരവാണ്.
മലപ്പുറം ജില്ലയിൽ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നിർമ്മിച്ച വാണിജ്യ കെട്ടിടം ആരാധനാലയം ആക്കി മാറ്റുന്നതിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം.
ആരാധനാലയമാക്കി മാറ്റാൻ അനുമതി തേടിയ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ ആറ് ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ എന്തിനാണ് ഈ കെട്ടിടം കൂടി ആരാധനാലയം ആക്കി മാറ്റുന്നത് എന്ന് കോടതി ചോദിച്ചു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ആരാധനാലയങ്ങൾ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകി അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനകൾ തമ്മിലുള്ള അകലം മാനദണ്ഡം ആക്കണം. വ്യാപാര ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടങ്ങളിൽ ആരാധനകൾ നടത്തുന്നത് അനുവദിക്കില്ല. നിയമപ്രകാരം അനുമതി ലഭിച്ചിട്ടില്ലാത്ത നിരവധി ആരാധനാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടേണ്ടി വന്നേക്കാം. വ്യാപാര ആവശ്യത്തിനായി നിർമ്മിച്ച കെട്ടിടങ്ങൾ ആരാധനാലയങ്ങൾ ആക്കി മാറ്റുന്നത് തടഞ്ഞുകൊണ്ട് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.