നിർമ്മാണം കഴിഞ്ഞ് ആറുമാസത്തിനുള്ളിൽ റോഡ് തകർന്നാൽ കേസെടുക്കാൻ വിജിലൻസ്
തിരുവനന്തപുരം. നിർമ്മാണം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ റോഡിന് തകർച്ച സംഭവിച്ചാൽ കേസെടുക്കാൻ വിജിലൻസ്. എൻജിനീയർമാർക്കും എതിരെയാണ് കേസെടുക്കുക. ഹൈക്കോടതിയുടെ നിർദേശപ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
സംസ്ഥാനത്ത് തകർന്ന റോഡുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെട്ടത്. ഉത്തരമനുസരിച്ച് നിർമ്മാണം പൂർത്തീകരിച്ച് ആറുമാസത്തിനുള്ളിൽ റോഡ് തകരുകയോ കുഴികൾ രൂപപ്പെടുകയോ ചെയ്താൽ കരാറുകാർക്കെതിരെയും എൻജിനീയർക്കെതിരെയും വിജിലൻസ് കേസെടുക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
റോഡ് തകരുന്നത് ഒരു വർഷത്തിനുള്ളിൽ ആണെങ്കിൽ കരാറുകാർക്കെതിരെ അന്വേഷണം നടത്തി മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ മറ്റെന്തെങ്കിലും കാരണത്താലോ പ്രകൃതിക്ഷോഭ റോഡ് തകർന്നെങ്കിൽ എൻജിനീയറോ കരാറുകാരോ ഉത്തരവാദികൾ ആയിരിക്കില്ല. ഇക്കാര്യത്തിൽ കളക്ടറുടെ റിപ്പോർട്ട് അനുസരിച്ചായിരിക്കും നടപടി എടുക്കുന്നത്