Ultimate magazine theme for WordPress.

വിസ്റ്റാഡോം കോച്ചില്‍ യാത്ര ചെയ്യാം… ഐആര്‍സിടിസി സൈറ്റില്‍ സീറ്റ് ബുക്ക് ചെയ്യേണ്ടതിങ്ങനെ

27

ഇന്ത്യയിലെ ട്രെയിന്‍ യാത്രകളുടെ പൂര്‍ണ്ണതയെന്നത് ഇപ്പോള്‍ വിസ്റ്റാഡോം കോച്ചിലുള്ള യാത്രകളായി മാറിയിട്ടുണ്ട്. ചെറിയ ജനാലയിലൂടെയും വാതില്‍പ്പടിയിലൂടെയും മാത്രം കണ്ടിരുന്ന യാത്രാക്കാഴ്ചകള്‍ ഗ്ലാസ് ജനാലകളിലൂടെ, കയ്യെത്തുംദൂരത്തിലെന്ന പോലെ കാണുന്ന അനുഭവമാണ് വിസ്റ്റാഡോം കോച്ചുകള്‍ നല്കുന്നത്.
ദൂത്സാഗര്‍ വെള്ളച്ചാട്ടവും അരാക് വാലിയുടെ കാഴ്ചകളും പശ്ചിമഘട്ടവും ഹിമാലയക്കാഴ്ചകളും സഹ്യാദ്രിയുമെല്ലാം കാണിച്ചുതരുന്ന വിസ്റ്റാഡോം കോച്ചില്‍ യാത്ര ചെയ്യുന്നതാണ് ട്രെയിന്‍ യാത്രകളിലെ പുതിയ ആനന്ദം.
കല്‍ക്ക-ഷിംല റെയില്‍പാതയിലൂടെയും മുംബൈ-ഗോവ റൂട്ടിലൂടെയും ബാംഗ്ലൂര്‍-മംഗലാപുരം പാതയിലൂടെയുമെല്ലാം വിസ്റ്റാഡോം കോച്ചില്‍ പോകുന്നത് ആലോചിച്ചാല്‍ മാത്രം മതി കൂടുതല്‍ ചിന്തിക്കാതെ അടുത്ത ഒരു യാത്രയെങ്കിലും വിസ്റ്റാഡോ കോച്ചില്‍ ചെയ്യുവാന്‍!
എന്നാല്‍, ഇപ്പോഴും എങ്ങനെയാണ് വിസ്റ്റാഡോെ യാത്രകള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്ന സംശയമുണ്ടോ?
വിസ്റ്റാഡോം കോച്ചുകൾക്കായി റിസര്‍വ്വ് ചെയ്യുവാനായി ഐആർസിടിസി വെബ്‌സൈറ്റിലോ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആപ്പിലോ ബുക്ക് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം…

മികച്ച കാഴ്ചാനുഭവം

പുറത്തെ കാഴ്ചകള്‍ ഏറ്റവുംമികച്ച രീതിയില്‍ ഗ്ലാസ് ജനാലകളിലൂടെ ആസ്വദിക്കുവാന്‍ സാധിക്കും എന്നതാണ് വിസ്റ്റാഡോം കോച്ചുകളുടെ പ്രത്യേകത. വലിയ ജാനലകളാണ് ഈ കോച്ചിനുള്ളത്. ഒരൊറ്റ കാഴ്ചകള്‍ പോലും വിട്ടുപോകാതെ യാത്രയെ മുഴുവന്‍ ആസ്വദിച്ചു പോകുവാന്‍ ഈ കോച്ചിലുള്ള യാത്ര സഹായിക്കും

ഏറ്റവും മികച്ച സൗകര്യങ്ങള്‍

വളരെ മികച്ചതും ആധുനികവുമായ സൗകര്യങ്ങളാണ് ഇന്ത്യന്‍ റെയില്‍വേ വിസ്റ്റാഡോം കോച്ചുകളില്‍ ഒരുക്കിയിരിക്കുന്നത്.
വിശാലമായ ജാലകങ്ങൾ, ഒരറ്റത്ത് നിരീക്ഷണ ജാലകം, നിയന്ത്രിത ഓപലെസെൻസുള്ള ഗ്ലാസ് ലുക്കൗട്ടുള്ള മേൽക്കൂര, കറക്കാവുന്ന സീറ്റുകൾ, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് സ്ലൈഡിംഗ് ഡോറുകൾ, മിനി കലവറ, വിശാലമായ വാതിൽ മുതലായവ ഉൾപ്പെടുന്ന സൗകര്യങ്ങൾ മതിയായതാണ്.
സ്റ്റാൻഡേർഡ് സുരക്ഷാ ക്രമീകരണങ്ങൾ കൂടാതെ, വിസ്റ്റാഡോം കോച്ചുകളിൽ ഉപയോഗിക്കുന്ന ഗ്ലാസില്‍ യാത്രക്കാരുടെ അധിക സുരക്ഷയ്ക്കായി ഒരു ഫിലിം കോട്ടിംഗ് ഉപയോഗിച്ചി‌ട്ടുണ്ട്.

തീരുന്നില്ല പ്രത്യേകതകള്‍

വിശാലമായ ജനൽപ്പാളികളും സ്വിച്ചുചെയ്യാവുന്ന ഗ്ലാസിന്റെ മേൽക്കൂരയും ഒരു സ്വിച്ച് ക്ലിക്കിലൂടെ സുതാര്യമോ അർദ്ധസുതാര്യമോ ആകുന്നത്, യാത്രക്കാർക്ക് തടസ്സമില്ലാത്ത കാഴ്ച-കാണാൻ അനുവദിക്കുന്നതിന് ഒരു പ്രത്യേക ഗ്ലാസ് നിരീക്ഷണ ലോഞ്ച് എന്നിങ്ങവെ പ്രത്യേകതകള്‍ ധാരാളമുണ്ട്.
എല്‍ഇഡി വിളക്കുകൾ,തിരിയാവുന്ന സീറ്റുകളും പുഷ്ബാക്ക് കസേരകളും,ജിപിഎസ് അടിസ്ഥാനമാക്കിയുള്ള വിവര സംവിധാനം,
ഒന്നിലധികം ടെലിവിഷൻ സ്ക്രീനുകൾ, ഓട്ടോമാറ്റിക് സ്ലൈഡിംഗ് കമ്പാർട്ട്മെന്റ് വാതിലുകൾ, സെറാമിക് ടൈൽ ഫ്ലോറിംഗ് ഉള്ള ടോയ്‌ലറ്റുകളും എല്ലാ ഫിറ്റിംഗുകളുമുള്ള ഭിത്തിയും ഇതിന്റെ പ്രത്യേകതയാണ്.

 

33 ട്രെയിനുകളില്‍

2018-ൽ മുംബൈ-മഡ്ഗാവ് ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിൽ ആണ് ഇന്ത്യയില്‍ ആദ്യമായി വിസ്റ്റാഡോം കോച്ചുകൾ അവതരിപ്പിച്ചത്. അവയുടെ വൻ ജനപ്രീതി കാരണം മുംബൈ-പൂനെ ഡെക്കാൻ എക്‌സ്പ്രസ് ട്രെയിനിൽ ഈ കോച്ചുകൾ അവതരിപ്പിച്ചു. 26 ജൂൺ 2021 മുതൽ ആയിരുന്നു ഇത്. ഏറ്റവും ഒ‌ടുവിലായി പൂനെയ്ക്കും മുംബൈയ്ക്കും ഇടയിൽ ഓടുന്ന പ്രതിദിന ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനായ പൂനെ-മുംബൈ-പൂനെ പ്രഗതി എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് ഘ‌ടിപ്പിച്ചിരിക്കുന്നത്.
ഇതുവരെ 33 വിസ്റ്റാഡോം കോച്ചുകൾ വിവിധ ജോഡി ട്രെയിനുകളിൽ ഘടിപ്പിച്ചിട്ടുണ്ട്.

 

ഐആര്‍സി‌ടിസി വഴി വിസ്റ്റാഡോം കോച്ച് ബുക്ക് ചെയ്യുവാന്‍

* ഐആര്‍സി‌ടിസി വെബ്സൈറ്റ് വഴി വിസ്റ്റാഡോം കോച്ച് ബുക്ക് ചെയ്യുവാന്‍ ആദ്യം ഐആര്‍സി‌ടിസി സൈറ്റ് ആയ irctc.co.in സന്ദര്‍ശിക്കുക.

* നിങ്ങളു‌ടെ യൂസ്‍ നെയിം, പാസ്വേര്‍ഡ്, ക്യാപ്ചാ എന്നിവ നല്കി അക്കൗണ്ട് ലോഗ്-ഇന്‍ ചെയ്യുക.

* ലോഗ് ഇന്‍ ആയ ശേഷം നിങ്ങള്‍ യാത്ര തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന റെയില്‍വേ സ്റ്റേഷനും ഇറങ്ങുന്ന സ്റ്റേഷനും തിരഞ്ഞെടുക്കുക. യാത്ര ചെയ്യുന്ന തിയതി, കാറ്റഗറി എന്നിവയും ഇക്കൂട്ടത്തില്‍ തിരഞ്ഞെടുക്കാം.

* യാത്രയുടെ ക്സാസ് തിരഞ്ഞെടുക്കുമ്പോള്‍ വിസ്റ്റാഡോം കോച്ചുകൾ ബുക്ക് ചെയ്യാൻ എസി ചെയർ കാർ അല്ലെങ്കിൽ എക്സിക്യൂട്ടീവ് ചെയർ കാർ (AC Chair Car or Executive Chair Car) മാത്രം തിരഞ്ഞെടുക്കുക. മറ്റെല്ലാ ക്ലാസുകളും അൺചെക്ക് ചെയ്യുക

*നിങ്ങൾ ഈ വിശദാംശങ്ങൾ പൂരിപ്പിച്ച് കഴിഞ്ഞാൽ, ട്രെയിൻ ടിക്കറ്റ് നിരക്ക് വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നത് നിങ്ങൾ കാണും

* വിസ്റ്റാഡോം ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ, ലഭ്യത ഓപ്ഷനിൽ നൽകിയിരിക്കുന്ന “ഇപ്പോൾ ബുക്ക് ചെയ്യുക” (Book Now)ബട്ടണിൽ ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ യാത്രക്കാരുടെ വിശദാംശങ്ങൾ, റിവ്യൂ ബുക്കിംഗ്, പേയ്‌മെന്റ് ഓപ്ഷനുകൾ എന്നിവ പ്രദർശിപ്പിക്കും. നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.

വിശദമായി അറിയുവാന്‍

സ്ക്രീനിനു ഏറ്റവും താഴെ ടിക്കറ്റ് നിരക്കു കാണാം. തൊട്ടടുത്തു തന്നെ അതായത് സ്ക്രീനിന്റെ വലതുഭാഗത്ത് പാസഞ്ചര്‍ ഡീറ്റെയില്‍സ് (Passenger Details)ല്‍ ക്സിക്ക് ചെയ്യുക. ഇതില്‍ യാത്രക്കാരുടെ പേര്, വയസ്സ്,ജെന്‍ഡര്‍ തുടങ്ങിയ കാര്യങ്ങള്‍ നല്കി ആഡ് പാസഞ്ചര്‍ (Add Passenger) എന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം റിവ്യൂ ജേര്‍ണി ഡീറ്റെയില്‍സ് (Review Journey Details) എന്ന കോളത്തില്‍ ക്ലിക്ക് ചെയ്യുക. കൊടുത്ത വിവരങ്ങള്‍ എല്ലാം ശരി തന്നെയല്ലെ എന്നുറപ്പു വരുത്തിയ ശേഷം പ്രൊസീഡ് ടു പേ (Proceed to Pay) ക്ലിക്ക് ചെയ്യുക. പേയ്മെന്റ് നടത്തുക. നിങ്ങളുടെ മെയിലിലേക്കും ഫോണിലേക്കും ബുക്ക് ചെയ്ത ടിക്കറ്റിന്‍റെ വിവരങ്ങള്‍ ലഭിക്കും.

ടിക്കറ്റ് നിരക്ക്

ശതാബ്ദി എക്‌സ്‌പ്രസ് ട്രെയിനുകളുടെ എക്‌സിക്യൂട്ടീവ് ക്ലാസിന്റെ അടിസ്ഥാന നിരക്കിന്റെ 1.1 ഇരട്ടിയാണ് വിസ്റ്റാഡോം എസി കോച്ചുകളുടെ അടിസ്ഥാന നിരക്ക്. ഇസി ക്ലാസിന് (Air-Conditioned Executive Class) ബാധകമായ റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് ചാർജ്, (ജിഎസ്ടി തുടങ്ങിയ മറ്റ് നിരക്കുകൾ ഇതില്‍ പ്രത്യേകം ഈടാക്കുന്നതാണ്. വിസ്റ്റാഡോം കോച്ച് നിരക്കിൽ ഇളവില്ല, എല്ലാ യാത്രക്കാർക്കും മുഴുവൻ നിരക്കും ഈടാക്കുന്നു. ചാർജുചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ദൂരം 50 കിലോമീറ്ററാണ്. വിസ്റ്റാഡോം കോച്ചുകളിൽ, സാധാരണ കുട്ടികളുടെ നിരക്ക് നിയമങ്ങൾ ബാധകമാണ്. എക്‌സിക്യൂട്ടീവ് ക്ലാസിന് ബാധകമായ സാധാരണ റദ്ദാക്കലും റീഫണ്ട് നിയമവും വിസ്റ്റാഡോം കോച്ചുകൾക്കും ബാധകമാണ്.